പാമ്പിനെ വാങ്ങിയതും മറ്റും വീട്ടുകാർക്ക് അറിയാം?; അന്വേഷണം സൂരജിന്റെ വീട്ടുകാരിലേക്കും
text_fieldsകൊല്ലം: ഉത്ര വധക്കേസിൽ പ്രതിയായ സൂരജിനെ അഞ്ച് ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വിട്ടുകിട്ടിയതോടെ അന്വേഷണം ബന്ധുക്കളിലേക്കും വ്യാപിപ്പിക്കുന്നു. ഉത്രയെ അപായപ്പെടുത്താനുള്ള പദ്ധതി സൂരജ് ഒറ്റക്ക് തയാറാക്കിയതല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിൽ വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ച് സൂരജ് നൽകിയ മൊഴിയിലും പറയുന്നു. എന്നാൽ ഇതിനുള്ള തെളിവുകൾ പൊലീസ് ശേഖരിക്കുകയാണ്.
പാമ്പിനെ വാങ്ങിയതും മറ്റും വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് സൂരജ് പൊലീസിന് നൽകിയ മൊഴിയിലുണ്ടെന്നാണ് സൂചന. സൂരജിെൻറ സഹോദരി, മാതാവ്, പിതാവ് എന്നിവർക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം വനിത കമീഷൻ നടപടിയെടുത്തിട്ടുണ്ട്. വധക്കേസിൽ പ്രാഥമികഘട്ട അന്വേഷണ സമയത്തുതന്നെ സൂരജിന് നിയമോപദേശം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇയാളുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. സൈബർ സെല്ലിെൻറ സഹായത്തോടെയും മൊഴികളുടെ അടിസ്ഥാനത്തിലും വരുംദിവസങ്ങളിൽ അന്വേഷണം വീട്ടുകാരിലേക്കും വ്യാപിപ്പിക്കുമെന്ന സൂചന അന്വേഷണസംഘം നൽകുന്നു.
ദൃക്സാക്ഷികളില്ലാത്തതും അപൂർവ വധക്കേസായതിനായും ശാസ്ത്രീയ തെളിവുകൾ പരമാവധി ശേഖരിക്കാനും കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാനുമാണ് അന്വേഷണ സംഘത്തിെൻറ ശ്രമം. ജൂൺ നാല് വരെയാണ് സൂരജ് പൊലീസ് കസ്റ്റഡിയിലുള്ളത്. വനംവകുപ്പ് സൂരജിനും സഹായി സുരേഷിനുമെതിരെ എടുത്ത രണ്ട് കേസുകളിൽ തെളിവെടുക്കാൻ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി അപേക്ഷ ഉടൻ സമർപ്പിക്കും. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വനംവകുപ്പ് ഇവർക്കെതിരെ ചാർജ് ചെയ്തിട്ടുള്ളത്.
