മുഖ്യമന്ത്രിയുടെ തീവ്രവാദ പ്രയോഗം; സഭ തിളച്ചു
text_fieldsതിരുവനന്തപുരം: എടത്തലയിലെ െപാലീസ് അതിക്രമവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ തീവ്രവാദ പ്രയോഗം നിയമസഭയെ ഇളക്കിമറിച്ചു. തീവ്രവാദികളെ സഹായിക്കുന്ന ചിലർ സഭയിലുണ്ടെന്നും ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നുമുള്ള പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ മറ്റ് നടപടി പൂർത്തിയാക്കി സഭ പിരിഞ്ഞു.
അൻവർ സാദത്താണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. പൊലീസിേൻറത് വീഴ്ചയാണെന്ന് മറുപടിയിൽ മുഖ്യമന്ത്രി സമ്മതിച്ചു. എന്നാൽ, പൊലീസിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രവാദ സ്വഭാവമുള്ള ചിലർ നടത്തിയ ഇടപെടലാണ് അവിടെ ഉണ്ടായതെന്നും ഇതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോയെന്നും ചോദിച്ചു. തുടർന്ന് അൻവർ സാദത്ത് പ്രസംഗിച്ചു. ഇതിനുശേഷമുള്ള മുഖ്യമന്ത്രിയുടെ പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ബസ് തീവെപ്പ് കേസ് പ്രതികൾ പൊലീസിനെ ആക്രമിക്കാൻ ഉണ്ടായിരുന്നു, അത് ശുദ്ധവാദമല്ല, തീവ്രവാദ സ്വഭാവമാണ്. അതിനെ പ്രോത്സാഹിപ്പിക്കണോ? ഏതാനുംപേർ ചേർന്നാൽ പൊലീസിനെ ൈകയേറ്റംചെയ്യാൻ അധികാരമുണ്ടെന്ന ധാരണ വേണ്ട. തീവ്രവാദികളെ മനസ്സിലാക്കാൻ കഴിയാത്തവർ ഇവിടെയുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ, ആലുവക്കാർ തീവ്രവാദികളല്ലെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തീവ്രവാദികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടുത്തളത്തിലേക്ക് വന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം തുടർന്നു. കേരള സമൂഹത്തിൽ തീവ്രവാദികളുണ്ട്. ചിലർ അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ശരിയായ നിലപാട് സ്വീകരിക്കാൻ മുഖ്യധാരാ രാഷ്ട്രിയ പാർട്ടികൾ മുന്നോട്ട് വരണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒറ്റപ്പെട്ട വ്യക്തികൾ ഇവിടെയുമുണ്ട്. നോമ്പിെൻറ കാര്യം പറഞ്ഞ് അനാവശ്യമായി മതവികാരം ഉയർത്താൻ അൻവർ സാദത്ത് ശ്രമിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. മതസ്പർധ വളർത്താൻ നിയമസഭ വേദിയാക്കി.
സാധാരണക്കാരെ പോലെ പൊലീസ് പെരുമാറിയത് ശരിയായില്ല. പോക്സോ കേസിൽ തെളിവെടുപ്പിന് പോയതിനാലാണ് യൂനിഫോമും പൊലീസ് വാഹനവും ഉപയോഗിക്കാതിരുന്നത്. റോഡിൽ കിടന്ന വാഹനത്തിൽ പൊലീസ് സഞ്ചരിച്ച വാഹനം ഉരസിയപ്പോൾ, ദൂരെയായിരുന്ന ഉസ്മാനെത്തി തർക്കത്തിൽ ഇടപെടുകയായിരുന്നു. ആരാണ് ആദ്യം കൈവെച്ചതെന്ന് പറയുന്നില്ല. തെറ്റായ നടപടി ഉണ്ടായാൽ പൊലീസ് ഇടപെടും -മുഖ്യമന്ത്രി പറഞ്ഞു.
വാഹനത്തിൽ കാർ ഉരസിയപ്പോൾ പൊലീസാണെന്ന് അറിയാതെയാണ് ഉസ്മാൻ പ്രതികരിച്ചതെന്ന് അൻവർ സാദത്ത് പറഞ്ഞു. സസ്പെൻഷനിലായ അഡി. എസ്.െഎ സംഘത്തിലുണ്ടായിരുന്നുവെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
