മന്ത്രിസഭയിലെ രണ്ടാമനെ തെരഞ്ഞ പൊതുഭരണ സെക്രട്ടറിക്ക് സ്ഥാനചലനം
text_fieldsതിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനാരെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഫയല്‍ അയച്ച പൊതുഭരണ സെക്രട്ടറി ഉഷാ ടൈറ്റസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായാണ് ഉഷ ടൈറ്റസിനെ മാറ്റി നിയമിച്ചത്. ഇ.പി. ജയരാജന്‍ രാജിവെച്ച ഒഴിവില്‍ എം.എം. മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും വ്യവസായ-കായിക വകുപ്പുകളുടെ ചുമതല എ.സി. മൊയ്തീന് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിസഭയിലെ രണ്ടാമനെ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ചോദ്യം ഉന്നയിച്ചത്.
പ്രോട്ടോകോള്‍ സംബന്ധിച്ച സംശയ നിവാരണത്തിന്‍െറ ഭാഗമായാണ് ചോദ്യമെന്നായിരുന്നു വിശദീകരണം. ഫയലില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. മന്ത്രിമാരില്‍ രണ്ടാം നമ്പര്‍ ഒൗദ്യോഗികവാഹനം ഉപയോഗിക്കുന്നത് സി.പി.ഐക്കാരനായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും നിയമസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞുള്ള രണ്ടാം സീറ്റില്‍ ഇരിക്കുന്നത് എ.കെ. ബാലനുമാണ്.
ഉഷാ ടൈറ്റസിന് പകരം പൊതുഭരണ വകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറിയായി ഷീലാ തോമസിനെയാണ് മന്ത്രിസഭ നിയമിച്ചത്. വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമീഷന്‍െറ മെംബര്‍ സെക്രട്ടറിയുടെ അധികച്ചുമതലയും ഷീലാ തോമസിനായിരിക്കും. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഷീലാ തോമസ്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധികച്ചുമതല ഇതുവരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസിനായിരുന്നു.
ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് ഏവിയേഷന്‍ വകുപ്പിന്‍െറ അധികച്ചുമതല നല്‍കി. സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയായിരുന്ന എ. ഷാജഹാനെ തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. സാമൂഹികനീതി വകുപ്പിന്‍െറ അധികച്ചുമതല ഭക്ഷ്യ സിവില്‍ സപൈ്ളസ് വകുപ്പ് സെക്രട്ടറി മിനി ആന്‍റണിക്ക് നല്‍കി. സംസ്ഥാന സഹകരണ ബാങ്ക് എം.ഡിയായി സുരേഷ് ബാബുവിനെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
