ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി; പുറത്തെടുത്ത കത്രിക പൊലീസിന് കൈമാറി
text_fieldsകൊച്ചി: വണ്ടാനം മെഡിക്കൽ കോളജിൽ വെച്ച് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഉഷയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് പുറത്തെടുത്തത്. പുറത്തെടുത്ത കത്രിക ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിന് കൈമാറി.
അമൃത ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം എറണാകുളം മെഡിക്കൽ കോളെജിലെ ഡോക്ടർമാരും ശസ്ത്രക്രിയയയിൽ പങ്കെടുത്തു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ശസ്ത്രക്രിയ തീരുമാനിച്ചത്.
ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. പുന്നപ്ര സ്വദേശിക്കാണ് ശസ്ത്രക്രിയയിലെ വീഴ്ച കാരണം ദുരിതം അനുഭവിക്കേണ്ടി വന്നത്. അഞ്ച് വർഷം മുമ്പ് ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായ ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങുകയായിരുന്നു. കെ.സി. വേണുഗോപാൽ ഇടപെട്ടാണ് ഉഷയെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, ശസ്ത്രിക്രിയക്ക് വിധേയയായ 59കാരിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
അതിനിടെ, ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ നടപടിയുമായി ആരോഗ്യ വകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയെയും നഴ്സ് പി.എസ്. ധന്യയെയും ആരോഗ്യ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.
2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന്റെ വയറ്റിൽ നിന്നും മുഴനീക്കാനുള്ള ശസ്ത്രക്രിയ നടക്കുന്നത്.ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

