തിരുവനന്തപുരം: അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവിതം നൽകി ഉഷാ ബോബൻ യാത്രയായി. ഓച്ചിറ ചങ്ങൻകുളങ്ങര ഉഷസിൽ ഉഷയുടെ കരളും വൃക്കകളും നേത്രപടലങ്ങളുമാണ് അഞ്ചുപേർക്ക് നൽകിയത്. നവംബർ മൂന്നിന് ഭർത്താവ് ബോബനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ ടിപ്പറിടിച്ച ഉഷയുടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് തയാറായി.
മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12ാമത്തെ അവയവദാനമാണിത്. ബന്ധുക്കളെ ആരോഗ്യമന്ത്രി വീണ ജോർജ് ആദരമറിയിച്ചു. കിംസിലെ സീനിയർ ട്രാൻസ്പ്ലാൻറ് കോഓഡിനേറ്റർ ഡോ. പ്രവീൺ മുരളീധരൻ, ഡോ. മുരളീകൃഷ്ണൻ, ഷബീർ എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീേട്ടാടെ ശസ്ത്രക്രിയ ആരംഭിച്ചു. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകിയത്.
മെഡിക്കൽ കോളജിൽ യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ, ഡോ. ഉഷ എന്നിവരുടെ നേതൃത്വത്തിൽ വൃക്ക മാറ്റിെവച്ചു. മൃതസഞ്ജീവനിയുടെ അമരക്കാരായ ഡി.എം.ഇ ഡോ. റംലാബീവി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവരുടെ ഏകോപനത്തിലൂടെ രാത്രി വൈകി അവയവദാന പ്രക്രിയ പൂർത്തീകരിച്ചു.