കഞ്ചാവും മെത്താഫെറ്റമിനും ഉപയോഗിച്ചു; 12 ദിവസം ലഹരിവിമുക്തി കേന്ദ്രത്തിൽ ചികിത്സ തേടി, ഷൈനിന്റെ നിർണായക മൊഴി പുറത്ത്
text_fieldsകൊച്ചി: രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തി സിനിമതാരം ഷൈൻ ടോം ചാക്കോ. കഞ്ചാവും മെത്താഫെറ്റമിനും ഉപയോഗിച്ചിട്ടുണ്ടെന്നും 12 ദിവസം ലഹരിവിമുക്തി കേന്ദ്രത്തിൽ ചികിത്സതേടിയെന്നുമാണ് ഷൈൻ ടോം ചാക്കോയുടെ മൊഴി. ഇന്നത്തെ ചോദ്യം ചെയ്യലിലാണ് ഷൈൻ ലഹരി ഉപയോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷമായിരുന്നു പിതാവ് തന്നെ ലഹരിവിമുക്തി കേന്ദ്രത്തിലാക്കിയതെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ചികിത്സ പൂർത്തിയാകാതെ ഷൈൻ ചാടിപോവുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ മൊഴി നൽകിയിട്ടുണ്ട്.
ഷൈൻ പ്രതിയായ 2015ലെ കൊക്കൈയ്ൻ കേസിൽ തസ്‍ലീമയും പ്രതിയായിരുന്നു. ഇവരുമായി ഇപ്പോഴും ഷൈനിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് തസ്‍ലീമ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഷൈനടക്കമുള്ളവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
മയക്കുമരുന്ന് വിൽപ്പനക്കാരനായ സജീറുമായും പരിചയമുണ്ടെന്ന് നടൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. സജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്റെ വാദം. എന്നാൽ ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി. വലിയ തുകകളാണ് സജീറിന് താരം നൽകിയത്. പല തവണയായി സജീറിന് പണം നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാട്സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസിൽ നിർണായകമായത്.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ നടൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെയാണ് ഷൈൻ ടോം ചാക്കോ ബുധനാഴ്ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ഡാൻസാഫ് സംഘം ഹോട്ടലിലെത്തിയത്. ഹോട്ടൽ മുറിയുടെ ജനാല വഴി ചാടിയ നടൻ രണ്ടാംനിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലേക്ക് വീഴുകയായിരുന്നു. ഷീറ്റ് തകർന്ന് താഴെ എത്തിയ ഷൈൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നത് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ആ സമയത്ത് നടന്റെ തലയിൽ തൊപ്പിയുണ്ടായിരുന്നു. 2015ലെ കൊക്കെയ്ൻ കേസിൽ നടനെ അടുത്തിടെയാണ് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

