Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എസ് ഇലക്ഷൻ...

യു.എസ് ഇലക്ഷൻ അസിസ്റ്റൻസ് കമീഷൻ തലപ്പത്തെ കൂട്ടപ്പിരിച്ചുവിടൽ; ട്രംപിന്‍റെ നീക്കങ്ങൾ ആസൂത്രിതമെന്ന് വെളിപ്പെടുത്തൽ

text_fields
bookmark_border
യു.എസ് ഇലക്ഷൻ അസിസ്റ്റൻസ് കമീഷൻ തലപ്പത്തെ കൂട്ടപ്പിരിച്ചുവിടൽ; ട്രംപിന്‍റെ നീക്കങ്ങൾ ആസൂത്രിതമെന്ന് വെളിപ്പെടുത്തൽ
cancel
camera_alt

യുഎസ് ഇലക്ഷൻ അസിസ്റ്റൻസ് കമ്മീഷൻ

വാഷിങ്ടൺ: അമേരിക്കയിലെ വോട്ടിങ് സംവിധാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഫെഡറൽ ഏജൻസിയായ ഇലക്ഷൻ അസിസ്റ്റൻസ് കമ്മീഷനിലെ കമ്മീഷണർമാരെ പുറത്താക്കിയ നടപടി ട്രംപ് ഭരണകൂടത്തിന്റെ ദീർഘകാലത്തെ ആസൂത്രണത്തിന്റെ ഭാഗമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞയാഴ്ച കമ്മീഷണർമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിന് മുൻപ്, ഒരു വർഷത്തിലേറെയായി വോട്ടിങ് മെഷീനുകളുടെ സുരക്ഷയെയും 2020-ലെ തെരഞ്ഞെടുപ്പ് രീതികളെയും കുറിച്ച് ട്രംപ് അനുകൂലികൾ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.

വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെഡറൽ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കാനാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ് ശ്രമിക്കുന്നതെന്നാണ് സൂചന. യുഎസിലെ നിലവിലെ വോട്ടിങ് രീതികൾ മോശം അവസ്ഥയിലാണെന്നും തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ സംസ്ഥാനങ്ങളുമായി ചേർന്ന് സാങ്കേതിക തകരാറുകൾ പരിഹരിക്കുമെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, അമേരിക്കൻ തെരഞ്ഞെടുപ്പുകൾ സുരക്ഷിതമാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യങ്ങളോട് യോജിച്ചുപോകാത്തവരെ മാറ്റാൻ പ്രസിഡന്റിന് പൂർണ്ണ അധികാരമുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക നിലപാട്.

നാലംഗ കമ്മീഷനിലെ രണ്ട് ഡെമോക്രാറ്റിക് കമ്മീഷണർമാരെ ട്രംപ് നേരിട്ട് പുറത്താക്കുകയായിരുന്നു. തുടർന്ന് അവശേഷിച്ച ഏക റിപ്പബ്ലിക്കൻ കമ്മീഷണറെക്കൊണ്ട് രാജിവെപ്പിക്കുകയും ചെയ്തു. മറ്റൊരു അംഗം നേരത്തെ ഒഴിഞ്ഞതിനാൽ നിലവിൽ ഈ പാനൽ പൂർണ്ണമായും ശൂന്യമാണ്. 2020-ലെ തെരഞ്ഞെടുപ്പ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ തെരഞ്ഞെടുപ്പായിരുന്നു എന്ന കമ്മീഷന്റെ മുൻ നിലപാടിനെതിരെ ട്രംപിന്റെ ഉദ്യോഗസ്ഥർ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പൗരത്വ സർട്ടിഫിക്കറ്റ് നിർബന്ധമാക്കൽ ഉൾപ്പെടെയുള്ള കടുത്ത വോട്ടിങ് പരിഷ്കാരങ്ങൾ വേഗത്തിലാക്കാൻ കമ്മീഷനെ മറികടക്കാനുള്ള വഴികളും ഭരണകൂടം തേടിയിരുന്നു.

കമ്മീഷനിലേക്ക് ട്രംപിന്റെ കടുത്ത അനുയായികളായ പാട്രിസ് ജോൺസൺ, ക്ലെറ്റ മിച്ചൽ തുടങ്ങിയവരെ നിയമിക്കാനുള്ള നീക്കങ്ങളും വൈറ്റ് ഹൗസ് ആരംഭിച്ചിട്ടുണ്ട്. 2020-ലെ ട്രംപിന്റെ പരാജയം അട്ടിമറിക്കാൻ മുൻകൈ എടുത്തവരാണ് ഇവർ. യുഎസിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനങ്ങളുടെ ചുമതലയാണെങ്കിലും, വോട്ടിങ് മെഷീനുകളുടെ പരിശോധനയും സർട്ടിഫിക്കേഷനും നിർവ്വഹിക്കുന്നത് ഇലക്ഷൻ അസിസ്റ്റൻസ് കമ്മീഷൻ എന്ന ഫെഡറൽ ഏജൻസിയാണ്. അതേസമയം, വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ സാധാരണക്കാരായ വോട്ടർമാരുടെ പങ്കാളിത്തം പരിമിതപ്പെടുത്താൻ ട്രംപ് ഭരണകൂടം ശ്രമിക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നുണ്ട്. എന്നാൽ പുതിയ കമ്മീഷണർമാരെ ട്രംപ് നാമനിർദ്ദേശം ചെയ്താലും യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ നിയമനം സാധ്യമാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USElection CommissionUS elecionDonald Trumpamerica
News Summary - US Election Assistance Commission chief fired; Trump administration's moves revealed to be planned
Next Story