വെനസ്വേലക്കെതിരായ യു.എസ് ആക്രമണം: സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സി.പി.എം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്വതന്ത്ര പരമാധികാര രാജ്യമായ വെനസ്വേലക്ക് നേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദുറോയേയും ഭാര്യയേയും യു.എസ് സേന ബന്ദികളാക്കിയതായാണ് റിപ്പോർട്ട്.
മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നുകയറുന്ന അമേരിക്കൻ നിലപാട് ലോകത്തിന് ഭീഷണിയാണ്. കാടത്തം നിറഞ്ഞ സമീപനമാണിത്. ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായപ്പോൾ എണ്ണക്കമ്പനികളെ ദേശസാൽകരിച്ചതുമുതൽ ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക ആ രാജ്യത്തെ ആക്രമിക്കുന്നുണ്ട്. 2002ൽ ഷാവേസിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഷാവേസിന്റെ കാലശേഷം വെനസ്വേലയെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാമെന്നും എണ്ണ സമ്പത്ത് കൈക്കലാക്കാമെന്നുമായിരുന്നു അമേരിക്കയുടെ മോഹം. അതിന് തടയിട്ട പ്രസിഡന്റ് നിക്കോളാസ് മദുറോയേയും അട്ടിമറിക്കാൻ ശ്രമമുണ്ടായി. 2014മുതൽ വെനസ്വേലക്കുനേരെ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. അട്ടിമറി നീക്കങ്ങളും സാമ്പത്തിക ഉപരോധങ്ങളും നേരിട്ട്, അമേരിക്കൻ തിട്ടൂരങ്ങൾക്ക് വഴങ്ങാതെ പിടിച്ചുനിന്ന വെനസ്വേലയുടെ നിശ്ചയദാർഢ്യം ലോകമെങ്ങുമുള്ള ജനാധിപത്യ പോരാളികൾക്ക് ആവേശം പകരുന്നതാണ്.
ആഴ്ചകളായി വെനസ്വേലക്ക് ചുറ്റും അമേരിക്ക സൈനിക, നാവിക സേനകളെ അണിനിരത്തിയിരിക്കുകയായിരുന്നു. ബോംബാക്രമണം നടത്തിയും പ്രസിഡന്റിനെ തടവിലാക്കിയും വെനസ്വേലയുടെ പരാമാധികാരത്തിൽ കടന്നുകയറുന്നത് കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാനാണ്. ഇതിനെതിരായി നാട്ടിലുടനീളം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന് എല്ലാ പാർട്ടി ഘടകങ്ങളോടും ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം പ്രസ്താവനയിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

