ഉരുൾ ദുരന്തം: ലീഗ് നൽകിയ വീടുകളിൽ ഇന്നുമുതൽ താമസം തുടങ്ങും
text_fieldsമുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായി മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോട് മുസ്ലിം ലീഗ് നിർമിച്ച വീടുകൾ
കല്പറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതര്‍ക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന്റെ പണികൾ പുരോഗമിക്കവേ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർമിച്ചുനല്‍കിയ ആദ്യഘട്ട വീടുകളില്‍ ശനിയാഴ്ച മുതൽ അതിജീവിതരുടെ കുടുംബങ്ങൾ താമസം തുടങ്ങും. മേപ്പാടി പഞ്ചായത്തില്‍ തന്നെ വീടുകള്‍ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യമനുസരിച്ച് ലീഗ് വാങ്ങിയ വെള്ളിത്തോട്ടെ സ്ഥലത്താണ് വീടുകൾ നിർമിച്ചിരിക്കുന്നത്. എട്ടു സെന്റില്‍ 1060 സ്ക്വയര്‍ഫീറ്റില്‍ മൂന്ന് ബെഡ്റൂമും രണ്ട് ബാത്ത്റൂമും അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക്സ് പാകിയ മുറ്റം, മുന്‍വശത്ത് ഏഴ് മീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകളുള്ളത്. കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മുകൾനില കൂടി പണിയാൻ സാധിക്കുന്ന തറബലത്തോടെയാണ് വീട് നിർമിച്ചത്.
അതേസമയം, ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് തൃക്കൈപ്പറ്റയിലെ പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകില്ലെന്ന് നേതാക്കൾ അറിയിച്ചു. 105 വീടുകളാണ് ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലീഗ് നിർമിക്കുന്നത്. ഇതിൽ 51 വീടുകളുടെ സമര്‍പ്പണം കഴിഞ്ഞ ഫെബ്രുവരി 28ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളുടെ പരീക്ഷകള്‍, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങൾ മൂലമാണ് കുടുംബങ്ങൾ താമസം മാറുന്നത് വൈകിയത്.
ദുരന്തബാധിതർക്കായി സർക്കാർ കൽപറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ പണി പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിലുള്ള 178 വീടുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുവെങ്കിലും പണി പൂർത്തിയാകാത്തതിനാൽ കുടുംബങ്ങൾക്ക് താമസം തുടങ്ങാനായിട്ടില്ല. മേയ് 20നുള്ളിൽ താമസം തുടങ്ങാനാകുന്ന രൂപത്തിൽ വീടുകൾ കൈമാറണമെന്നാണ് അതിജീവിതർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. അതിനിടെ മൂന്നു വീടുകളുടെ മേൽക്കൂരയിൽ വിള്ളൽ വീണത് ഏറെ വിവാദങ്ങൾക്കും വഴിവെച്ചു. ഇത്തരം വീടുകളുടെ വാട്ടർ ലീക്ക് പ്രൂഫിങ് അടക്കമുള്ള പണികൾ നടക്കുകയാണ്. താമസം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ വീടുകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

