ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ഇന്ന് 100; ആസ്തി നാലണയിൽനിന്ന് 54,110 കോടിയിലേക്ക്
text_fieldsയു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി
വടകര: നാലണയിൽനിന്ന് 54,110 കോടിയുടെ ആസ്തിയിലേക്ക് കുതിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്ക് (യു.എൽ.സി.സി.എസ്) ഇന്ന് 100 വയസ്സ് തികയുന്നു. 1925ൽ വാഗ്ഭടാനന്ദ ഗുരു സ്ഥാപിച്ച പരിഷ്കരണ പ്രസ്ഥാനമായിരുന്ന ആത്മവിദ്യാ സംഘത്തിലെ തൊഴിലാളികളാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം സ്ഥാപിച്ചത്. ഇന്ന് ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്രാഥമിക സഹകരണ സംഘങ്ങളിൽ ഒന്നാണ് യു.എൽ.സി.സി.എസ്. ലോകത്തിൽ സഹകരണ സംഘങ്ങളിൽ സ്പെയിനിലെ മോൺഡ്രഗോണിന് പിന്നിൽ രണ്ടാം സ്ഥാനമാണ് ഊരാളുങ്കലിനുള്ളത്.
ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘത്തിൽനിന്നുമാണ് യു.എൽ.സി.സി.എസിന് തുടക്കം കുറിച്ചത്. 1925 ഫെബ്രുവരി 13ന് 16 പേരടങ്ങുന്ന തൊഴിലാളികൾ നാലണ (37 പൈസ) വീതം എടുത്താണ് സംഘത്തിന് രൂപം നൽകിയത്. 925 രൂപയുടെ റോഡ് പ്രവൃത്തി കരാറെടുത്തുകൊണ്ട് തുടങ്ങിയ സംഘം, യു.എൽ.സി.സി.എസിലേക്ക് വളർന്ന് കോർപറേറ്റ് ഭീമന്മാരുമായി മത്സരിച്ച് വൻകിട നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമായി പന്തലിച്ചിരിക്കുകയാണ്. 18,000 തൊഴിലാളികളാണ് ഇന്ന് തൊഴിൽ-ജീവിത സുരക്ഷയുമായി ഇവിടെ ജോലിചെയ്യുന്നത്. ഊരാളുങ്കലിലെ 25 ശതമാനം തൊഴിലാളികൾ ഇതര സംസ്ഥാനക്കാരാണെന്ന പ്രത്യേകതയുമുണ്ട്. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട്, ഐ.ടി മേഖലയിലും ചുവടുറപ്പിച്ച കമ്പനി ഈ മേഖലയിൽ 5000 പേർക്ക് ജോലിനൽകുന്ന പ്രസ്ഥാനമായി വളർന്നിട്ടുണ്ട്.
തൊഴിലാളികളുടെയും നയിച്ചവരുടെയും ആത്മാർഥതയും സത്യസന്ധതയും കഠിനാധ്വാനവുമാണ് വിജയത്തിന് പിന്നിലെന്ന് യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി. തൊഴിലാളികൾ തൊഴിലാളികളാൽ ഭരിക്കപ്പെടുന്നുവെന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകത. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി യു.എൽ.സി.സി.എസിനെ 100 വർഷത്തേക്കുകൂടി മുന്നോട്ടു പോകാൻ കഴിയുന്ന വിധത്തിൽ അടുത്ത തലമുറക്ക് കൈമാറാൻ പര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

