എന്റെ വാപ്പാന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് മന്ത്രിപദവിയെ കാണുന്നത് -പി കെ ബഷീർ
text_fieldsതിരുവനന്തപുരം: ‘മന്ത്രിയാക്കുന്നതിൽ വളരെ സന്തോഷമുണ്ട്, ഈ നിമിഷം ഞാൻ എന്റെ വാപ്പാനെ ഓർക്കുകയാണ്. കഴിഞ്ഞ കാലങ്ങളിലെ എന്റെ വാപ്പാന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്’ -മുസ്‍ലിംലീഗിന്റെ ജനപ്രിയ നേതാവ് പി.കെ. ബഷീറിന് സന്തോഷം കൊണ്ട് വാക്കുകൾ ഇടറി. പ്രമുഖ ലീഗ് നേതാവായിരുന്ന പിതാവ് പി. സീതിഹാജിയുടെ പിന്തുടർച്ചക്കാരനായാണ് പി.കെ. ബഷീർ രാഷ്ട്രീയത്തിലെത്തിയത്.
നിയമസഭയിലും പുറത്തും എപ്പോഴും തഗ് പ്രസംഗങ്ങളിലൂടെ ആളുകളെ കൈയിലെടുത്ത നേതാവാണ് ഇദ്ദേഹം. രാഷ്ട്രീയ എതിരാളികളേ തനിക്കുള്ളൂ എന്നും രാഷ്ട്രീയ ശത്രുക്കൾ ഇല്ലെന്നും നിയുക്ത മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘രാഷ്ട്രീയത്തിൽ എല്ലാവരോടും നല്ല സൗഹൃദത്തോടെ പോകണം. വളരെ വലിയ ഉത്തരവാദിത്വമാണ്പാർട്ടി ഏൽപിച്ചത്. നിങ്ങൾ എല്ലാവരും സഹകരിക്കണം. അപ്പോഴേ കാര്യങ്ങളൊക്കെ നടക്കൂ. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകണം. 44 കൊല്ലമായി എന്റെ പൊതുപ്രവർത്തനം തുടങ്ങിയിട്ട്. ഗ്രാമ പഞ്ചായത്ത് മെമ്പർ, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. വാപ്പയെ കണ്ടു വളർന്നതാണ് ഞാൻ. എന്റെ രാഷ്ട്രീയ ഗുരു എന്റെ വന്ദ്യനായ പിതാവ് സീതിഹാജിയാണ്’ -അദ്ദേഹം പറഞ്ഞു.
പിതാവ് സീതിഹാജിക്ക് മന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിലും പതിറ്റാണ്ടുകൾക്കുശേഷം മകനിലൂടെ ആ ആഗ്രഹം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് മലപ്പുറം എടവണ്ണ പത്തപ്പിരിയത്തെ ‘ഫിർദൗസ് ഹൗസ്’. വയനാട് ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിയടക്കം പാർട്ടിയേൽപിച്ച ചുമതലകൾ ഭംഗിയായി നിർവഹിച്ചതിനുള്ള സമ്മാനം കൂടിയാണിത്.
ഏറനാട് മണ്ഡലത്തെ തുടർച്ചയായി നാലു തവണ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന പി.കെ. ബഷീറിന് അർഹിച്ച അംഗീകാരമാണിത്. ഏറനാടൻ ശൈലിയിലെ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനാണ് 66കാരനായ പി.കെ. ബഷീർ. പിതാവ് പി. സീതിഹാജിയെപ്പോലെ നിയമസഭയിൽ സാധാരണക്കാരുടെ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും എതിരാളികളെ നർമത്തിലൂടെ നേരിടുന്നതിലും മിടുക്കൻ. ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളെപ്പോലും നർമത്തിൽ ചാലിച്ചാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 2011ൽ ഏറനാട് മണ്ഡലം രൂപവത്കരിച്ചതു മുതൽ അവിടെനിന്നുള്ള എം.എൽ.എയാണ്. ഓരോ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം ഉയർത്തിയാണ് ആ യാത്ര.
മുൻ എം.എൽ.എയും ചീഫ് വിപ്പുമായിരുന്ന സീതി ഹാജിയുടെയും ഫാത്തിമയുടെയും മകനായി 1959 സെപ്റ്റംബർ 25ന് മലപ്പുറം എടവണ്ണയിലാണ് ജനനം. 1977ൽ എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. മുസ്ലിം യൂത്ത് ലീഗ് വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് എറനാട് നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പടിപടിയാണ് പാർട്ടിയിലെ വളർച്ച. 2004 മുതൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

