ഞാൻ വെള്ളത്തിൽ വീണ പൂച്ചയാവുമെന്ന് നിങ്ങൾ വിചാരിക്കേണ്ട -കെ.എം. ഷാജി; ‘ഫയർ ബ്രാൻഡ് എന്നത് വാപ്പ ഇട്ട പേരല്ല, ആ പേരിട്ടവർക്ക് മാത്രമാണ് അതിന്റെ ഉത്തരവാദിത്വം’
text_fieldsതിരുവനന്തപുരം: ‘ഫയർ ബ്രാൻഡ്’ എന്ന് എനിക്ക് എന്റെ കുടുംബക്കാരോ വാപ്പയോ ഇട്ട പേരല്ലെന്നും ആ പേരിട്ടവർക്ക് മാത്രമേ അതിന്റെ ഉത്തരവാദിത്വമുള്ളൂ എന്നും നിയുക്ത മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. ‘കെ എം ഷാജി ഒരു ഫയർ ബ്രാൻഡ് നേതാവ് എന്നാണ് എല്ലാവരും പറയുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഫയർ ബ്രാൻഡ് ആവാൻ എളുപ്പമാണ്, ഭരണപക്ഷത്തേക്ക് വരുമ്പോൾ ഒരു അഡ്മിനിസ്ട്രേറ്റർ ആവേണ്ടതുണ്ട്. ആ ഒരു മാറ്റത്തെ എങ്ങനെയാണ് കാണുന്നത്?’ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്കതിൽ യാതൊരു ഉത്തരവാദിത്വവും ഇല്ല. ഞാൻ ഇട്ട പേരിനോടല്ലേ എനിക്ക് റെസ്പോൺസിബിലിറ്റി ഉള്ളൂ. ഫയറാണോ ബ്രാൻഡാണോ എന്നതല്ല വിഷയം, എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം എത്രമേൽ നന്നാക്കിയിട്ട് ചെയ്യാൻ പറ്റും എന്നതാണ് എന്റെ പരിഗണന. അഗ്രസീവ് ആയ കെ എം ഷാജിയിൽ നിന്ന് കുറച്ചുകൂടി ഒന്ന് മയപ്പെട്ട കെ എം ഷാജിയായി മാറും എന്ന് പറയാൻ കഴിയില്ല. കാരണം ഈ അഗ്രസീവ്നെസ്സ് നമ്മൾ എടുത്തണിയുന്ന ഒരു വേഷമല്ല. അത് നമ്മുടെ ബ്ലഡിൽ തന്നെ ഉള്ള ഒരു സാധനമാണ്. അത് ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ കണ്ടറിയേണ്ട കാര്യമാണ്. ഞാൻ വെള്ളത്തിൽ വീണ പൂച്ചയാവുമെന്നൊന്നും നിങ്ങൾ വിചാരിക്കേണ്ട. ഉത്തരവാദിത്വങ്ങൾ വരുമ്പോൾ നമ്മൾ ഏതു തരത്തിൽ പെരുമാറും എന്നത് അപ്പോൾ മാത്രം പറയാൻ പറ്റുന്ന ഒരു കാര്യമാണ്.
ഞാൻ യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആകുമ്പോഴോ ഒരു പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് ആകുമ്പോഴോ ഉള്ള രീതികൾ ആയിരിക്കില്ല, കഴിഞ്ഞ കാലങ്ങളിൽ ചെയ്തിട്ടുണ്ടാവുക. വിമർശിക്കപ്പെടേണ്ട ഘട്ടങ്ങളിലൊക്കെ വിമർശിക്കപ്പെടും. എനിക്ക് പറ്റാത്ത സമയത്ത് വളരെ ഉത്തരവാദിത്വപൂർവ്വം എന്നെ മാറ്റാൻ പിറകിൽ ഒരു പാർട്ടിയും ജനങ്ങളും ഉണ്ട് എന്നുള്ള ബോധ്യം ഉണ്ടാവുക എന്നതാണ് എന്റെ ബാധ്യത. എനിക്ക് തന്നെ എന്നെ കറക്ട് ചെയ്യാനും എനിക്ക് തന്നെ വിമർശിക്കാനും കഴിഞ്ഞാൽ പുറത്തുനിന്നുള്ള വിമർശനത്തെ പരമാവധി കുറക്കാൻ കഴിയും’ -ഷാജി പറഞ്ഞു.
ജനങ്ങൾ ഏൽപ്പിച്ച 102 അംഗങ്ങളുടെ പിൻബലം എന്നത് വലിയ ഉത്തരവാദിത്വമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഇതിന്റെ സന്തോത്തിൽ നടക്കാനല്ല, മറിച്ച് പാർട്ടിയും ജനങ്ങളും ഏൽപ്പിച്ച ഉത്തരവാദിത്വത്തെ എത്രമേൽ നന്നായിട്ട് നിർവഹിക്കാൻ കഴിയും എന്നുള്ള ആലോചനകളിലായിരിക്കും ഞങ്ങൾ ഉണ്ടാവുക. വകുപ്പുകളെ സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. പക്ഷേ പാർട്ടിയാണ് അത് പ്രഖ്യാപിക്കേണ്ടത്. പാർട്ടി പറയുന്നത് വരെ അക്കാര്യം പറയാൻ ഞങ്ങൾക്ക് കഴിയില്ല.
രാഷ്ട്രീയം എന്നത് നൈരന്തര്യമാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിന്റെ തിരുത്തലുകളുടെയോ തുടരലുകളുടെയോ പേരാണ് സർക്കാർ. ഇടതുപക്ഷ ഗവൺമെന്റ് കൊണ്ടുവന്ന കാര്യങ്ങളൊക്കെ മോശം എന്ന് പറയേണ്ട കാര്യമില്ല. നല്ല കാര്യങ്ങൾ ഉണ്ടാവാം, മോശപ്പെട്ട കാര്യങ്ങൾ ഉണ്ടാവാം. അവ തിരുത്തിയും തുടർന്നുമാണ് ഭരണം മുന്നോട്ട് കൊണ്ടുപോവുക.
പ്രതിപക്ഷത്ത് നിന്ന് സംസാരിക്കുന്നത് പോലെയല്ല, ഭരണപക്ഷത്തിരുന്ന് ചെയ്യുക എന്നത്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എവിടെയാണ് പ്രശ്നം ഉള്ളത് എന്ന് ജനങ്ങളോട് വിളിച്ചു പറയുന്നവരാകണം പ്രതിപക്ഷം. ഇതാ ഇവിടെ കള്ളനുണ്ട്, ഇതാ അവിടെ കുഴപ്പക്കാരനുണ്ട്, ഇത് അവിടെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പറയുന്നതിനേക്കാൾ ഭാരിച്ച പണിയാണ് കാര്യങ്ങൾ ചെയ്യുക എന്ന് പറയുന്നത്. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ പ്രതിപക്ഷത്ത് ആളുകൾ ഉണ്ട്. അവർ എണ്ണത്തിൽ കുറവായാലും ശരി. ഇനി ഒരാളും ഇല്ലെങ്കിൽ പോലും ജനങ്ങളുണ്ട് പ്രതിപക്ഷത്ത്. ഏറ്റവും സത്യസന്ധമായും നേരാംവണ്ണവും സൂക്ഷ്മതയോടും കൂടി കാര്യങ്ങൾ ചെയ്യണം. പ്രതിപക്ഷത്തിരിക്കുമ്പോൾ ഞാൻ വലിയ വിമർശകനായിരുന്നു. എനിക്ക് നേരെ അത്തരം വിമർശനങ്ങൾ വരാതിരിക്കാനുള്ള സൂക്ഷ്മതയാണ് ഞാൻ പുലർത്തേണ്ടത്. അതായിരിക്കും എന്റെ മുൻഗണന -ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

