യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ കെ.പി. കമാൽ നിരപരാധിയെന്ന് കുടുംബം
text_fieldsഹാഥറസ് ബലാത്സംഗക്കൊലക്ക് പിന്നാലെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് പൊലീസ്
പെരിന്തൽമണ്ണ: യു.പിയിലെ ഹാഥറസിൽ 2020 സെപ്റ്റംബറിൽ 19കാരി ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതിന്റെ മറവിൽ ഗൂഢാലോചന ആസൂത്രണം ചെയ്തെന്ന കേസിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ കീഴാറ്റൂർ പൂന്താനത്തെ കുറ്റിപ്പുളിയൻ വീട്ടിൽ കെ.പി. കമാൽ (52) നിരപരാധിയെന്ന് കുടുംബം.
20 വർഷമായി മാധ്യമപ്രവർത്തകനായി ജോലി ചെയ്തയാളാണ് അദ്ദേഹമെന്നും തേജസ് പത്രത്തിൽ ആദ്യം കോഴിക്കോടും പിന്നീട് ഡൽഹിയിലുമായിരുന്നു ജോലിയെന്നും കമാലിന്റെ മക്കൾ പറഞ്ഞു. കലാപാസൂത്രണമെന്ന കുറ്റം കെട്ടിച്ചമച്ചതാണ്. കോവിഡ്കാലത്ത് ക്വാറന്റീനിലിരിക്കുമ്പോൾ ഡൽഹി പൊലീസ് വിളിച്ച് സിദ്ദീഖ് കാപ്പനെ അറിയുമോ എന്ന് അന്വേഷിച്ചിരുന്നു. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ മറ്റു മാധ്യമപ്രവർത്തകരോട് ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നതിനപ്പുറം രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പിതാവ് ഗൂഢാലോചന നടത്തിയെന്നത് ബാലിശമാണ്. ഇതുവരെ ഒരു കേസിൽപോലും പ്രതിചേർക്കപ്പെട്ടിട്ടില്ല.
2021 മുതൽ വീട്ടിൽതന്നെയാണെന്നും നിയമനടപടികൾ തുടരാനാണ് തീരുമാനമെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ മൂന്നിന് ഉച്ചക്കാണ് കേരള പൊലീസുമായി ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (യു.പി.എസ്.ടി.എഫ്) കീഴാറ്റൂർ പൂന്താനത്തെ വീട്ടിലെത്തി കമാലിനെ കസ്റ്റഡിയിലെടുക്കുന്നത്.
കോടതിസമയം കഴിഞ്ഞതിനാൽ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിൽ മേലാറ്റൂർ സ്റ്റേഷനിൽ താമസിപ്പിക്കുകയും ശനിയാഴ്ച പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ട്രാൻസിറ്റ് വാറന്റ് വാങ്ങിയാണ് യു.പി പൊലീസ് കൊണ്ടുപോയത്. ലഖ്നോവിൽ ജയിലിലാണുള്ളതെന്നാണ് വിവരം.
ഹാഥറാസ് ബലാത്സംഗക്കൊലക്ക് പിന്നാലെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഫോണിലേക്ക് കലാപത്തിന് പ്രേരണ നൽകുന്ന സന്ദേശം പോയിട്ടുണ്ടെന്നും ഇത് വീണ്ടെടുത്തെന്നുമാണ് കുറ്റം. നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് പ്രവർത്തകനാണ് കെ.പി. കമാലെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

