നയമില്ലാത്ത പ്രഖ്യാപനം, വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം -പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: നയമില്ലാത്ത പ്രഖ്യാപനമാണ് ഗവര്‍ണറുടേതെന്നും യു.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് നയപ്രഖ്യാപനത്തിൽ കാണാനാകുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തെ പുതുയുഗത്തിലേക്ക് ആനയിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതിനുള്ള സാമ്പത്തിക- സാമൂഹിക റൂട്ട് മാപ് നയപ്രഖ്യാപനത്തിൽ കാണാനില്ല.
നാടിന്റെ മുഖച്ഛായ മാറ്റാൻ ഇടയാക്കിയ കിഫ്ബി, കുടുംബശ്രീ അടക്കം പദ്ധതികളെകുറിച്ചും വല്ലാത്ത മൗനം പാലിക്കുന്നു. ധവളപത്രത്തെക്കുറിച്ച് പലവട്ടം പരാമർശിച്ചിട്ടുണ്ടെങ്കിലും ധനകാര്യ ഫെഡറലിസത്തിന്റെ കടക്കൽ കത്തിവെക്കുന്ന കേന്ദ്രസർക്കാർ സമീപനങ്ങളെ കുറിച്ച് ഒരു പരാമർശവുമില്ല. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ച് പേരിനുപോലും മിണ്ടുന്നില്ല. കേന്ദ്രത്തിൽ നിന്ന് ചോദിച്ചുവാങ്ങേണ്ടതായി കുറേയേറെ കാര്യങ്ങളുണ്ട്. അവയെകുറിച്ചെല്ലാം മൗനംപാലിക്കുകയാണ്. പറയേണ്ടവ പറയാതിരുന്നിട്ടുണ്ട്. ഇത് സംസ്ഥാനത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ കാര്യങ്ങൾ നഷ്ടപ്പെടാനാണ് ഇടയാക്കുക.
എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന പൊതു സമീപനമാണ് നയപ്രഖ്യാപനത്തിൽ സ്വീകരിച്ചത്. പരമ്പരാഗത വ്യവസായ മേഖല, പ്രവാസികൾ എന്നിവയെ കുറിച്ചൊന്നും പറയുന്നില്ല. അട്ടിമറിക്കപ്പെട്ട തൊഴിലുറപ്പ് നിയമത്തെ കുറിച്ചുള്ള സംസ്ഥാന സർക്കാറിന്റെ നിലപാടും വ്യക്തമാക്കിയിട്ടില്ല. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് തുടങ്ങിവെച്ച ഒട്ടേറെ പദ്ധതികളുണ്ട്. അതേക്കുറിച്ചും പരാമർശങ്ങളില്ല. റിസർവ് ബാങ്ക് തന്നെ അംഗീകരിച്ച കണക്കനുസരിച്ച് 5429 കോടി ഖജനാവിൽ നീക്കിയിരിപ്പ് വെച്ച ശേഷമാണ് ഇടതുസർക്കാർ ഇറങ്ങിയത്. പക്ഷേ ആ ഭാഗം മറച്ചുവെക്കുകയും ശരിയല്ലാത്ത വ്യാഖ്യാനം സൃഷ്ടിക്കുകയുമാണ് നയപ്രഖ്യാപനത്തിൽ.
തുടക്കത്തിൽ തന്നെ കഠിനമായ എതിർപ്പ് രേഖപ്പെടുത്തി മുന്നോട്ടുപോകാൻ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ല. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിലും മുൻതൂക്കം കൊടുത്തുള്ള ഏത് നടപടിക്കും പ്രതിപക്ഷം പിന്തുണ നൽകും. അതേസമയം നാടിന്റെ താൽപര്യത്തിനും ജനക്ഷേമത്തിനും എതിരായി നിലപാടെടുത്താൽ അതിനെതിരെ നിലകൊള്ളുമെന്നും പിണറായി വിജയൻ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

