ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ അസാധാരണ വേഗം, സംശയം ജനിപ്പിക്കുന്നതായി ദേവസ്വം വിജിലൻസ്
text_fieldsതിരുവനന്തപുരം: ശബരിമലയിലെ ആവശ്യങ്ങൾക്കായി മിൽമയിൽനിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനമെടുത്തത് അസാധാരണ വേഗതയിലെന്ന് അന്വേഷണ റിപ്പോർട്ട്. 510 രൂപക്ക് നെയ്യ് നൽകാമെന്ന് അറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ മിൽമ അധികൃതർ കണ്ട ദിവസം തന്നെ നെയ്യ് വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തതായി ദേവസ്വം വിജിലൻസ് എസ്.പി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് സംശയം ജനിപ്പിക്കുന്നതാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഹൈകോടതി നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ഈ വിഷയങ്ങൾ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസമാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം വിജിലൻസ് എസ്.പി വി. സുനിൽകുമാർ മന്ത്രി കെ. മുരളീധരന് റിപ്പോർട്ട് സമർപ്പിച്ചത്.
2025 ജൂൺ 13നാണ് ലിറ്ററിന് 510 രൂപ നിരക്കിൽ നെയ്യ് നൽകാമെന്ന് അറിയിച്ച് മിൽമ മാർക്കറ്റിങ് വിഭാഗം ഉദ്യോഗസ്ഥർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കണ്ടത്. ദേവസ്വം കമീഷണർ പ്രകടിപ്പിച്ച വിയോജിപ്പ് പരിശോധിക്കാൻ പോലും തയാറാകാതെ അന്ന് തന്നെ മിൽമയിൽനിന്ന് നെയ്യ് സംഭരിക്കാൻ ബോർഡ് തീരുമാനിച്ചെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നെയ്യ് സംഭരണത്തിൽ ഏറെ ദുരൂഹതകളുണ്ട്. ഉപയോഗിച്ച നെയ്യിന്റെ കണക്ക് സംബന്ധിച്ചും പൊരുത്തക്കേടുണ്ട്. മിൽമ നൽകിയ 1,50,000 ലിറ്റർ നെയ്യ് മുഴുവൻ അരവണക്കായി ഉപയോഗിച്ചുവെന്നാണ് രേഖകളിലുള്ളത്.
ഈ കണക്ക് ഒറ്റനോട്ടത്തിൽ തന്നെ സംശയാസ്പദമാണ്. സന്നിധാനത്തെ നെയ്യ് സംഭരണ ടാങ്കുകൾ നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇതിൽനിന്ന് 19,800 ലിറ്റർ നെയ്യ് മാത്രമാണ് സന്നിധാനത്ത് ഉപയോഗിച്ചത്. ആവശ്യത്തിന് നെയ്യുണ്ടായിട്ടും മിൽമയുടെ നെയ്യ് വാങ്ങാൻ തീരുമാനമെടുത്തത് എന്തിനാണെന്ന് സംശയമുണ്ട്. ഈ പൊരുത്തക്കേടുകൾ വിശദമായി അന്വേഷിക്കണം. ഭക്തർ കൊണ്ടുവരുന്ന നെയ്യിനേക്കാൾ മിൽമ നെയ്യിന് ഗുണനിലവാരം കൂടുതലാണെന്ന വാദം അടിസ്ഥാനരഹിതമാണ്.
ഭക്തർ വഴിപാടായി നൽകിയ നെയ്യ് ഉപയോഗിച്ച് തയാറാക്കിയ അരവണക്കായിരുന്നു ഗുണനിലവാരം കൂടുതലെന്ന് 1990 മുതൽ അരവണ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ചന്ദ്രൻ പിള്ള മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

