അലിവില്ലാത്ത ക്രൂരത നീണ്ട ചോരപ്പകൽ
text_fieldsതിരുവനന്തപുരം: ഉറ്റവരായ അഞ്ചുപേരെ ചുറ്റിക കൊണ്ടടിച്ച് ‘റിപ്പർ മോഡൽ’ കൊല നടത്തിയ അഫാൻ ആദ്യം ആക്രമിച്ചത് സ്വന്തം മാതാവിനെ. പേരുമലയിലെ വീട്ടിൽ 23കാരൻ അഫാനും മാതാവ് ഷമിയും അനുജൻ ഒമ്പതാം ക്ലാസുകാരൻ അഫ്സാനുമാണ് താമസം. അനുജൻ രാവിലെ സ്കൂളിൽ പോയതിന് പിന്നാലെ, അഫാൻ മാതാവിനോട് പണം ആവശ്യപ്പെട്ടു. പണം നല്കാൻ മാതാവ് തയാറായില്ല. വഴക്കിനിടെ, അഫാൻ അർബുദരോഗി കൂടിയായ മാതാവിനെ പലകുറി മർദിച്ചു. ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചു. ചുറ്റിക കൊണ്ട് തലക്കിടിച്ചു. ബോധം പോയതോടെ മരിച്ചെന്നുകരുതിയ അഫാൻ അവർ കിടന്ന മുറിയും വീടും പൂട്ടി പുറത്തിറങ്ങി.
ആദ്യം കൊല്ലപ്പെട്ടത് പിതൃമാതാവ്
മാതാവിന്റെ ഫോണുമെടുത്ത് അഫാന് ബൈക്കിൽ പോയത് പേരുമലയിൽനിന്ന് 25 കി.മീ അകലെ പാങ്ങോടുള്ള പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലേക്കാണ്. അവിടെയെത്തി സ്വര്‍ണം ആവശ്യപ്പെട്ടു. സൽമാ ബീവി നൽകിയില്ല. ഇതോടെ, അവരെ ചുറ്റികകൊണ്ട് തലക്കടിച്ചുവീഴ്ത്തി. അപ്രതീക്ഷിത ആക്രമണത്തിൽ നിലവിളിക്കാൻ പോലുമാകാതെ, 95കാരി മരണത്തിലേക്ക് വീണിട്ടുണ്ടാകണം. അതുകൊണ്ടാണ് തൊട്ടടുത്ത് വീടുകളുണ്ടെങ്കിലും അറുകൊല ആരുമറിയാതെ പോയത്. അടുക്കളയിൽ ചോരവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സൽമാ ബീവിയുടെ സ്വർണമാലയും കവർന്നാണ് അഫാൻ പോയത്. ഉച്ചകഴിഞ്ഞ് മൂന്നോടെ, സൽമാ ബീവിയുടെ വീട്ടിലെത്തുന്നതിന്റെയും തിരിച്ചുപോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേവലം ഏഴ് മിനിറ്റ് കൊണ്ടാണ് കൊല നടത്തി അഫാൻ മടങ്ങിയത്.
പിതൃസഹോദരനും ഭാര്യക്കും കെണിയായത് ഫോൺ കാൾ
പിതൃമാതാവിനെ കൊന്ന ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ, അഫാന് ഒരു ഫോൺ വന്നു. പിതൃസഹോദരൻ ലത്തീഫായിരുന്നു മറുതലക്കൽ. മാതാവിനെ ആക്രമിച്ച വിവരം അറിഞ്ഞാണ് ലത്തീഫ് വിളിക്കുന്നതെന്ന് അഫാൻ തെറ്റിദ്ധരിച്ചു. നേരെ ലത്തീഫിന്റെ എസ്.എൽ പുരത്തെ വീട്ടിലേക്ക്. പിതൃമാതാവിനെ ഇടിച്ചുവീഴ്ത്തിയ ചുറ്റികകൊണ്ടുതന്നെ പിതൃസഹോദരനെയും ഭാര്യ ഷാഹിദ ബീഗത്തെയും ഇടിച്ചുവീഴ്ത്തി. വിശാലമായ പറമ്പിൽ ഒറ്റപ്പെട്ട നിലയിലാണ് ലത്തീഫിന്റെ വീട്. ഒന്നും സംഭവിക്കാത്ത മട്ടിൽ വന്ന ബൈക്കിൽ തന്നെ മടങ്ങി.
പെൺസുഹൃത്തിനെ കൊല്ലാനായി വിളിച്ചുവരുത്തി
പെൺസുഹൃത്തിനെ കൊല്ലാൻ തീരുമാനിച്ച് വിളിച്ചുവരുത്തുകയായിരുന്നു. ഉച്ചക്ക് മൂന്നിന് ശേഷമാണ് ഫർസാന ട്യൂഷൻ ക്ലാസെടുക്കാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയത്. വഴിയിൽ കാത്തുനിന്ന അഫാൻ ബൈക്കിൽ കയറ്റി ഫർസാനയെ വീട്ടിലെത്തിച്ചു. മുകൾ നിലയിലെ മുറിയിലാണ് ഫർസാനയുടെ മൃതദേഹം കണ്ടെത്തിത്. തലക്ക് പലകുറി ചുറ്റിക കൊണ്ടടിച്ച് ക്രൂരമായാണ് കൊല നടത്തിയത്. എസ്.എൽ. പുരത്ത് രണ്ടുപേരെ കൊന്ന് അഫാൻ തിരിച്ച് പേരുമലയിലെ വീട്ടിലെത്തുമ്പോൾ സ്കൂൾ വിട്ട് മടങ്ങിയ അനുജൻ അഫ്സാൻ വീടിന്റെ പൂട്ടിയ ഗേറ്റിന് മുന്നിൽ നിൽപുണ്ട്. പരിചയക്കാരനായ ഓട്ടോക്കാരനെ വിളിച്ചുവരുത്തിയ അഫാൻ അനുജനെ അങ്ങാടിയിലെ കുഴിമന്തി കടയിലേക്ക് ഓട്ടോയിൽ കയറ്റി വിട്ടു. അതിന് ശേഷമാണ് ഫർസാനയെ കൂട്ടിക്കൊണ്ടുവന്നത്.
ഇഷ്ടഭക്ഷണം നൽകി അനുജന്റെ കൊല
മന്തി കഴിച്ച് അഫ്സാൻ തനിച്ച് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങിവരുന്നത് സമീപത്തെ സ്ത്രീ കണ്ടിരുന്നു. താഴെ സ്വീകരണമുറിയിൽ സോഫയിൽ കിടക്കുന്ന നിലയിലാണ് അഫ്സാന്റെ മൃതദേഹം കണ്ടത്. ചുറ്റിക കൊണ്ട് അടിയേറ്റ് തല തകർന്ന നിലയിലാണ്. അഫ്സാൻ ഹോട്ടലിൽ കഴിച്ചതിന്റെ ബാക്കി മന്തി പാർസലാക്കി കൊണ്ടുവന്നത് വീട്ടിലുണ്ടായിരുന്നു. മൃതദേഹത്തിന് സമീപം കറൻസി നോട്ടുകൾ വിതറിയ നിലയിൽ കിടന്നിരുന്നു.
കുളിച്ചൊരുങ്ങി പൊലീസ് സ്റ്റേഷനിലേക്ക്
മണിക്കൂറുകളുടെ ഇടവേളയിൽ അഫാൻ തലക്കടിച്ച് വീഴ്ത്തിയത് ആറു പേരെയാണ്. ആറുപേരും മരിച്ചെന്ന് ഉറപ്പിച്ച അഫാന് പക്ഷേ, ഒരു കൂസലുമില്ലായിരുന്നു. കുളിച്ചൊരുങ്ങി ഷൂസ് ഉൾപ്പെടെ ധരിച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. വെഞ്ഞാറമൂടിൽ കൊണ്ടുവിടാൻ പറഞ്ഞപ്പോൾ ബൈക്കിൽ പോകാത്തതെന്തെന്ന് ചോദിച്ച പരിചയക്കാരൻ കൂടിയായ ഓട്ടോ ഡ്രൈവറോട് ബൈക്ക് കേടാണെന്നായിരുന്നു മറുപടി. വെഞ്ഞാറമൂടിലേക്കുള്ള ഓട്ടോ യാത്രയിൽ ബൈക്കിനെക്കുറിച്ചും മറ്റും സംസാരിച്ച അഫാന് നിഷ്ഠുരമായ കൂട്ടക്കൊല നടത്തിയതിന്റെ ഒരു ഭാവമാറ്റവുമില്ലായിരുന്നെന്ന് ഓട്ടോ ഡ്രൈവർ സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ മദ്യം കഴിച്ചതുപോലെ തോന്നിയെന്ന് ഓട്ടോ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.
പൊലീസ് ഞെട്ടി; ആദ്യം വിശ്വസിച്ചില്ല
നേരെ സ്റ്റേഷനിൽ കയറി വന്ന് ആറുപേരെ കൊന്നെന്ന് അഫാൻ പറഞ്ഞപ്പോൾ പൊലീസ് ഞെട്ടി. ലഹരിയിൽ പറയുന്നതാണെന്നാണ് അവർ കരുതിയത്. കൊലപ്പെടുത്തിയവരുടെ പേരും സ്ഥലങ്ങളും പറഞ്ഞതോടെ, പൊലീസ് അവിടങ്ങളിലേക്ക് പാഞ്ഞു. പേരുമലയിലെ വീട്ടിലെത്തിയപ്പോൾ മൂന്നുപേർ രക്തത്തിൽ കുളിച്ചുകിടക്കുന്നു. അഫ്സാനും ഫർസാനയും പൊലീസ് എത്തുമ്പോഴേക്ക് മരിച്ചിരുന്നു. ജീവന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്ന ഷമിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എസ്.എൽ പുരത്തും പാങ്ങോട്ടും പൊലീസ് എത്തുമ്പോൾ മാത്രമാണ് അയൽവാസികൾ പോലും കൊടുംക്രൂരത അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

