ശബരിമല സ്വർണക്കൊള്ള: കുടുങ്ങിയത് പോറ്റിയുടെ സ്പോൺസർ
text_fieldsതന്ത്രി കണ്ഠര് രാജീവരെ വൈദ്യപരിശോധനക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ
പത്തനംതിട്ട: ‘നമ്മള് ദൈവതുല്യം കാണുന്ന പലരും ഇതിനകത്തുണ്ടെങ്കില് എനിക്ക് എന്ത് ചെയ്യാന് പറ്റു’മെന്ന പത്മകുമാറിന്റെ വെളിപ്പെടുത്തലാണ് ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം താഴമൺ കുടുംബത്തിലേക്ക് എത്തിച്ചത്. കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പായിരുന്നു ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രതികരണം. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർ ആരെന്ന ചർച്ചകളും സജീവമായി. ഇതിനുപിന്നാലെ, പത്മകുമാർ അറസ്റ്റിലായെങ്കിലും ‘ദൈവതുല്യര്’ ആരെന്ന ചോദ്യത്തിന് ഉത്തരമായിരുന്നില്ല.
പത്മകുമാറിന്റെ ദൈവതുല്യരെന്ന ആരോപണം അന്ന് പൂർണമായി നിഷേധിക്കുകയായിരുന്നു തന്ത്രി കണ്ഠര് രാജീവര്. ഉണ്ണികൃഷ്ണന് പോറ്റിയെ നേരത്തേ പരിചയമുണ്ടെങ്കിലും ഇങ്ങനെയുള്ള ആളാണെന്ന് അറിയുമായിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ, അറസ്റ്റിലായശേഷം അന്വേഷണസംഘത്തോടും പത്മകുമാർ ഇത് ആവർത്തിച്ചതോടെയാണ് അന്വേഷണം തന്ത്രിയിലേക്ക് നീങ്ങിയത്. ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ഠര് രാജീവർക്ക് ക്ലീൻചിറ്റ് നൽകിയിരുന്നെങ്കിലും പത്മകുമാർ മൊഴിയിൽ ഉറച്ചുനിന്നതോടെ ശബരിമലയുടെ താന്ത്രിക അവകാശമുള്ള താഴമൺ കുടുംബവും സംശയനിഴലിലായി. അതിരഹസ്യമായിട്ടായിരുന്നു തന്ത്രിയിലേക്കുള്ള അന്വേഷണം. ഇതുസംബന്ധിച്ച സൂചനകളൊന്നും പുറത്തുപോകാതിരിക്കാൻ കോടതികളിലടക്കം അന്വേഷണസംഘം ജാഗ്രത പുലർത്തി. അന്വേഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠര് രാജീവരും തമ്മിലുള്ള അടുത്ത ബന്ധം സ്ഥിരീകരിച്ച് ശബരിമലയിലെ ശാന്തിക്കാരടക്കമുള്ളവർ മൊഴി നൽകിയത് നിർണായകമായി. തന്ത്രിയുടെ അടുപ്പക്കാരനെന്ന നിലയിൽ ‘വീരപരിവേഷ’മായിരുന്നു സന്നിധാനത്ത് ഉണ്ണികൃഷ്ണൻ പോറ്റിക്കെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
തന്ത്രി കണ്ഠര് രാജീവരാണ് ശബരിമലയിലേക്ക് ഇയാളെ എത്തിച്ചതെന്ന സൂചനകളും ലഭിച്ചു. 2004 മുതൽ 2008 വരെയുള്ള കാലയളവിലാണ് ശബരിമലയിൽ കീഴ്ശാന്തിയുടെ (ഉൾക്കഴകം) സഹായിയായി ഉണ്ണികൃഷ്ണൻ പോറ്റി പ്രവർത്തിച്ചത്. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി ഇവിടെനിന്നാണ് സന്നിധാനത്തേക്കെത്തുന്നത്. ജാലഹള്ളി ക്ഷേത്രത്തിലെ അന്നത്തെ തന്ത്രി കണ്ഠര് രാജീവരായിരുന്നു. ഈ ബന്ധമായിരുന്നു അദ്ദേഹത്തിന് ശബരിമലയിലേക്കുള്ള വഴി തുറന്നത്.
അഞ്ച് വർഷത്തോളം ശബരിമലയിൽ പ്രവർത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിയെ പിന്നീട് പുറത്താക്കുകയായിരുന്നു. ഇയാളുടെ ചില പ്രവൃത്തികളിൽ അനിഷ്ടം തോന്നിയതോടെയാണ് സഹായി സ്ഥാനത്തുനിന്ന് മാറ്റിയത്. ഇയാൾ ശ്രീകോവിലിനുള്ളിൽ കയറി പൂജകളിൽ പങ്കെടുത്തതായും പരാതികൾ ഉയർന്നിരുന്നു. പുറത്തായശേഷം ശക്തനായിട്ടായിരുന്നു പോറ്റിയുടെ മടങ്ങിവരവ്. ഇതിന് ചുക്കാൻപിടിച്ചത് കണ്ഠര് രാജീവരാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. തന്ത്രിയുടെ മുറിയിലെ സ്ഥിരം സന്ദർശകനായിരുന്ന ഇദ്ദേഹം ശബരിമലയിലെ വിവിധ സ്പോൺസർഷിപ്പുകളും ഏറ്റെടുത്തു. ഇതിനെല്ലാം തുണയായത് തന്ത്രിയുമായുള്ള ബന്ധമായിരുന്നു.
പൂജാവിധികൾക്കൊപ്പം വിവിധ ഭാഷകൾ അറിയാവുന്നതിനാൽ കേരളത്തിന് പുറത്തുനിന്ന് എത്തുന്ന പ്രമുഖരുമായി ആശയവിനിമയം നടത്തി അവർക്കുവേണ്ട ഒത്താശകൾ ചെയ്തുകൊടുത്ത് ശബരിമലയിലെ സ്ഥിരം സാന്നിധ്യമായി. ദക്ഷിണേന്ത്യയിൽ നിന്നെത്തുന്ന വൻ വ്യാപാരികളും വ്യവസായികളും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ സന്നിധാനത്ത് ദർശനം നടത്തുന്നതും തങ്ങുന്നതും പതിവായിരുന്നു. ഇവർക്കെല്ലാം തന്ത്രിയെ സന്ദർശിക്കാനും ഇയാൾ സൗകര്യമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

