ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടൻ? രഹസ്യകേന്ദ്രത്തിൽ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണമോഷണക്കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും. കസ്റ്റഡിയിലെടുത്ത പോറ്റിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. പുളിമാത്തുള്ള വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെയാണ് എസ്.ഐ.ടി കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ടയിലെ തന്നെ രഹസ്യകേന്ദ്രത്തിലാണ് ചോദ്യംചെയ്യലെന്നാണ് സൂചന. പ്രത്യേകസംഘത്തിലെ രണ്ടു ടീമുകള്‍ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുന്നതിനിടെയാണ് പോറ്റിയെ കസ്റ്റഡിയിലെടുത്തത്. 2019ൽ ശബരിമല ശ്രീകോവിലിന് ഇരുഭാഗത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലെയും ശ്രീകോവിലിന്‍റെ കട്ടിളയിലെയും പാളികൾ കൊണ്ടുപോയി സ്വർണം കവർന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാംപ്രതിയാണ്.
സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തന്നെ പോറ്റിയുടെ പങ്ക് വ്യക്തമായിരുന്നു. ബുധനാഴ്ച ദേവസ്വം ആസ്ഥാനത്തെത്തി വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിനു പിന്നാലെയാണ് വ്യാഴാഴ്ച അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്തത്. തനിക്ക് ലഭിച്ചത് ചെമ്പുപാളികളാണെന്ന് പറഞ്ഞ് ചോദ്യം ചെയ്യലുമായി ആദ്യം സഹകരിക്കാതിരുന്ന പോറ്റി അന്വേഷണ സംഘം തെളിവുകൾ നിരത്തിയതോടെ വ്യക്തമായ ഉത്തരങ്ങൾ നൽകിയെന്നാണ് വിവരം. അതേസമയം, നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോറ്റിയെ കസ്റ്റഡിയിലെടുത്തതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത് രംഗത്തുവന്നതോടെ വീട്ടിലേക്ക് ഫോണ്‍ വിളിക്കാൻ അന്വേഷണ സംഘം അനുവദിച്ചു.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളിൽ 2019ലെ ദേവസ്വം ബോർഡും പ്രതിപട്ടികയിൽ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ദേവസ്വം ആസ്ഥാനത്ത് എത്തി എസ്.ഐ.ടി സംഘം ദേവസ്വം എസ്പിയുമായി കൂടിക്കാഴ്ച നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ചോദ്യംചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രത്യേക സംഘം കഴിഞ്ഞദിവസം ദേവസ്വം ചീഫ് വിജിലൻസ് ഓഫിസർ വി. സുനില്‍കുമാറിന്റെ മൊഴിയെടുത്തിരുന്നു. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ദ്വാരപാലക ശിൽപ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തുകൊണ്ടുപോയത് ട്രാവൻകൂർ ദേവസ്വം മാനുവലിന് എതിരാണെന്നും അത് കേവലം ഉദ്യോഗസ്ഥ വീഴ്ചയായി മാത്രം കാണാനാവില്ലെന്നും അദ്ദേഹം മൊഴി നല്‍കിയതായാണ് വിവരം.
ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച് അന്വേഷണം നടത്തി ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈകോടതിയുടെ നിര്‍ദേശം. അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോള്‍ കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

