ആരുടെയും സാമ്പത്തിക പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല; പോറ്റിയുടെ ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള അജണ്ട -കടകംപള്ളി സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള അജണ്ടയെന്ന് കടകംപള്ളി സുരേന്ദ്രൻ. മാധ്യമപ്രവർത്തകർ ഈ വാർത്ത കൊടുക്കുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കണമായിരുന്നു എന്നും കടകംപള്ളി പറഞ്ഞു. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഉണ്ണികൃഷ്ണൻ പോറ്റി പരാതി നല്‍കിയിരുന്നു. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളിയാണെന്നും പോറ്റി ആരോപിച്ചു.
'ഞാൻ ആരുടെയും സാമ്പത്തിക പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. പോറ്റി എന്തിന് വേണ്ടിയാണ് പരാതി കൊടുത്തത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഞാൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് അവസ്ഥ ഇപ്പോൾ വന്നിട്ടുണ്ട്. ചില ചാനലുകൾ നടത്തിയ അഭിപ്രായ സർവേയിൽ ഇവിടെ ഇടതുപക്ഷത്തിന് മേൽകൈ ഉണ്ടാകുമെന്ന് പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എന്നെ അപമാനിക്കാൻ നടത്തിയ നീചമായ ഗൂഢാലോചനയെന്നേ ഈ പരാതിയെക്കുറിച്ച് പറയാനാകൂ' -കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പോറ്റിയുടെ പരാതിക്ക് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും അത് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും തനിക്ക് പ്രശ്നമില്ലെന്നും കഴക്കൂട്ടത്തിലെ ജനങ്ങളുടെ മനസിലാണ് തനിക്ക് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കടകംപള്ളി സുരേന്ദ്രന് എതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. തുമ്പ പൊലീസാണ് കേസ് അന്വേഷിക്കുക. ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ കടകംപള്ളിക്കെതിരെ കേസെടുക്കും എന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

