ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യംചെയ്യും; ഹൈദരാബാദിലും അന്വേഷണം
text_fieldsപത്തനംതിട്ട: ശബരിമല സ്വർണക്കവർച്ചയിൽ പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യംചെയ്യും. നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് ആലോചന. കേസിൽ പ്രതി ചേർത്തിരിക്കുന്ന മറ്റുള്ളവർക്കും നോട്ടീസ് നൽകും. അതിനിടെ, യഥാർഥ സ്വർണപ്പാളികളല്ല ചെന്നൈയിൽ എത്തിച്ചതെന്ന സംശയത്തിലാണ് അന്വേഷണസംഘം.
ഇതിൽ വ്യക്തത വരുത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രധാന സഹായിയായ ഹൈദരാബാദ് സ്വദേശി നാഗേഷിന്റെ വിശദമായ മൊഴിയെടുക്കും. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപപാളികൾ ഉണ്ണികൃഷ്ണൻ പോറ്റി മോഹവിലക്ക് വിറ്റതായാണ് സംശയം. സന്നിധാനത്തുനിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ 37 ദിവസം നാഗേഷ് ഹൈദരാബാദില്‍ സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷന്‍സിലേക്ക് പാളികൾ നാഗേഷ് എത്തിച്ചത്.
ഇതിനിടെ പാളികളിൽ കൃത്രിമം നടന്നതായാണ് സംശയം. നാഗേഷിന്റെ സഹായത്തോടെ പുതിയ ചെമ്പുപാളികൾ നിർമിക്കുകയും ഇത് ചെന്നൈയിലെത്തിച്ച് സ്വർണം പൂശിയതായുമാണ് സൂചനകൾ. സ്മാർട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിൽ ‘മന്ത്ര’യെന്ന പേരിൽ ഹൈദരാബാദിൽ സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്.
ഇത് ദുരൂഹത വർധിപ്പിക്കുന്നു. ഇതിൽ വിശദമായ അന്വേഷണം നടത്താനാണ് പ്രത്യേകസംഘത്തിന്റെ തീരുമാനം. ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും വ്യാജമാണെന്ന് സംശയിക്കുന്നതായി ദേവസ്വം വിജിലൻസ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. നിലവിൽ സന്നിധാനത്തെത്തിച്ച സ്വർണപ്പാളികളുടെയും തകിടുകളുടെയും കാലപ്പഴക്കം അടക്കം പരിശോധിക്കാനുള്ള നടപടികളും സംഘത്തിന്റെ പരിഗണനയിലുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ നിന്നുമാത്രം ഉണ്ണികൃഷ്ണൻ പോറ്റി 200 പവനിലേറെ കവർന്നതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. 1999ൽ 258 പവൻ സ്വർണം പൊതിഞ്ഞ പാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമാണ്. അറ്റകുറ്റപ്പണി പൂർത്തിയാക്കി സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികൾ പരിശോധിച്ച് ഇക്കാര്യം അന്വേഷണസംഘം ഉറപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

