കോൺഗ്രസ് സംസ്ഥാന നേതാക്കളെ ‘രക്ഷിക്കുന്ന’ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട്, സംസ്ഥാന നേതാക്കളെ ‘രക്ഷിക്കുന്ന’ മൊഴി നൽകി ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. കൂടിക്കാഴ്ചക്ക് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ സഹായം ലഭിച്ചില്ലെന്ന്, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിൽ പോറ്റി മൊഴി നൽകിയതായാണ് വിവരം. കര്‍ണാടകയിൽ നിരവധി നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. ആ ബന്ധം ഉപയോഗിച്ചാണ് കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതെന്നാണ് പോറ്റി മൊഴി നൽകിയതത്രേ. പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുമ്പോള്‍ തന്നെയാണ് പോറ്റിയെയും ചോദ്യം ചെയ്തത്.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പുള്ള അവസാനവട്ട ചോദ്യം ചെയ്യലിനു വേണ്ടിയാണ് പോറ്റിയുടെ പുതിയ മൊഴി രേഖപ്പെടുത്തുന്നതെന്നാണ് എസ്.ഐ.ടി വൃത്തങ്ങൾ വ്യക്തമാക്കിയത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ സ്വാഭാവിക ജാമ്യം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് പോറ്റി പൂജപ്പുര സ്പെഷൽ ജയിലിൽ നിന്ന് മോചിതനായത്. തുടർന്ന് വെള്ളിയാഴ്ച എസ്.ഐ.ടി ആസ്ഥാനത്ത് ഒപ്പിടാനെത്തിയ പോറ്റിയിൽ നിന്നും ചില കാര്യങ്ങളിൽ അന്വേഷണസംഘം വ്യക്തത വരുത്തിയിരുന്നു. അതിന് പിന്നാലെയാണ് ശനിയാഴ്ച വിശദ മൊഴി രേഖപ്പെടുത്തിയത്.
കേസിൽ കരട് കുറ്റപത്രം ഇതിനകം തയാറായിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന ഇ.ഡിയും ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
വിജയകുമാറിന്റെ റിമാന്‍ഡ് നീട്ടി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിന്റെ റിമാന്‍ഡ് വീണ്ടും നീട്ടി. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് നീട്ടിയത്. എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ സി.പി.എം പ്രതിനിധി ആയിരുന്നു വിജയകുമാര്‍. ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും നടപടികളില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെന്നായിരുന്നു പത്മകുമാറിന്റെ മൊഴി.
ബോര്‍ഡിലുണ്ടായിരുന്ന സി.പി.ഐ പ്രതിനിധി കെ.പി ശങ്കരദാസ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതിനിടെ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ശനിയാഴ്ച എസ്.ഐ.ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തന്ത്രിക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും എസ്.ഐ.ടി വ്യക്തമാക്കി. തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വാദം കേള്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

