ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിൽ മോചിതനായി, മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം; മോചനം 111 ദിവസങ്ങൾക്ക് ശേഷം
text_fieldsഉണ്ണിക്കൃഷ്ണൻ പോറ്റി ജയിൽ മോചിതനായപ്പോൾ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ശബരിമലയിലെ ദ്വാരപാലകപാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചിതനായത്. അറസ്റ്റിലായി 111 ദിവസങ്ങൾക്കു ശേഷമാണ് പോറ്റിയുടെ മോചനം.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെ തിരുവനന്തപുരം പൂജപ്പുര സ്പെഷൽ ജയിലിൽ നിന്ന് ഇറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ കാത്ത് കുടുംബം പുറത്തുണ്ടായിരുന്നു. സഹോദരിയും ഭാര്യയുമടക്കമുള്ളവരാണ് പോറ്റിയെ കൊണ്ടു പോകാൻ എത്തിയിരുന്നത്. പോറ്റി അവരോട് സന്തോഷം പങ്കിട്ട ശേഷം കാറിൽ കയറി. എന്നാൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
സ്വർണക്കൊള്ളയിലേക്ക് വിരൽചൂണ്ടിയ വെളിപ്പെടുത്തൽ നടത്തി ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വയം കുടുങ്ങുകയായിരുന്നു. ദേവസ്വം ബോർഡിലെ ഉന്നതർക്കും ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമായതും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ നിന്നാണ്. ഒക്ടോബർ 16നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വിവിധ ഭരണ-പ്രതിപക്ഷ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെന്ന് തെളിയിക്കുന്ന വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടെ പ്രചരിക്കപ്പെട്ടു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന കർശന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം.
അതേസമയം, സ്വര്‍ണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിൽ മോചിതനായതിന് പിന്നാലെ ആഭ്യന്തര വകുപ്പിനെ രൂക്ഷ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ച സംഭവമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
അയ്യപ്പന്റെ സ്വര്‍ണം കട്ടിട്ട് ജാമ്യത്തിന് വരുന്നോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ഹൈകോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് 90 ദിവസത്തിനുള്ള കുറ്റപത്രം സമര്‍പ്പിക്കാതെ എല്ലാ പ്രതികളെയും പുറത്ത് കൊണ്ട് വരാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്. ദ്വാരപാലക ശില്‍പം കോടിക്കണക്കിന് രൂപക്ക് കോടീശ്വരന് വിറ്റെന്നതാണ് ആരോപണം.
എന്നാല്‍ തൊണ്ടി മുതല്‍ ഇതുവരെ കണ്ടെടുക്കാനായില്ല. തെളിവുകളും ശേഖരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതികള്‍ പുറത്ത് വരുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെടും. ജയിലില്‍ കിടക്കുന്ന സി.പി.എം നേതാക്കളായ പ്രതികളും പുറത്തിറങ്ങും. അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കില്‍ ഇപ്പോള്‍ കിടക്കുന്നതിനേക്കാള്‍ വലിയ നേതാക്കള്‍ ജയിലിലായേനെ. അത് ഒഴിവാക്കാനാണ് ഗൂഡാലോചന നടത്തി കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത്.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിലും പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടും. അറസ്റ്റ് ചെയ്യാനുള്ള തെളിവുകളല്ലാതെ ഇത്രയും ദിവസമായിട്ടും മറ്റു തെളിവുകള്‍ ശേഖരിച്ചിട്ടില്ല. തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും ഉത്കണ്ഠയുണ്ട്.
എസ്.ഐ.ടിയുടെ അന്വേഷണം കൂടുതല്‍ സജീവമാക്കാനുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണം. ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പറഞ്ഞതൊക്കെ കോടതി പിന്നീട് ശരിവച്ചു. പ്രതിപക്ഷം പറഞ്ഞ ഒരു കാര്യങ്ങളും പിന്നീട് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

