ശബരിമല സന്നിധാനത്തെ സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞത് കമ്പനിയോട് ചോദിക്കണം- ഉണ്ണികൃഷ്ണൻ പോറ്റി
text_fieldsതിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞത് ചെന്നൈയിലെ കമ്പനിയോട് ചോദിക്കണമെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. രജിസ്റ്ററിൽ രേഖപ്പെടുത്താതെ വഴിപാട് വസ്തുക്കൾ എങ്ങനെ ശബരിമലയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോയി എന്ന ചോദ്യത്തിന് താൻ മറുപടി പറയേണ്ടതില്ലെന്നും അതിനൊക്കെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താനൊന്നും മോഷ്ടിച്ചുകൊണ്ടുപോയിട്ടില്ല. രേഖകൾ പ്രകാരവും നിയമപ്രകാരവുമായിരിക്കുമല്ലോ തനിക്ക് പാളികൾ സ്വർണം പൂശാനായി തന്നിട്ടുണ്ടാവുക. തനിക്ക് പറയാനുള്ളത് കോടതിക്ക് മുമ്പിലും അന്വേഷണ ഉദ്യോഗസഥരോടും പറയും. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ട ബാധ്യത തനിക്കില്ല -അദ്ദേഹം പറഞ്ഞു.
പീഠം വീട്ടിലെത്തിച്ചിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല, സഹോദരിയുടെ വീട്ടിലേക്ക് എന്തിനു മാറ്റി തുടങ്ങിയ ചോദ്യങ്ങളോടും ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചില്ല.
ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പോറ്റി ദുരൂഹമായ വ്യക്തിത്വത്തിന് ഉടമയാണെന്നും ഇദ്ദേഹത്തിെന്റ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ടെന്നും ദേവസ്വം ബോർഡ് പറയുന്നു.
അതേസമയം, ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞതിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ദേവസ്വം വിജിലൻസ്. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിൽ അവ്യക്തത ഉണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. നാലു കിലോ തൂക്കമാണ് ശിൽപത്തിൽ കുറവുണ്ടായത്. സ്വർണപീഠം കാണാതായതിൽ ഇരുവരെയും പ്രതിയാക്കുന്നതിൽ തീരുമാനം പിന്നീടാകുമെന്നും വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്.
2019 ജൂലൈ 20ന് സന്നിധാനത്തുനിന്ന് കൊണ്ടുപോയ പാളികള്‍ ആഗസ്റ്റ് 29നാണ് സ്വര്‍ണം പൂശല്‍ നടത്തേണ്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. ഒരു മാസവും ഒമ്പത് ദിവസവും ഇവ എവിടെയായിരുന്നുവെന്നതിന് ഒരു രേഖയുമില്ല.
സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. കേരളാ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത മോഷണമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയില്‍ നടത്തിയത്. സ്‌പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബെനാമിയെന്നും സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും എന്താണ് ബന്ധമെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. സ്വര്‍ണപീഠം സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിട്ടും അയാളെ പ്രതിയാക്കാത്തത് എന്ത് കൊണ്ടാണ്. ദേവസ്വം ബോര്‍ഡും ആരോപണ നിഴലിലാണ്. സമഗ്രഅന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശനിയാഴ്ച ചോദ്യം ചെയ്യും
ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യും. ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റി തലസ്ഥാനത്തെത്തി. ശബരിമലയിൽ ഇയാൾക്കുള്ള ബന്ധങ്ങളെപ്പറ്റിയും പോറ്റിയുടെ സാമ്പത്തിക ചുറ്റുപാടുകളെ സംബന്ധിച്ചും ദേവസ്വം വിജിലൻസ് വിവരങ്ങൾ ശേഖരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

