‘മാലാഖയും ഗന്ധർവനും’ ഡ്യൂട്ടിയിലാണ്
text_fieldsമഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി കരുമ്പനക്കൽ വീട്ടിൽ ആർ. ഉണ്ണികൃഷ്ണൻ-പി. നീന എന്നിവർക്ക് ഈ നഴ്സസ് ദിനവും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നു.
കോവിഡ് പശ്ചാത്തലത്തിൽ മെഡിക്കൽ കോളജിനെ പ്രത്യേക ചികിത്സാകേന്ദ്രമാക്കി മാറ്റിയതോടെ ചെരണി ടി.ബി ആശുപത്രിയിലാണ് ഇവരുടെ ജോലി. മെഡിക്കൽ കോളജ് ഒ.പികൾ ഇവിടേക്ക് പുനഃക്രമീകരിച്ചിരുന്നു.
ഇതോടെയാണ് സീനിയർ അംഗങ്ങൾ എന്നനിലയിൽ സേവനം ചെരണിയിലേക്ക് മാറ്റിയത്. മൂന്നു ഷിഫ്റ്റുകളിലായി ജോലി ചെയ്തുവരുകയാണ് ഈ ദമ്പതികൾ. ഇവരെ കൂടാതെ ആറു സ്റ്റാഫ് നഴ്സുമാരും കൂടെയുണ്ട്.
മഞ്ചേരി ഗവ. നഴ്സിങ് സ്കൂളിലായിരുന്നു ഇരുവരുടെയും പഠനം. പഠനത്തിനിടയിലെ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തി. 2007 ജൂലൈ 12ന് ഉണ്ണി, നീനയുടെ കഴുത്തിൽ താലികെട്ടി. അതേവർഷം ഒക്ടോബറിൽതന്നെ ഇരുവരും മഞ്ചേരി മെഡിക്കൽ കോളജിൽതന്നെ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ഒരുവർഷത്തിനുശേഷം ഉണ്ണികൃഷ്ണൻ തിരൂർ ജില്ല ആശുപത്രിയിലും ജോലിചെയ്തു. തിരിച്ച് വീണ്ടും മഞ്ചേരിയിലെത്തി. ഉണ്ണികൃഷ്ണന്റെ മാതാവ് സാവിത്രി മഞ്ചേരി മെഡിക്കൽ കോളജിൽ നഴ്സിങ് ഓഫിസറായി ജോലിചെയ്തിരുന്നു.
അമ്മയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉണ്ണി നഴ്സിങ് മേഖലയിലെത്തിയത്. കാർത്തിക് കൃഷ്ണ, ആദിത്യ കൃഷ്ണൻ, ആദിശങ്കർ കൃഷ്ണ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
