‘ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്‍റെ പ്രതികാരം’; മാനേജറെ മർദിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഉണ്ണി മുകുന്ദൻ
text_fieldsകൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ. എറണാകുളം ജില്ല കോടതിയിലാണ് ഹരജി നൽകിയത്.
ആസൂത്രിത ഗുഢാലോചനയുടെ ഭാഗമായുള്ള വ്യാജപരാതിയാണിത്. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്‍റെ പ്രതികാരമാണ് ഈ പരാതിയെന്നും ഹരജിയിൽ പറയുന്നു. മാനേജർ വിപിൻ കുമാറിന്‍റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കൊച്ചി ഇൻഫോ പാർക്ക് പൊലീസ് കേസ് എടുത്തിരുന്നു. ഉണ്ണി മുകുന്ദൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ പരാതിയിൽ പറയുന്നത്. കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിന്‍റെ ഒന്നാം നിലയിലുള്ള ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് തന്നെ വിളിച്ചു വരുത്തി യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
മുഖത്തിരുന്ന വിലയേറിയ കൂളിങ് ഗ്ലാസ് ഊരിമാറ്റി പൊട്ടിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം, വിപിൻ കുമാറിനെ താൻ മർദിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ കണ്ണട ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണെന്നുമാണ് നടന്‍റെ വാദം. ആളുകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സി.സി.ടി.വി കാമറയുള്ള ഭാഗത്താണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് മർദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ് വിപിൻ കുമാറിന്റെ പരാതിയിൽ പറയുന്നത്. തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സംഭവം നടക്കുമ്പോൾ ‘മേപ്പടിയാൻ’ സംവിധായകനും സുഹൃത്തുമായ വിഷ്ണു ഉണ്ണിത്താൻ കൂടെ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
‘ഇത്രയും നാൾ കൂടെ കൊണ്ടുനടന്നിരുന്നൊരാൾ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ? എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നു. അതിനുവേണ്ടിയാണ് വിപിനെ നേരിട്ടു കാണാൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങിൽ വച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിൻ ഇറങ്ങി വന്നത്. കണ്ണട ഊരി സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ പോലും അയാൾക്കായില്ല. കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാൽ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്തിട്ടില്ല. സിസിടിവി കാമറയുള്ള ഒരു ഭാഗത്താണ് ഇതെല്ലാം നടക്കുന്നത്. വിഷ്ണുവിന്റെ മുന്നിൽ വെച്ച് വിപിൻ സോറി പറഞ്ഞു. ഇതുമതി, പ്രശ്നം അവിടെ തീർന്നെന്ന് ഞാൻ വിപിനോടു പറഞ്ഞു’ -ഉണ്ണി മുകുന്ദൻ പറഞ്ഞു.
‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് മർദിച്ചുവെന്ന് വിപിൻ പറഞ്ഞത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

