വേടന്റെ അറസ്റ്റിൽ അനാവശ്യ തിടുക്കം: ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
text_fieldsതിരുവനന്തപുരം: മാലയിൽ പുലിപ്പല്ല് അണിഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന്റെ അറസ്റ്റും തുടർന്നുള്ള നടപടികളും ചർച്ചയായതോടെ വിഷയത്തിൽ തിരുത്തൽ നടപടിയുമായി വനം വകുപ്പ്.
പൊതു ജനാഭിപ്രായം തീർത്തും എതിരായതോടെയാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ റിപ്പോർട്ട് തേടിയത്. അറസ്റ്റിനും തുടർന്ന് വിഷയം ചാനലുകൾക്കു മുന്നിൽ കൊണ്ടു വരുന്നതിലും വനം വകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യ തിടുക്കം കാണിച്ചതായാണ് നിഗമനം. അറസ്റ്റിൽ രൂക്ഷവിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിരോധത്തിലായിരുന്നു. കോടനാട് വനം വകുപ്പ് ഓഫിസാണ് വിഷയത്തിൽ പ്രതിക്കൂട്ടിലായത്.
അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ശനിയാഴ്ച റിപ്പോർട്ട് നൽകാനാണ് നിർദേശം.
റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും. വേടനെതിരെ നടപടിയുണ്ടാകുമെന്ന് ആദ്യ ഘട്ടത്തിൽ സൂചിപ്പിച്ച വനംമന്ത്രി പൊതുഅഭിപ്രായം എതിരായതോടെ മലക്കം മറിയുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ഗായകൻ ഷഹബാസ് അമൻ, നടൻ ഹരീഷ് പേരടി തുടങ്ങി നിരവധി പേർ എതിർപ്പുമായി രംഗത്തു വന്നിരുന്നു.
കഞ്ചാവ് കേസിൽ എക്സൈസ് സ്വീകരിച്ച നിയമാനുസൃത നടപടികൾക്കു പുറമെ വനം വകുപ്പ് കൈക്കൊണ്ട നടപടികൾ സാമൂഹിക മാധ്യമങ്ങളിലടക്കം വൻ പ്രതിഷേധത്തിനും വഴിവെച്ചു. കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായി നിയമ നടപടികൾ സാധാരണ രീതിയിൽ പോകുന്നതിനിടെയാണ് കഴുത്തിലണിഞ്ഞത് പുലിപ്പല്ലാണെന്ന തീർപ്പിലെത്തിയ വനം വകുപ്പ് കേസെടുത്തത്. അതിനിടെ വേടന്റെ മാതാവ് ശ്രീലങ്കൻ വേരുകളുള്ള അഭയാർഥിയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തു വന്നു. സമാന സ്വഭാവമുള്ള കേസുകളിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന വനം വകുപ്പിന്റെ നടപടിയും വ്യാപകമായി വിമർശിക്കപ്പെട്ടു. കോടനാട്ടുള്ള ഓഫിസിൽ നിന്നുള്ള ഫയലുകൾ മന്ത്രി പരിശോധിക്കും.
അതിനിടെ വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

