മാപ്പപേക്ഷ നൽകിയാൽ കാലടിയിൽ സസ്പെൻഷനിലായ 16ൽ 12 പേരെ തിരിച്ചെടുക്കാമെന്ന് സർവകാലാശാല സിൻഡിക്കേറ്റ്
text_fieldsകൊച്ചി: മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് കാലടി സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ശ്യാം ജിത്ത്, പ്രസിഡന്‍റ് അർച്ചന, ശ്രദ്ധ, അഭിജിത്ത് കെ.വി എന്നീ നാലു പേരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്നും സിൻഡിക്കേറ്റ് അറിയിച്ചു.
സസ്പെൻഷൻ കാലയളവിൽ കാമ്പസിൽ കയറിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാലുപേരുടെ സസ്പെൻഷൻ പിൻവലിക്കേണ്ട എന്നുള്ള തീരുമാനത്തിൽ സിൻഡിക്കേറ്റ് എത്തിയത്. മറ്റ് 12 പേരെ മാപ്പപേക്ഷക്കൊപ്പം രക്ഷിതാക്കളുടെ ഉറപ്പിന്‍റെ കൂടെ അടിസ്ഥാനത്തിലാവും തിരിച്ചെടുക്കുക.
അതേസമയം, വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുവാദം കോടതി വിധി അനുസരിച്ച് മാത്രമേ ലഭിക്കൂ. നാലിനാണ് പരീക്ഷ നടക്കുന്നത്. വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സർവകലാശാല അപ്പീൽ നൽകിയത്. വിദ്യാർഥികൾക്ക് മതിയായ ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നായിരുന്നു സർവകലാശാല അപ്പീലിൽ വാദിച്ചത്. ഇതിൽ കോടതി നാളെ വിധി പറയും. ഈ വിധി അനുസരിച്ച് മാത്രമേ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയൂ. സിൻഡിക്കേറ്റ് തീരുമാനത്തിൽ എസ്.എഫ്.ഐയുടെ തീരുമാനവും നിർണായകമാകും.
ഇതിനിടയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹാരാജാസ് കോളജിൽ കോൺവെക്കേഷൻ പരിപാടി ഉദ്ഘാടനം ചെയ്ത് സാസാരിക്കുകയായരുന്ന മന്ത്രി റോജി .എം ജോണിനെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ നേതാക്കളെ സസ്പെൻഡ് ചെയ്തു. കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവർക്കെതിരെയാണ് 10 ദിവസത്തെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന കോളജ് കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്.

