സർവകലാശാല നിയമഭേദഗതി; ഗവേഷണ കൗൺസിലും സിൻഡിക്കേറ്റിന്റെ നിയന്ത്രണത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ പുതുതായി രൂപവത്കരിക്കാൻ സർവകലാശാല നിയമഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്ന ഗവേഷണ കൗൺസിലിനും സിൻഡിക്കേറ്റിന്റെ നിയന്ത്രണം. ഗവേഷണ കാര്യങ്ങൾക്കായി തീർത്തും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സംവിധാനമാണ് ഗവേഷണ കൗൺസിൽ. കൗൺസിലിലേക്ക് നേരത്തെ നിർദേശിച്ചിരുന്ന അംഗങ്ങളിൽ സിൻഡിക്കേറ്റംഗങ്ങളുടെ എണ്ണം വർധിപ്പിച്ചാണ് നിലവിൽ വരുംമുമ്പ് നിയന്ത്രണം ഉറപ്പാക്കുന്നത്. നേരത്തെ വൈസ്ചാൻസലറുടെ ഒട്ടേറെ അധികാരങ്ങൾ എടുത്തുമാറ്റി സിൻഡിക്കേറ്റിൽ നിക്ഷിപ്തമാക്കുന്ന ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.
പിന്നാലെയാണ് ഗവേഷണ കൗൺസിലിലും സിൻഡിക്കേറ്റ് പിടിമുറുക്കുന്ന ഭേദഗതി സബ്ജക്ട് കമ്മിറ്റിയിൽ കൊണ്ടുവന്നത്. വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, സിൻഡിക്കേറ്റ് നാമനിർദേശം ചെയ്യുന്ന റിസർച് ഡയറക്ടർ, സിൻഡിക്കേറ്റിലെ അധ്യാപകരായ രണ്ട് പേർ, സിൻഡിക്കേറ്റ് നാമനിർദേശം ചെയ്യുന്ന മൂന്ന് ഡീൻമാർ, സർവകലാശാലക്ക് പുറത്തുനിന്ന് വി.സി നാമനിർദേശം ചെയ്യുന്ന രണ്ട് വിദഗ്ധർ, സിൻഡിക്കേറ്റ് നാമനിർദേശം ചെയ്യുന്ന ഗവേഷകൻ, ഐ.ക്യു.എ.സി ഡയറക്ടർ, അക്കാദമിക് കൗൺസിൽ നാമനിർദേശം ചെയ്യുന്ന രണ്ട് പേർ എന്നിങ്ങനെയാണ് സഭയിൽ അവതരിപ്പിച്ച ബില്ലിൽ റിസർച് കൗൺസിലിന്റെ ഘടന. വി.സി കൗൺസിലിന്റെ അധ്യക്ഷനും. എന്നാൽ സബ്ജക്ട് കമ്മിറ്റിയിൽ സിൻഡിക്കേറ്റിൽനിന്ന് നാമനിർദേശം ചെയ്യുന്ന അധ്യാപകരുടെ എണ്ണം മൂന്നാക്കി ഉയർത്തുന്ന ഭേദഗതി കൊണ്ടുവന്നാണ് ഗവേഷണ കൗൺസിലിനുമേൽ സിൻഡിക്കേറ്റിനുള്ള നിയന്ത്രണം ഉറപ്പാക്കിയത്.
കൗൺസിലിൽ അംഗങ്ങളാകുന്ന റിസർച് ഡയറക്ടറെയും ഐ.ക്യു.എ.സി ഡയറക്ടറെയും നിയമിക്കുന്നത് സിൻഡിക്കേറ്റാണ്. കൗൺസിലിന്റെ അധ്യക്ഷനായ വി.സിക്ക് നാമനിർദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം രണ്ടിൽ ഒതുക്കിയും സിൻഡിക്കേറ്റിന് നാമനിർദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്താണ് ഗവേഷണ കാര്യങ്ങളിൽ പോലും സിൻഡിക്കേറ്റിന് പിടിമുറുക്കാൻ വഴിതുറന്നത്. ഭരണത്തിലിരിക്കുന്ന സർക്കാറിനനുസൃതമായി രാഷ്ട്രീയതാൽപര്യത്തിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് നിലവിൽ സർവകലാശാല സിൻഡിക്കേറ്റുകൾ. ഗവേഷണം, നൂതനാശയങ്ങളുടെ പ്രോത്സാഹനം, അക്കാദമിക സഹകരണം, സാങ്കേതിക വിദ്യകളുടെ കൈമാറ്റം, ഗവേഷണ സംബന്ധമായ വ്യാപന പ്രവർത്തനങ്ങൾ തുടങ്ങിയവ മുൻനിർത്തി കൊണ്ടുവരുന്ന സംവിധാനത്തെ ആരംഭത്തിൽ തന്നെ സിൻഡിക്കേറ്റിന്റെ ‘ഉപവകുപ്പാക്കി’ മാറ്റുന്നതാണ് നിയമഭേദഗതി ബില്ലിലെ വ്യവസ്ഥ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.