Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമികവിന്റെ...

മികവിന്റെ കേന്ദ്രമാകേണ്ട സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസുകളാക്കി - വി.ഡി സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: മികവിന്റെ കേന്ദ്രമാകേണ്ട സര്‍വകലാശാലകളെ സ്വന്തം പാര്‍ട്ടിക്കാരെയും ഇഷ്ടക്കാരെയും പിന്‍വാതിലിലൂടെ നിയമിക്കാനുള്ള ലാവണങ്ങളാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ എല്ലാ ദിവസത്തെയും വാര്‍ത്തകളിലൊന്ന് പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചാണ്.

പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരെ ഒരു സര്‍വകലാശാലകളിലും നിയമിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതിന് വേണ്ടി മാനദണ്ഡങ്ങള്‍ സൗകര്യം പോലെ മാറ്റുകയാണ്. ഇതിലൂടെ അര്‍ഹരായവര്‍ പിന്തള്ളപ്പെടുകയാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ അക്കാദമിക് സമൂഹത്തിലും ചെറുപ്പക്കാരിലും അസ്വസ്ഥത ഉണ്ടാക്കിയിരിക്കുകയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ത്ത് പാര്‍ട്ടി ഓഫീസുകളാക്കി മാറ്റുന്നത് ശരിയല്ല.

സ്വന്തം ഇഷ്ടങ്ങള്‍ ചെയ്തുകൂട്ടാന്‍ വേണ്ടി നിയമിച്ചിരിക്കുന്ന പപ്പറ്റുകളാക്കി വൈസ് ചാന്‍സിലര്‍മാരെ മാറ്റിയിരിക്കുകയാണ്. ഗവേഷണം പ്രബന്ധം കോപ്പിയടിച്ചയാളെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചു. പ്രബന്ധങ്ങള്‍ പരിശോധിക്കാന്‍ സര്‍വകലാശാല തീരുമാനിക്കുന്നതിന് മുന്‍പാണ് തന്റെ നിയമനം നടന്നതെന്നും അതിനാല്‍ കോപ്പിയടി ഗൗരവമായി എടുക്കരുതെന്നും ഇദ്ദേഹം സര്‍വകലാശാലയോട് ആവശ്യപ്പെട്ടും. ഈ ആവശ്യം സര്‍വകലാശാലയും അംഗീകരിച്ചു. അക്കാദമിക് മികവുള്ള ആളുകള്‍ എഴുതിയ പ്രബന്ധം കോപ്പിയടിച്ചയാള്‍ ഇപ്പോഴും നമ്മുടെ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസമന്ത്രി ഹിന്ദുത്വ അജണ്ടയെ കുറിച്ചൊക്കെ പറഞ്ഞു. അത് എന്തിനാണ് പറഞ്ഞതെന്ന് മാത്രം മനസിലായില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് കോഴ്‌സ് സിലബസില്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വി.സിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ എം.എയ്ക്ക് പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച വി.സിയെ കൈയില്‍ വച്ചുകൊണ്ടാണ് ഹിന്ദുത്വ അജണ്ടയെ കുറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്.

ഇത് തന്നെയാണ് മോദി സര്‍ക്കാരിന് എതിരായ അക്കാദമിക് സമൂഹത്തിന്റെ ആരോപണം. ചരിത്രത്തെ വളച്ചൊടിച്ച് അവരുടെ നേതാക്കളുടെ അജണ്ട സിലബസിലേക്കും ചരിത്രത്തിലേക്കും കുത്തിക്കയറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് നമ്മള്‍ ഒരുമിച്ച് മോദി സര്‍ക്കാരിനെതിരെ പറയുന്ന ആരോപണം. എന്നിട്ടാണ് ആര്‍.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങള്‍ കുട്ടികള്‍ പഠിക്കാതെ പോകരുതെന്ന് പറഞ്ഞ മന്ത്രി പ്രതിപക്ഷത്തിന് മൃദു ഹിന്ദുത്വമാണെന്ന് പറയുന്നത്.

കണ്ണൂര്‍ വി.സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി റദാക്കി മുന്‍ വൈസ് ചാന്‍സിലര്‍ക്ക് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത് ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ്. മന്ത്രിയുടെ ആവശ്യം ഗവര്‍ണറും അംഗീകരിച്ചു. 60 വയസ് കഴിഞ്ഞ വി.സിക്ക് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയുണ്ടാക്കി. അന്ന് ഹിന്ദുത്വ അജണ്ടയെ പറ്റിയോ കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജണ്ടയെ പറ്റിയോ മന്ത്രി ഓര്‍ത്തില്ല.

വി.സിയെ ക്രിമിനലെന്ന് ഗവര്‍ണര്‍ വിളിച്ചപ്പോള്‍ അങ്ങനെ വിളിക്കാന്‍ പാടില്ലെന്ന അന്തസുള്ള നിലപാടാണ് ഞങ്ങളെടുത്തത്. അല്ലാതെ നിങ്ങളെ പോലെ ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയല്ല ചെയ്തത്. നിങ്ങള്‍ക്ക് സൗകര്യം ചെയ്ത് തരുമ്പോള്‍ ഗവര്‍ണര്‍ നല്ല ആളാണ്. അല്ലെങ്കില്‍ ഹിന്ദുത്വ അജണ്ട. ഇതാണ് എൽ.ഡി.എഫ് നിലപാടെന്ന് സതീശൻ പറഞ്ഞു.

ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിലവിലില്ല. അടിസ്ഥാന യോഗ്യതയില്ലാത്ത 68 പേരെ അധ്യാപകരായി നിയമിക്കുകയും ചോദ്യ പേപ്പര്‍ മുന്‍വര്‍ഷത്തേത് ആവര്‍ത്തിക്കുകയും ചെയ്തു. എത്ര അധ്യാപന നിലവാരമുണ്ടെങ്കിലും നിങ്ങളുടെ സംഘടനയുമായി ബന്ധമില്ലാത്ത ആരെയും ഒരു കമ്മിറ്റിയിലും ഉള്‍പ്പെടുത്തില്ല. ബി.എ തോറ്റവര്‍ക്ക് എം.എയ്ക്ക് പ്രവേശനം നല്‍കി. ബി.എയ്ക്ക് തോറ്റപ്പോള്‍ എം.എയ്ക്ക് ഇരുന്നുകൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഇതൊക്കെയാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ ഉപരിപഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്.

പ്രതിപക്ഷത്തിന് മൂന്നാം കിട കുശുമ്പെന്നാണ് മന്ത്രി പറഞ്ഞത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെയും സര്‍വകലാശാലകളുടെയും ഇന്നത്തെ അവസ്ഥ കണ്ടാല്‍ ആര്‍ക്കെങ്കിലും മുപ്പതാം കിട കുശുമ്പെങ്കിലും തോന്നുമോ? വഴിയെ പോകുന്ന ആര്‍ക്കെങ്കിലും ഒരു കുശുമ്പ് തോന്നുമോ? ആര്‍ക്കായാലും സങ്കടവും സഹതാപവുമൊക്കെയെ തോന്നുകയുള്ളൂ. സര്‍വകലാശാലകളിലെ ബന്ധുനിയമനത്തെ കുറിച്ചാണ് പ്രതിപക്ഷം പറഞ്ഞത്. അല്ലാതെ മന്ത്രിയുടെ ബന്ധു നിയമനത്തെക്കുറിച്ചല്ല.

സര്‍വകലാശാലകളെ നിയന്ത്രിക്കുന്നത് മന്ത്രിയല്ല. ഇതൊക്കെ നിയന്ത്രിക്കാന്‍ അദൃശ്യ ശക്തികളുണ്ട്. മന്ത്രി എടുക്കുന്ന തീരുമാനം നടപ്പാക്കണമെങ്കിലും അവര്‍ വിചാരിക്കണം. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ളവയിലും പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്. സര്‍വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ നിയമനം യു.ഡി.എഫ് സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ടത് പോലെ അധ്യാപക നിയമനവും പി.എസ്.എസിക്ക് വിടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V. D. Satheesan
News Summary - Universities that should be centers of excellence have been turned into party offices - VD Satheesan
Next Story