കേന്ദ്ര മന്ത്രി വി. മുരളീധരനു ശനിദശ: സൈബിറടത്തിൽ രൂക്ഷ വിമർശനം
text_fieldsകേന്ദ്ര മന്ത്രി വി. മുരളീധരൻ
കായംകുളം: പിന്നണി ഗായികക്ക് വിവാഹാശംസ അറിയിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ സൈബിറടത്തിൽ രൂക്ഷ വിമർശനം. നേതാവിനെ ന്യായീകരിച്ച ബി.ജെ.പി ജില്ല സെക്രട്ടറിയും പ്രതിരോധത്തിൽ. പിന്നണി ഗായിക മഞ്ജരിക്ക് വിവാഹാശംസ അറിയിക്കാൻ സന്ദർശിച്ചതാണ് മുരളീധരനെതിരെ അണികൾ തിരിയാൻ കാരണം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ശങ്കു ടി. ദാസിനെ മന്ത്രി അവഗണിച്ചെന്ന തോന്നലാണ് അണികളെ ചൊടിപ്പിച്ചത്.
ആശുപത്രിയിൽ സന്ദർശിക്കാതിരുന്ന മന്ത്രി ഇതുസംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പിടാതെ വിവാഹാശംസ ഫോട്ടോ പങ്കുവെച്ചിനെതിരെയും വിമർശനമുണ്ട്. ബി.ജെ.പി കേരളത്തിൽ വളരാതിരിക്കാൻ കാരണം നേതാക്കളുടെ ഇത്തരം സമീപനങ്ങളാണെന്നും പലരും തുറന്നടിക്കുന്നു. ബി.ജെ.പിയെ കെ.ജെ.പി എന്നാണ് പലരും വിശേഷിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര മന്ത്രിക്ക് വേറെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ട്. താങ്കളെ ഓർത്ത് ലജ്ജിക്കുന്നു. കേരള ബി.ജെ.പി നേതൃത്വം ഗൂഢസംഘം പോലെ പ്രവർത്തിക്കുന്നു.
ബിരിയാണി ചെമ്പിലെ സ്വർണക്കൊലുസ് നോക്കി നടക്കുന്ന നേതൃത്വം ബി.ജെ.പിയുടെ അന്ത്യം കുറിക്കും. കേന്ദ്ര മണ്ഡരി തുടങ്ങി രൂക്ഷമായ വിമർശനമാണ് വി. മുരളീധരന്‍റെ പേജിൽ നടക്കുന്നത്. വിമർശകരെ പ്രതിരോധിക്കാനും മന്ത്രിക്ക് അനുകൂലമായി കാര്യങ്ങൾ പറയാനും വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്തുന്നത്. മുരളീധരന്‍റെ ഉറ്റ അനുയായിയായ ആലപ്പുഴ ജില്ല സെക്രട്ടറി ഡി. അശ്വിനിദേവ് മന്ത്രിയെ വിമർശിച്ചവർക്കെതിരെ സ്വന്തം പേജിലൂടെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. 'കഴിഞ്ഞ ദിവസം മുഴുവൻ വി. മുരളീധരനെതിരെയുള്ള പുലയാട്ട് വായിച്ച് തീർക്കാനുള്ള തിരക്കായിരുന്നു എന്ന പരാമർശത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
പാർട്ടിയുടെ മുതിർന്ന നേതാവിനെ അതേ പാർട്ടിയിൽ നിൽക്കുന്നവർ മ്ലേച്ഛമായ ഭാഷയിൽ വിമർശിക്കുന്നത് ശരിയായ നടപടിയല്ല. മുമ്പ് പി.എസ്. ശ്രീധരൻപിള്ളക്കെതിരെ രംഗത്തുവന്നവരാണ് ഇപ്പോൾ മുരളീധരനെതിരെ ഇറങ്ങിയിരിക്കുന്നതെന്നും അശ്വിനിദേവിന്‍റെ പോസ്റ്റിൽ പറയുന്നു. ഇതിന് താഴെയും അനുകൂലമായും പ്രതികൂലമായും ചർച്ച സജീവമാണ്. അതേമസയം, ഭൂരിപക്ഷം പ്രെഫൈലുകളും ലോക്ക് ചെയ്തിരിക്കുന്നതിനാൽ സംഘ്പരിവാറുകാരുടെ ഫേക് ഐ.ഡികളാണിതെന്ന വിലയിരുത്തലുമുണ്ട്. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ സംഘ്പരിവാർ രൂപപ്പെടുത്തിയ വ്യാജ ഐ.ഡികൾ അവർക്കുതന്നെ തിരിച്ചടിയാകുകയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.