കേന്ദ്ര ബജറ്റ്: 21,000 കോടിയുടെ സഹായം ആവശ്യപ്പെട്ട് ധനമന്ത്രി
text_fieldsന്യൂഡൽഹി: ജി.എസ്.ടി പുനഃക്രമീകരണവും അമേരിക്കയുടെ തീരുവ നടപടികളും മൂലം ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ കേന്ദ്ര ബജറ്റിൽ കേരളത്തിൽ 21,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്ര ബജറ്റിന് മുന്നോടിയായി ശനിയാഴ്ച കേന്ദ്ര ധനമന്ത്രാലയം സംഘടിപ്പിച്ച ബജറ്റ് കൺസൾട്ടേഷൻ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. അമേരിക്കൻ തീരുവയും കേന്ദ്ര നിയന്ത്രണങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ പരിഗണിച്ച് കേന്ദ്രസഹായം വർധിപ്പിക്കണമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ജി.എസ്.ടി പുനഃക്രമീകരണം മൂലം 8,000 കോടി വാർഷിക നഷ്ടം സംസ്ഥാനത്തിനുണ്ടായി. കൂടാതെ, അമേരിക്കൻ തീരുവ മൂലം സംസ്ഥാനത്തെ കയറ്റുമതി മേഖലക്ക് 2,500 കോടി വാർഷിക നഷ്ടം സംഭവിച്ചു. കടമെടുപ്പ് പരിധിയിൽ 17,000 കോടി വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, സംസ്ഥാനത്തിന് എയിംസ്, മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ 1,000 കോടി രൂപ, പ്രവാസികളുടെ ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സഹായം, നെല്ല് സംഭരണ പരിഷ്കരണത്തിന് 2,000 കോടി രൂപ, വിഴിഞ്ഞം തുറമുഖത്തിന് ഫണ്ട് തുടങ്ങിയവയും സംസ്ഥാനം ആവശ്യപ്പെട്ടു.
തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവക്ക് പ്രത്യേക സാമ്പത്തിക പാക്കേജ്, ദേശീയ പാത ഭൂമി ഏറ്റെടുക്കലിന് ചെലവഴിച്ച തുകക്ക് കടമെടുപ്പ് അനുവദിക്കൽ, ശബരി റെയിൽ പദ്ധതി ത്വരിതഗതിയിൽ പൂർത്തിയാക്കൽ തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

