‘പുസ്തക കച്ചവട’ത്തിൽ ഉലഞ്ഞ് യൂനിയൻ ബാങ്ക്
text_fieldsതൃശൂർ: കേന്ദ്ര സർക്കാറിന്റെ മുൻ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് ഒരു പുസ്തകമെഴുതുക, രാജ്യത്തെ ഒരു പൊതുമേഖല ബാങ്ക് അതിന്റെ ലക്ഷം കോപ്പി 7.25 കോടി രൂപ ചെലവഴിച്ച് വാങ്ങുക; ‘പുസ്തക കച്ചവട’ വിവാദത്തിൽ ആടിയുലയുകയാണ് യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ. ഒരു ജനറൽ മാനേജർ സസ്പെൻഷനിലായി. ബാങ്കിന്റെ എം.ഡി-സി.ഇ.ഒയുടെ കാലാവധി നീട്ടൽ പരുങ്ങലിലായി. പുസ്തകമെഴുതി ബാങ്കുകളെക്കൊണ്ട് വാങ്ങിപ്പിച്ച രചയിതാവിനാവട്ടെ, അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യിലെ പദവിയും പോയി. ബാങ്കിങ് വൃത്തങ്ങളിൽ ആശ്ചര്യമുള്ള കഥയാവുകയാണ് ഈ പുസ്തക വിവാദം.
2018-21 കാലത്ത് കേന്ദ്ര സർക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. കൃഷ്ണമൂർത്തി വെങ്കട സുബ്രഹ്മണ്യൻ കഴിഞ്ഞ വർഷമാണ് ‘ഇന്ത്യ@100: എൻവിഷനിങ് ടുമോറോസ് ഇക്കണോമിക് പവർഹൗസ്’ എന്ന പുസ്തകം എഴുതി പുറത്തിറക്കിയത്. 2047ഓടെ ഇന്ത്യ ലോകത്തെ വൻ സാമ്പത്തിക ശക്തിയാകാൻ പോകുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന പുസ്തകമാണ്. 2022 മുതൽ ഡോ. കെ.വി. സുബ്രഹ്മണ്യൻ ഐ.എം.എഫിൽ ഇന്ത്യയുടെ എക്സിക്യുട്ടിവ് ഡയറക്ടറാണ്.
7.25 കോടി രൂപ ചെലവഴിച്ച് പുസ്തകത്തിന്റെ രണ്ട് ലക്ഷത്തോളം കോപ്പിയാണ് ബാങ്ക് വാങ്ങിയത്. വിലയിൽ പകുതി കൊടുക്കുകയും ചെയ്തു. ബാങ്കിന്റെ ഇടപാടുകാർ, സ്കൂളുകൾ, കോളജുകൾ, ലൈബ്രറികൾ എന്നിവക്ക് വിതരണം ചെയ്യാൻ എന്നുപറഞ്ഞാണ് ഇത്രയും പുസ്തകം വാങ്ങിയത്. ‘ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച് മികച്ച വിവരങ്ങളുള്ള അമൂല്യ പുസ്തകം’ എന്നാണ് ബാങ്ക് ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്തെ 18 സോണൽ ഓഫിസുകളിൽ പുസ്തകം വിതരണത്തിന് എത്തിക്കുകയും ചെയ്തു. ഇതിനൊന്നും ബാങ്ക് ഡയറക്ടർ ബോർഡിന്റെ അനുമതി തേടിയിരുന്നില്ല.
യൂനിയൻ ബാങ്കിലെ ജീവനക്കാരുടെ സംഘടനകളാണ് പുസ്തക ഇടപാട് പുറത്തുകൊണ്ടുവന്നത്. ആൾ ഇന്ത്യ യൂനിയൻ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ പരസ്യമായി ചോദ്യം ചെയ്തു. ഈ ഇടപാടിൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ എ. മണിമേഖലയുടെ പങ്കുൾപ്പെടെ അന്വേഷിക്കണമെന്നും അവർ രാജിവെക്കുകയോ പുറത്താക്കുകയോ വേണമെന്നും ഫെഡറേഷൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

