ആവശ്യത്തിന് യൂനിഫോം എത്തിയില്ലെന്ന് പരാതിപ്പെട്ട പ്രധാനാധ്യാപകന് സസ്പെൻഷൻ
text_fieldsകോഴിക്കോട്: കുട്ടികൾക്ക് ആവശ്യത്തിന് യൂനിഫോം എത്തിയില്ലെന്ന് ദൃശ്യമാധ്യമത്തിലൂടെ പ്രതികരിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. തോപ്പയിൽ ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപകനായ രാമകൃഷ്ണനെയാണ് സസ്പെൻറ് ചെയ്തത്.
സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന കൈത്തറി യൂനിഫോം തോപ്പയിൽ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ലഭ്യമായിരുന്നില്ല. 140 മീറ്റർ തുണിയാണ് വേണ്ടിയിരുന്നത്. എത്തിച്ചത് 53 മീറ്റർ മാത്രമായിരുന്നു. ഒരോ കുട്ടിക്കും രണ്ട് സെറ്റ് യൂനിഫോമാണ് നൽകുന്നത്.
സ്കൂൾ അധികൃതർ ആവശ്യപ്പെട്ട നിറത്തിലുള്ള യൂനിഫോം എത്തിച്ചിരുന്നുമില്ല. ഇക്കാര്യങ്ങൾ ദൃശ്യമാധ്യമത്തിലൂടെ പുറത്തുപറഞ്ഞതിനാണ് വിദ്യാഭ്യാസ വകുപ്പിെൻറ പ്രതികാര നടപടി. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് സസ്പെൻറ് ചെയ്തത്.
ചട്ടം ലംഘിച്ചതിന് സസ്പെൻറ് ചെയ്യുന്നു എന്നാണ് വെള്ളിയാഴ്ച കിട്ടിയ ഉത്തരവിൽ പറയുന്നത്. ഭരണകക്ഷി അധ്യാപക സംഘടനയായ കെ.എസ്.ടി.എ അംഗമാണ് രാമകൃഷ്ണൻ.
