മുസ്ലിം വ്യക്തി നിയമ ഭേദഗതി കേന്ദ്ര നീക്കം ഉപേക്ഷിക്കണം –യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: മുസ്ലിം വ്യക്തിനിയമത്തില്‍ മാറ്റം വരുത്താനുള്ള നീക്കം ബി.ജെ.പി ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്. ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് ബി.ജെ.പി അനാവശ്യ വിവാദം ഇളക്കിവിടുന്നത് യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് മുന്നണി യോഗം ആരോപിച്ചു. സാമുദായിക ധ്രുവീകരണത്തിനുള്ള നീക്കത്തിനെതിരെ പ്രചാരണം നടത്തും. സ്വാശ്രയ നയത്തിനും ബന്ധുനിയമന അഴിമതിക്കും എതിരെ സമരം തുടരും. എന്നാല്‍, നിയമസഭ സ്തംഭിപ്പിക്കില്ല.
ഏക സിവില്‍കോഡിന്‍െറ പേരില്‍ രാജ്യത്തെയും ജനങ്ങളെയും വിഭജിക്കാനുള്ള നീക്കത്തെ നേരിടുമെന്ന് മുന്നണി യോഗശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു സമൂഹത്തിന്‍െറ വ്യക്തിനിയമം മാറ്റുമ്പോള്‍ അവരുടെ വികാരം കൂടി മനസ്സിലാക്കണമെന്നാണ് നെഹ്റു ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുള്ളത്.
മറിച്ചുള്ള നീക്കം ബഹുസ്വരതയെയും മതേതരത്വത്തെയും തകര്‍ക്കും. തീവ്രവാദത്തെ എതിര്‍ക്കുകയും ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരെ നിലപാടെടുക്കുകയും ചെയ്യും. എന്നാല്‍, അതിന്‍െറ പേരില്‍ മുസ്ലിം സമുദായത്തെയാകെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം അപലപനീയമാണ്. നിരപരാധികളെപ്പോലും തീവ്രവാദത്തിന്‍െറ കരിനിഴലിലാക്കുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷ വേട്ട വ്യാപകമാണെന്ന് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അവരുടെ കൂടി ആവശ്യപ്രകാരമാണ് വിഷയം യു.ഡി.എഫ് ഗൗരവത്തോടെ എടുത്തത്. പീസ് സ്കൂളിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യോഗം വിലയിരുത്തി. സ്കൂളിന്‍െറ പ്രവര്‍ത്തനം വി.ഡി. സതീശന്‍ എം.എല്‍.എ വിശദീകരിച്ചു.
ബന്ധുനിയമന വിവാദത്തിലൂടെ നഗ്നമായ അഴിമതിയാണ് പുറത്തുവന്നത്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ നിയമനങ്ങള്‍ നടക്കില്ല. അതിനാല്‍ അദ്ദേഹത്തിന്‍െറ പങ്കും അന്വേഷിക്കണം. വിജിലന്‍സ് അന്വേഷണത്തില്‍ വി.എസ് സര്‍ക്കാറിന്‍െറ അഞ്ചുവര്‍ഷം കൂടി അതില്‍ ഉള്‍പ്പെടുത്തണം.
സര്‍ക്കാറിന്‍െറ പ്രതിച്ഛായ നഷ്ടപ്പെട്ടു. സ്വാശ്രയ മാനേജ്മെന്‍റുകളുമായി നടത്തിയ ഒത്തുകളി മൂന്ന് കോളജുകളിലെ പ്രവേശത്തിലൂടെ വ്യക്തമായി. സ്വാശ്രയസമരം പൊതുസമൂഹത്തിലേക്കും മാനേജ്മെന്‍റുകള്‍ക്ക് മുന്നിലേക്കും വ്യാപിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ നവംബര്‍ 20 മുതല്‍ 26 വരെ എല്ലാ പഞ്ചായത്തുകളിലും പൊതുയോഗങ്ങള്‍ നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
