ഏക സിവിൽകോഡ്: കോൺഗ്രസ് ഒളിച്ചോടുന്നു -മന്ത്രി റിയാസ്
text_fieldsകോഴിക്കോട്: ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ നിലപാട് പറയാതെ കോൺഗ്രസ് ഒളിച്ചോടുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മത വർഗീയ വിഷയങ്ങളിൽ നിലപാട് എടുക്കേണ്ടിവരുമ്പോൾ കോൺഗ്രസ് എല്ലാകാലത്തും ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചത്. എല്ലാ കാലത്തും കോൺഗ്രസ് ഇത്തരം വിഷയങ്ങളിൽ വർഗീയ അജണ്ടകളോട് സന്ധി ചെയ്യുകയും ഇരു മത വർഗീയ വാദികളെയും പാലൂട്ടി വളർത്തുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്.
ഇതുപോലുള്ള വിഷയങ്ങളിലൊന്നും കോൺഗ്രസ് ഒരിക്കലും ശരിയായ നിലപാട് എടുക്കാറില്ല. അതുകൊണ്ടാണ് കോൺഗ്രസ് സംഘടനാപരമായി തകരുന്നത്. നേരത്തെ പൗരത്വ നിയമ ഭേദഗതി വിഷയത്തിലും കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചില്ല. 1992 ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അന്ന് രാജ്യം ഭരിച്ച നരസിംഹ റാവുവിന്റെ നേത്രൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച സമീപനവും ഇതുതന്നെയായിരുന്നു.
ഏതെങ്കിലും ഒരു മതവിഭാഗം നേരിടുന്ന പ്രശ്‍നം എന്ന നിലയിലല്ല ഏക സിവിൽ കോഡിനെ കാണേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന തിരിച്ചടി മുന്നിൽ കണ്ടുമാണ് അജണ്ട വഴിമാറ്റാൻ പ്രധാനമന്ത്രി തന്നെ ഏക സിവിൽ കോഡ് ചർച്ചയാക്കിയതെന്നും റിയാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

