ഏകീകൃത തദ്ദേശ വകുപ്പ്: വിശേഷാല്‍ ചട്ടങ്ങള്‍ നിലവില്‍ വന്നതിന്‍റെ പ്രഖ്യാപനം നാളെ
text_fieldsതിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വിശേഷാല്‍ ചട്ടങ്ങള്‍ നിലവില്‍ വന്നതിന്‍റെ പ്രഖ്യാപനവും ചട്ടങ്ങളുടെ പ്രകാശനവും ചൊവ്വാഴ്ച ഉച്ചക്ക് 12ന് തിരുവനന്തപുരം സ്വരാജ് ഭവൻ ഹാളില്‍ മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. പുതിയ ലോഗോയുടെ പ്രമോ വിഡിയോ പ്രകാശനവും ഇതോടൊപ്പം നടക്കും.
നവകേരള മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിക്കാൻ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന് കഴിയുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. കൂടുതല്‍ യോജിപ്പോടെ ഒന്നിച്ച് മുന്നോട്ടുപോകാൻ ഓരോ വിഭാഗത്തിനും കഴിയും. നാടിന്‍റെ വികസനത്തിന് ഇത് മുതല്‍ക്കൂട്ടാകും. ഏകീകൃത വകുപ്പ് യാഥാര്‍ഥ്യമാകുന്നതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് നടപ്പാകുന്നതെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, എൻജിനീയറിങ്, നഗര-ഗ്രാമാസൂത്രണം എന്നീ അഞ്ച് വകുപ്പുകള്‍ ഇതോടെ ഇല്ലാതാകും. പ്രിൻസിപ്പല്‍ ഡയറക്ടറുടെ ചുമതലയില്‍ ഇനി റൂറല്‍, അര്‍ബൻ, തദേശ സ്വയംഭരണ ആസൂത്രണം, പ്രാദേശിക പശ്ചാത്തല സൗകര്യവികസനവും എൻജിനീയറിങ്ങും എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടായിരിക്കും ഭരണ നിര്‍വഹണം.
ജില്ലാ തലത്തില്‍ ജോയന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലാകും തദ്ദേശ വകുപ്പിന്‍റെ എല്ലാ പ്രവര്‍ത്തനവും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ അസിസ്റ്റന്‍റ് ഡയറക്ടര്‍ തലത്തില്‍ ശക്തമായ വിജിലൻസ് സംവിധാനവുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കാനും സഹായകരമാകും വിധമാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഘടന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും വകുപ്പ് തലത്തിൽ ഏകോപനം നടത്തുന്ന ജീവനക്കാരും വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു കിടന്ന അവസ്ഥ ഇതോടെ അവസാനിക്കും.
ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും മാറി മാറി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതോടെ ജീവനക്കാരുടെ കാര്യശേഷി കൂടുതൽ മെച്ചപ്പെടും. പഞ്ചായത്തുകളിലും ബ്ലോക്കിലും നഗരസഭകളിലുമുള്ള ജീവനക്കാര്‍ ഒരേ വകുപ്പില്‍ നിന്നുമുള്ളവരാകുന്നതോടെ ഇവരെ ആവശ്യമായ ഇടങ്ങളില്‍ മാറ്റി നിയമിക്കാൻ കഴിയും. ദുരന്ത സാഹചര്യങ്ങളിലും മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലുമെല്ലാം ഇത് സഹായകമാവും. ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള സാധ്യതകളും ഏകീകരണത്തിലൂടെ രൂപപ്പെടുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

