അജ്ഞാത മൃതദേഹം കബനി തീരത്തടിഞ്ഞു; തിരിഞ്ഞുനോക്കാതെ കർണാടക
text_fieldsപുൽപള്ളി: അജ്ഞാത മൃതദേഹം കബനി തീരത്തടിഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് 40 വയസ്സ് തോന്നിക്കുന്ന പുരുഷെൻറ മൃതദേഹം കബനിയിലൂടെ ഒഴുകുന്ന നിലയിൽ കണ്ടത്. 11 മണിയോടെ മൃതദേഹം കബനിയുടെ കർണാടക ഭാഗമായ ഗുണ്ടറ ഭാഗത്ത് അടിയുകയായിരുന്നു. മൃതദേഹം പൂർണ നഗ്നാവസ്ഥയിലാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പുൽപള്ളിയിൽനിന്ന് പൊലീസ് കബനി തീരത്തെത്തി. മൃതദേഹം കിടക്കുന്നത് കർണാടക ഭാഗത്തായതിനാൽ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു കേരള പൊലീസ്. വിവരം കർണാടക പൊലീസ്, വനപാലകർ എന്നിവരെ അറിയിക്കുകയും ചെയ്തു.
എന്നാൽ, രാത്രി എട്ടുമണിവരെ അധികൃതരാരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് ആളുകളെയും അടുപ്പിച്ചില്ല. കൊളവള്ളിയിൽനിന്ന് ഗുണ്ടറയിലേക്ക് ആളുകൾ പോകുന്നത് കൊട്ടത്തോണിയിലാണ്. എന്നാൽ, ഇന്നലെ കൊട്ടത്തോണി സർവിസ് നിർത്തിെവക്കാൻ വനപാലകർ നിർദേശം നൽകി. മറുകരയിൽ മൃതദേഹം നീക്കം ചെയ്യുന്നതും നോക്കി രാത്രി വൈകുവോളം നാട്ടുകാർ നിന്നിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുന്ന കാര്യത്തിൽ ഒരു തീരുമാനവും കർണാടക പൊലീസിെൻറ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം കിടക്കുന്ന ഭാഗം വരെ വെള്ളം കയറിയിട്ടുണ്ട്. ശക്തമായ നീരൊഴുക്കുണ്ടായാൽ മൃതദേഹം ഒഴുകിപ്പോകുമെന്ന നിലയാണ്. പുഴക്ക് താഴ്ഭാഗം പൂർണമായും കർണാടകയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളാണ്. ബീച്ചനഹള്ളി അണക്കെട്ടും കിലോമീറ്ററുകൾ മാത്രം അകലെയാണ്.മൃതദേഹത്തിൽ മുറിപ്പാടുകളുണ്ട്. മുമ്പ് പലതവണ അജ്ഞാത മൃതദേഹങ്ങൾ കബനിയുടെ പലഭാഗത്തായി കാണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
