പഠന യോഗ്യമല്ലാത്തത് 1,157 സ്‌കൂള്‍ കെട്ടിടങ്ങള്‍; കൂടുതലും സര്‍ക്കാര്‍ സ്‌കൂളുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 1,157 സ്‌കൂള്‍ കെട്ടിടങ്ങള്‍ ക്ലാസുകള്‍ നടത്താന്‍ യോഗ്യമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ഇത്തരത്തില്‍ ക്ലാസുകള്‍ നടത്താന്‍ യോഗ്യമല്ലാത്ത സ്‌കൂളുകളില്‍ 75 ശതമാനത്തിലധികവും സര്‍ക്കാര്‍ സ്‌കൂളുകളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ചും കിഫ്ബി പദ്ധതികള്‍ വഴിയും പുതിയ കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നുണ്ടെങ്കിലും, അറ്റകുറ്റപ്പണികള്‍ക്കായി പ്രത്യേക ഫണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കരുനാഗപ്പള്ളി എം.എൽ.എ.സി ആര്‍ മഹേഷിന്റെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ഗൗരവമായി കാണുന്നുവെന്നും, പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പട്ടികയിലെ 1,157 സ്‌കൂളുകളില്‍ 875 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 262 എണ്ണം എയ്ഡഡ് സ്‌കൂളുകളുമാണ്. സംസ്ഥാനത്തെ ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പഠന യോഗ്യമല്ലാത്ത കെട്ടിടങ്ങളുള്ള സ്‌കൂളുകളുള്ളത് കൊല്ലത്താണ്. 143 സ്‌കൂളുകളാണ് കൊല്ലത്തുള്ളത്. തൊട്ടുപിന്നില്‍ ആലപ്പുഴ (134), തിരുവനന്തപുരം (120). 20 അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠനയോഗ്യമല്ലാത്ത ക്ലാസ് മുറികളുണ്ടെന്നും കണക്കുകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നടക്കേണ്ട അറ്റകുറ്റപ്പണികളിലെ ഗുരുതരമായ പിഴവുകള്‍ വെളിപ്പെടുത്തുന്നതാണിത്.
നിയമപ്രകാരം സ്‌കൂളുകള്‍ ഓരോ വര്‍ഷവും തുറക്കുന്നതിന് മുമ്പ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടതുണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്. ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പുറപ്പെടുവിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പല ഇടങ്ങളിലും പ്രാവർത്തികമായിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.
മെയ് മാസത്തില്‍ മന്ത്രിമാരായ ശിവന്‍കുട്ടിയും എം.ബി രാജേഷും വിളിച്ചുചേര്‍ത്ത യോഗത്തില്‍ അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് സമീപമുള്ള പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പോലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. ഇത്തരത്തില്‍ പഠന യോഗ്യമല്ലാത്ത കെട്ടിടങ്ങളില്‍ ഭൂരിഭാഗവും മതിലുകളുടെ മോശം പ്ലാസ്റ്ററിംഗ്, മോശം ബേസ്‌മെന്റ്, ക്ലാസ് മുറികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള സ്ഥലത്തിന്റെ അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന വ്യവസ്ഥയില്‍ ഇത്തരം സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക ഫിറ്റ്‌നസ് നല്‍കിയിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 140 സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു. ഇതില്‍ 74 സ്‌കൂളുകളും ഈ വര്‍ഷം സ്‌കൂള്‍ വീണ്ടും തുറക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

