‘ഡിഫൻസ് റിസർച് കൊറിഡോർ’ അടക്കം സ്വപ്ന പദ്ധതികളേറെ
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ കാലാവധി പൂർത്തിയാകാനിരിക്കെ നയപ്രഖ്യാപനത്തിൽ ഇടംനേടിയ സ്വപ്ന പദ്ധതികളേറെ. നാവിക അക്കാദമി, പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷന് (ഡി.ആർ.ഡി.ഒ) കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (എൻ.പി.ഒ.എൽ), കൊച്ചിൻ ഷിപ്യാർഡ്, ബ്രഹ്മോസ് എയ്റോസ്പേസ് തുഖങ്ങിയ സ്ഥാപനങ്ങൾ പ്രയോജപ്പെടുത്തിയുള്ള പ്രതിരോധ ഗവേഷണ-വികസന ഇടനാഴി (ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് കൊറിഡോർ) ആണ് പദ്ധതികളിലൊന്ന്.
ചെറുകിട, ഇടത്തരം സംരഭങ്ങൾക്ക് (എം.എസ്.എം.ഇ) കുറഞ്ഞ പലിശ നിരക്കിൽ ധനസഹായം ഉറപ്പാക്കാനുള്ള സംവിധാനം, കേരളത്തിൽ കൂറ്റൻ കപ്പലുകൾ (മദർഷിപ്പ്) നിർമിക്കാൻ സൗകര്യമൊരുക്കൽ, വിഴിഞ്ഞം തുറമുഖത്തെ ‘ഭാരത്മാല’ പദ്ധതിയുമായും ചരക്ക് നീക്കത്തിനുള്ള പ്രത്യേക ഇടനാഴികളുമായും സംയോജിപ്പിക്കൽ എന്നിവയും പരിഗണന വിഷയങ്ങളായി നയപ്രഖ്യാപനത്തിലുണ്ട്.
പ്രതിരോധം, വ്യോമയാനം, വൈദ്യുത വാഹനങ്ങൾ, കാറ്റാടിയന്ത്രങ്ങൾ തുടങ്ങിയവക്ക് കാന്തികവസ്തുക്കൾ (പെർമനന്റ് മാഗ്നറ്റ്സ്) നിർമിക്കാനുള്ള ‘സ്ട്രാറ്റജിക് എർത്ത് കോറിഡോർ’ കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ നവകേരളം മിഷന് കീഴിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളിൽപ്പെടുന്നു.
2050 ഓടെ കേരളം ‘കാർബൺ സന്തുലിതാവസ്ഥ’ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. ഓൺലൈൻ കാലാവസ്ഥാ പഠന, സാക്ഷരതാ സംവിധാനമൊരുക്കൽ, നാല് തണ്ണീർതടങ്ങൾ കൂടി അന്താരാഷ്ട്ര അംഗീകാരമായ റംസർ പദവിക്കായി നിർദേശിക്കൽ, കാലാവസ്ഥാ സംവാദ പരിപാടി തുടങ്ങിയവയും അനുബന്ധമായി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

