Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇങ്ങനെയൊരു പരാജയം...

ഇങ്ങനെയൊരു പരാജയം മുൻകൂട്ടി മനസിലാക്കാനായില്ല; യു.ഡി.എഫ് -ബി.ജെ.പി ഡീൽ ആവർത്തിച്ചും എം.വി. ഗോവിന്ദൻ

text_fields
bookmark_border
mv govindan
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അപ്രതീക്ഷിതമായ വലിയ തിരിച്ചടി നേരിട്ടുവെന്നും രണ്ട് ​ദിവസമായി ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന റിപ്പോർട്ട് ഏകകണ്ഠമായി അം​ഗീകരിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

40000ത്തോളം ഘടകകങ്ങളിൽനിന്നായി ലക്ഷക്കണക്കിന് പ്രവർത്തകരുടെ അഭിപ്രായം കേട്ടശേഷമാണ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അം​ഗീകരിച്ചത്. തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വലിയ തിരിച്ചടി സി.പി.എം നേരിട്ടു. അക്കാര്യം തന്നെയാണ് റിവ്യൂവിലും കണ്ടത്. ഇങ്ങനെയൊരു പരാജയം സി.പി.എമ്മിന് കേരളത്തിലുണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കാൻ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്ന സ്വയം വിമർശനം അംഗീകരിച്ചു. താഴെ ഘടകങ്ങളിൽവരെ പരിശോധിച്ചപ്പോൾ അക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അവലോകന റി​പ്പോർട്ട് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും തെരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്തു. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ പാർട്ടി ഏറ്റെടുക്കേണ്ട കർമ പദ്ധതികൾ തയ്യാറാക്കാൻ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. ജില്ലകളിലെ പ്രധാന നേതാക്കളെയും മറ്റ് മേഖലയിലെ നേതാക്കളെയും പ​ങ്കെടുപ്പിക്കും. ആഗസ്റ്റിൽ വിപുലമായ യോഗം ചേരും. ഇതിന് മുന്നോടിയായി, പാർട്ടി ഘടകങ്ങൾക്ക് പുറത്തുള്ള എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടും. ഈ കാലഘട്ടത്തെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന കാര്യത്തിൽ എല്ലാവരുടെയും പിന്തുണതേടും. വാട്സ്ആപ് നമ്പർ വഴിയും ഇമെയിൽ വഴിയും എല്ലാവർക്കും അഭിപ്രായങ്ങൾ അറിയിക്കാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ചകൾ സ്വയംവിമർശനപരായി കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചു. വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുള്ള മുസ്‍ലിം വിരുദ്ധ പ്രസ്താവനകൾ പാർട്ടി തള്ളിക്കളഞ്ഞതാണ്. എന്നാൽ, അടുത്തകാലത്ത് വെള്ളാപ്പള്ളിയിൽ നിന്നുണ്ടായ മുസ്‍ലിം വിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം പ്രത്യേകിച്ച് ന്യൂനപക്ഷവിഭാ​ഗങ്ങളിൽ രൂപപ്പെട്ടു. ഇതിനെ ദൂരീകരിക്കുന്ന തരത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പോരായ്മ സംഭവിച്ചു എന്ന് സ്വയം വിമർശനപരമായി വിലയിരുത്തി.

അയ്യപ്പസം​ഗമം സംഘടിപ്പിച്ചത് ദേവസ്വം ബോർഡാണ്. എന്നാൽ സർക്കാരാണ് സംഘടിപ്പിച്ചതെന്ന വലതുപക്ഷപ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. ആർ.എസ്.എസിന്റെ പ്രമുഖനായ വക്താവും യു.പി മുഖ്യമന്ത്രിയുമായ യോ​ഗി ആദിത്യനാഥിന്റെ സന്ദേശം അവിടെ വായിച്ചത് ശരിയായ നിലപാടിയിരുന്നില്ല. ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റാരോപിതനായ എ. പത്മകുമാറിനോട് പാർടി വിശദീകരണം ചോദിക്കുകയും എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറ്റി നിർത്തിയതുമാണ്. എന്നാൽ ആരോപണമുയർന്ന ഘട്ടത്തിൽതന്നെ കർശനമായ നടപടി സ്വീകരിച്ചില്ല എന്ന എതിരാളികളുടെ പ്രചാരണം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഇന്ത്യ ഉൾപ്പെടെ ലോകത്ത് വലതുപക്ഷ ശക്തിയുടെ സ്വാധീനം ശക്തിപ്പെട്ടുവരുന്ന കാലഘട്ടമാണ്. വലതുപക്ഷ ശക്തിയുടെ സ്വാധീനം കേരളത്തിന്റെ ചിന്താമണ്ഡലത്തിലുമുണ്ട്. കേരളം ഒറ്റപ്പെട്ട ഒരു തുരുത്ത് പോലെ നിൽക്കുകയല്ല. ലോക സമ്പദ് വ്യവസ്ഥയുമായി ഏറ്റവുമധികം ബന്ധപ്പെട്ട് നിൽക്കുന്ന സംസ്ഥാനമാണ്. എൽ.ഡി.എഫ് സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ പൊതുവെ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ നിർമാണ മേഖലയിൽ ഉൾപ്പെടെ ജനങ്ങളുടെ പ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞില്ല. ജനങ്ങളിലുണ്ടാക്കിയ ഈ അസംതൃപ്തി തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു.

30 മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് നൽകി. ചില മണ്ഡലങ്ങളിൽ യു.ഡി.എഫ് ബി.ജെ.പിക്ക് വിജയിക്കാൻ വോട്ട് നൽകുകയും ചെയ്യുന്ന ‘യു.ഡി.എഫ് -ബി.ജെ.പി ഡീൽ’ കണ്ടു. ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമായ വളരെ പ്രധാനപ്പെട്ട കാര്യമാണത്. രാഹുൽ ഗാന്ധി ഉൾപ്പെടെ കേരളത്തിൽവന്ന് സി.പി.എമ്മിനെതിരെ പ്രസംഗിച്ചത് ‘എന്തുകൊണ്ട് പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ല’ എന്നായിരുന്നു. എന്നാൽ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് -ബി.ജെ.പി ഡീലിന്റെ ഭാഗമായുള്ള നിലപാടുകൾ പുറത്തുവന്നു. കേരളത്തിന്റെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രേരണയിലാണ്, രാഹുൽ ഗാന്ധി പിണറായിക്കെതിരായും കേന്ദ്ര ഏജൻസികൾ ഇടപെടണം എന്ന ആവശ്യവും പറഞ്ഞതെന്ന് ഇൻഡ്യ കൂട്ടായ്മയുടെ യോഗത്തിൽ രാഹുൽ ഗാന്ധി തന്നെ പറഞ്ഞകാര്യം പുറത്തുവന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഫാഷിസ്റ്റ് നേതാവായ ഹിറ്റ്ലറിൽനിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് താൻ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവായ തെലങ്കാന മുഖ്യമ​ന്ത്രി പരസ്യമായ നിലപാട് സ്വീകരിച്ചു. രേവന്ത് റെഡ്ഡിയുടെ നിലപാട് ലോകം കണ്ട ഏറ്റവും ക്രൂരനായ ഫാഷിസ്റ്റ് നേതാവിന്റെ അനുയായിയെപ്പോലെയാണ്. ഇതും അടിയന്തരാവസ്ഥ കാലഘട്ടവും കൂട്ടിച്ചേർത്താൽ ഏതു തരത്തിലുള്ള അമിതാധികാര നിലപാടും മനസുകൊണ്ട് സ്വീകരിക്കാൻ തയാറായി നിൽക്കുന്നവരാണ് കോൺഗ്രസിലെ ഒരു വലിയ വിഭാഗമെന്ന് വ്യക്തമാകും.

അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായും കർണാടകയിലെ എൻ.ഡി.എ നേതാക്കളുമായും മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി.ഡി. സതീശൻ നടത്തിയ കൂടിക്കാഴ്ചയുടെ ഉദ്ദേശങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. തുറമുഖ വകുപ്പ് മുഖ്യമന്ത്രി സ്വയം ഏറ്റെടുത്തു. കേരളത്തിലെയും കർണാടകത്തിലെയും സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി വ​ന്ദേമാതരം ചൊല്ലി, പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം, എം.ജി സർവകലാശാലയിൽ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള 19 പേരെ സെനറ്റ് അംഗങ്ങളായി തീരുമാനിച്ചു. ഇതിനൊന്നും യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതിഷേധവുമുണ്ടായില്ല. കോൺഗ്രസ് ബി.ജെ.പി ഡീൽ ഇത് വ്യക്തമാക്കുന്നു. കേരളത്തിൽ മൂന്ന് സീറ്റിൽ ബി.ജെ.പി ലഭിച്ചു. റിസൾട്ട് പ്രഖ്യാപിച്ച ദിവസം രാജീവ് ചന്ദ്രശേഖർ പറഞ്ഞത് ‘ഞങ്ങൾ ഈ തെ​രഞ്ഞെടുപ്പിൽ ലക്ഷ്യമിട്ടത് സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയുമാണ് എന്നാണ്’. ബി.ജെ.പിയുടെ വോട്ട് കൂടി നേടിയാണ് കോൺഗ്രസ് 100 സീറ്റിലധികം നേടിയത്. കോൺഗ്രസ്-ബി.ജെ.പി വോട്ടുകൾ പരസ്പരം കൈമാറിയെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

ലോകത്ത് പൊതുവെ വലതുപക്ഷ സ്വാധീനം ശക്തിപ്പെട്ടുവന്ന കാലമാണിത്. എൽ‍ഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുവെ സ്വീകാര്യതനേടി. എന്നാൽ നിർമാണ മേഖലയിലുൾപ്പെടെ പരമ്പരാ​ഗത മേഖലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനായില്ല എന്നത് താഴെത്തട്ടുകളിലെ ചർച്ചകളിൽവന്നു. അത് എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തി.

ഏതാണ്ട് 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകുകയും, ചില മണ്ഡലങ്ങളിൽ ബിജെപിക്ക് യുഡിഎഫ് വോട്ടും നൽകി. രാഹുൽ ​ഗാന്ധി ഉൾപ്പെടെ കേരളത്തിൽവന്ന് എൽഡിഎഫിനും സിപിഐ എമ്മിനും എതിരായി പ്രസം​ഗിച്ചത് എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന് ദിവസങ്ങൾക്കുള്ളിൽ ബിജെപി-ഡീൽ തെളിഞ്ഞു. കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തിന്റെ പ്രേരണയിലാണ് താൻ പിണറായിക്കെതിരെ സംസാരിച്ചതെന്ന് രാഹുൽ​ഗാന്ധി തന്നെ ഇന്ത്യാ കൂട്ടായ്മയുടെ യോ​ഗത്തിൽ വെളിപ്പെടുത്തി. ഏത് തരത്തിലുള്ള അമിതാധികാര നിലപാടും മനസുകൊണ്ട് സ്വീകരിക്കാൻ തയ്യാറായവരാണ് കോൺ​ഗ്രസുകാരെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanUDFCPMBJP
News Summary - Unexpected defeat for CPM in the elections UDF BJP deal MV Govindan
Next Story