പോറ്റി ശബരിമലയിലെത്തിയത് ആരുടെ ‘സ്പോൺസർഷിപ്പിൽ’..?, പോറ്റിയുടെ കൈവശം സ്വർണപ്പാളി 53 ദിവസം, ഒന്നുമറിഞ്ഞില്ലെന്ന് ബോർഡ്
text_fieldsപത്തനംതിട്ട: ശബരിമല സ്വർണത്തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സന്നിധാനത്ത് എത്തിയത് ആരുടെ സ്പോൺസർഷിപ്പിലെന്നത് ചർച്ചയാകുന്നു.
തന്റെകാലം മുതലല്ല, 2007 മുതൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ വാക്കുകളാണ് ദുരൂഹത നിറക്കുന്നത്. ‘2007ന് മുമ്പ് ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിച്ച് നോക്കണം. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. ഇദ്ദേഹവുമായി ആർക്കൊക്കെ പരിചയമുണ്ടായിരുന്നുവെന്ന് അന്വേഷിക്കണം’ -പത്മകുമാര്‍ പറയുന്നു. അന്നത്തെ ശബരിമല തന്ത്രിയെ ലക്ഷ്യമിട്ടുള്ള പത്മകുമാറിന്റെ ഈ വാക്കുകളാണ് പുതിയ ചർച്ചകൾക്ക് തുടക്കംകുറിച്ചത്.
കഴിഞ്ഞദിവസം ദേവതുല്യരെന്ന് കാണുന്ന പലരും ഇതിലുണ്ടെങ്കിൽ നമ്മുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് പത്മകുമാർ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞിരുന്നു. ഇതോടെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ മലകയറ്റവും സംശയനിഴലിലായി.
2007ൽ കീഴ്ശാന്തിയുടെ (ഉൾക്കഴകം) സഹായിയായാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെത്തിയത്. കീഴ്ശാന്തിയാണ് തിടപ്പള്ളിയുടെ ചുമതല വഹിക്കുന്നതും നിവേദ്യങ്ങൾ തയാറാക്കുന്നതും. ഇവർക്ക് ശബരിമല ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാമെങ്കിലും പൂജ ചെയ്യാൻ അനുവാദമില്ല. എന്നാൽ, തന്ത്രിക്കും മേൽശാന്തിക്കും സഹായിയായി പ്രവർത്തിക്കുകയും ചെയ്യണം. ഇതുകണക്കിലെടുത്താണ് കീഴ്ശാന്തിക്ക് സഹായിയായി ആളുകളെ നിയോഗിക്കുന്നത്. ഈ ചുമതലയിൽ ഏഴ് വർഷത്തോളം പ്രവർത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിയെ പിന്നീട് പുറത്താക്കുകയായിരുന്നു. ചില പ്രവൃത്തികളിൽ അനിഷ്ടം തോന്നിയതോടെയാണ് സഹായി സ്ഥാനത്തുനിന്ന് മാറ്റിയത്. എന്നിട്ടും ദേവസ്വം ബോർഡിലെയും പൊലീസിലെയും ഉന്നതരുടെ അടുപ്പക്കാരനായി ഇദ്ദേഹം തുടർന്നു. പൂജാവിധികൾക്കൊപ്പം വിവിധ ഭാഷകൾ അറിയാവുന്നതിനാൽ കേരളത്തിന് പുറത്തുനിന്ന് എത്തുന്ന പ്രമുഖരുമായി ആശയവിനിമയം നടത്തി അവർക്കുവേണ്ട ഒത്താശകൾ ചെയ്ത് ശബരിമലയിലെ സ്ഥിരംസാന്നിധ്യമായി. ദക്ഷിണേന്ത്യയിൽ നിന്നെത്തുന്ന വൻ വ്യാപാരികളും വ്യവസായികളും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ സന്നിധാനത്ത് ദർശനം നടത്തുന്നതും തങ്ങുന്നതും പതിവായിരുന്നു. ദേവസ്വത്തിലെയും പൊലീസിലെയും ഉന്നതരുമായും ഗാർഡുകളുമായും അടുത്തബന്ധം സ്ഥാപിച്ചാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരുന്നത്. പ്രത്യുപകരമായി ഉദ്യോഗസ്ഥർക്ക് കേരളത്തിന് പുറത്തേക്കും വിദേശത്തേക്കും പോറ്റി ഉല്ലാസയാത്രകൾ തരപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. നേരത്തേ വിദേശയാത്ര നടത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും പത്മകുമാർ പറഞ്ഞിരുന്നു.
ശബരിമലയിൽ എന്ത് നിർമാണം നടക്കുമ്പോഴും പോറ്റിയുമായി ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥർ കൂടിയാലോചിച്ചിരുന്നതായി പറയുന്നു. ഈ വർഷം ജനുവരി ഒന്നിന് അന്നദാനം നടത്തിയതും ഉണ്ണികൃഷ്ണനായിരുന്നു.
ഉണ്ണികൃഷ്ണന് പോറ്റി ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ളവരുമായി തന്ത്രിയുടെ മുറികളിലെത്തുമായിരുന്നു. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള സ്വാമിമാരുമായി തന്റെ മുറിയില്‍ വന്നിട്ടുണ്ടെന്നും ചില പൂജകള്‍ക്കും ഉപദേശം തേടിയിട്ടുണ്ടെന്നും തന്ത്രി കണ്ഠരര് രാജീവര് കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയെ നേരത്തേ പരിചയമുണ്ടെങ്കിലും ഇങ്ങനെയുള്ള ആളാണെന്ന് അറിയുമായിരുന്നില്ല. എല്ലാ മാസവും എത്താറുണ്ട്. ഇതല്ലാതെ അദ്ദേഹത്തിന്റെ മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നാണ് തന്ത്രി പറഞ്ഞത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളി 53 ദിവസം; ഒന്നുമറിഞ്ഞില്ലെന്ന് ബോർഡ്
പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളികൾ 53 ദിവസം ഉണ്ണികൃഷ്ണൻ പോറ്റി കൈവശം സൂക്ഷിച്ചിട്ടും ഒന്നുമറിഞ്ഞില്ലെന്ന അന്നത്തെ ദേവസ്വം ബോർഡ് നിലപാട് ദുരൂഹം. വീഴ്ച വന്നിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണെന്ന് മുൻ പ്രസിഡന്റ് എ. പത്മകുമാർ ആവർത്തിക്കുമ്പോഴും, രണ്ടുമാസം വൈകിയിട്ടും എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന ചോദ്യം ബാക്കി.
സ്വർണപ്പാളികൾ കൈമാറിക്കഴിഞ്ഞ് അഞ്ചിലധികം ദേവസ്വംബോർഡ് യോഗങ്ങൾ ചേർന്നതായാണ് വിവരം. ഇതിലൊന്നും ശബരിമലയിലെ അമൂല്യവസ്തുക്കൾ തിരികെയെത്താൻ വൈകുന്നതിൽ ദുരൂഹത കണ്ടില്ലെന്നതും ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചതായി രേഖകളുമില്ല.
ദേവസ്വം ബോർഡ് ഉത്തരവനുസരിച്ച് 2019 ജൂലൈ 20ന് രാത്രിയാണ് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ബംഗളൂരു സ്വദേശി അനന്തസുബ്രഹ്മണ്യത്തിന് ദേവസ്വം അധികൃതർ കൈമാറിയത്. ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങാൻ എത്തിയിരുന്നില്ല. ഇത് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനുപകരം ബംഗളൂരുവിലാണ് ആദ്യം എത്തിച്ചത്. അവിടെനിന്ന് ഇത് ഹൈദരാബാദിലുമെത്തിച്ചു. തുടർന്ന് 39ാം ദിവസം, 2019 ആഗസ്റ്റ് 29നാണ് ചെന്നൈയിൽ എത്തിക്കുന്നത്. തുടർന്ന് സ്വർണംപൂശിയ പാളികൾ സെപ്റ്റംബർ പത്തിനാണ് സന്നിധാനത്ത് എത്തിക്കുന്നത്.
കോട്ടയം ഇളമ്പള്ളി ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായിട്ടായിരുന്നു ശബരിമലയിലേക്കുള്ള യാത്ര. സെപ്റ്റംബർ 11ന് ദ്വാരപാലക ശിൽപങ്ങളിൽ പാളികൾ ഉറപ്പിച്ചു. ഇത്രയും കാലദൈർഘ്യമുണ്ടായിട്ടും ബോർഡ് അറിഞ്ഞില്ലെന്ന വാദമാണ് സംശയങ്ങൾക്കിടയാക്കുന്നത്. ഇത്തരം വിവരങ്ങളിലേക്ക് അന്വേഷണം നീണ്ടാൽ ഗൂഢാലോചന പുറത്തുവരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനിടെ, ഈ അവതാരങ്ങളെയെല്ലാം ശബരിമലയില്‍ എത്തിച്ചത് 2019ലെ ഭരണസമിതിയാണോയെന്ന പത്മകുമാറിന്റെ പ്രതികരണവും ചർച്ചയാകുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ സത്യം തെളിയും. അപ്പോള്‍ മറുപടി പറയേണ്ടവര്‍ മറുപടി പറയേണ്ടി വരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

