അണ്ടർ 17 ഫുട്ബാൾ: ഇന്ത്യൻ ക്യാമ്പിൽ മഞ്ചേരി സ്വദേശി ഇന്ദ്ര റാണ
text_fieldsഇന്ദ്ര റാണ
മഞ്ചേരി: രാജ്യത്തിന്റെ നീല ജഴ്സിയണിയാൻ അവസരം തേടി മഞ്ചേരി സ്വദേശി ഇന്ദ്ര റാണ. അണ്ടർ 17 ഇന്ത്യൻ ക്യാമ്പിലേക്കുള്ള 32 അംഗ ടീമിലേക്കാണ് ഇന്ദ്രന് അവസരം ലഭിച്ചത്. നിലവിൽ ഗോവയിൽ പരിശീലനം നടത്തിവരികയാണ് ഈ 15കാരൻ. ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന സാഫ് കപ്പിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കാനാണ് ക്യാമ്പ് പുരോഗമിക്കുന്നത്. സെപ്റ്റംബർ 15 മുതൽ 27 വരെയാണ് ചാമ്പ്യൻഷിപ്പ്.
ചെറുപ്പം തൊട്ടേ പന്തുകളിയോടാണ് ഇന്ദ്രക്ക് ഇഷ്ടം. എട്ടാം വയസ്സ് മുതൽ പരിശീലനം ആരംഭിച്ചു. എൻ.എസ്.എസ് സ്കൂൾ, മേലാക്കം ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം. ഈ സമയങ്ങളിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ എത്തിയായിരുന്നു പരിശീലനം. അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചാണ് പരിശീലനത്തിന് പോയിരുന്നത്. അഞ്ചാം ക്ലാസ് മുതൽ കൊപ്പം ഐഫ ഇന്റർനാഷനൽ ഫുട്ബാൾ അക്കാദമിയിലെത്തി. കോച്ചുമാരായ ഷംനാദ്, ശ്രീജിത്ത്, സലാഹുദ്ദീൻ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. കഴിഞ്ഞ രണ്ട് വർഷമായി മുംബൈയിൽ റിലയൻസ് ഫൗണ്ടേഷന്റെ ടീമിനൊനൊപ്പമാണ്. ഇവിടെ നിന്നാണ് ദേശീയ ടീമിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത്.
സെന്റർ ബാക്ക് പൊസിഷനിലാണ് ഇന്ദ്രൻ ബൂട്ടുകെട്ടുന്നത്. സെപ്റ്റംബർ ആദ്യവാരം ക്യാമ്പ് പൂർത്തിയാക്കി ടീം ശ്രീലങ്കയിലേക്ക് തിരിക്കും. 32 അംഗ ടീമിൽ കേരളത്തിൽനിന്നുള്ള ഏക അംഗവും ഇന്ദ്രയാണ്. സാഫ് കപ്പ് അണ്ടർ 17 വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരാണ് ഇന്ത്യ. കിരീടം നിലനിർത്താൻ ടീം ഇറങ്ങുമ്പോൾ പ്രതിരോധക്കോട്ട കാക്കാൻ ഈ മലയാളിയും ബൂട്ടുകെട്ടുമെന്ന പ്രതീക്ഷയിലാണ് നാട്. മേഘാലയ സ്വദേശി ചന്ദ്രുവിന്റെയും നേപ്പാൾ സ്വദേശിനി താരാരാണയുടെയും മകനാണ് ഇന്ദ്ര. കഴിഞ്ഞ 35 വർഷമായി കുടുംബം മഞ്ചേരി മേലാക്കത്താണ് താമസം. സഹോദരൻ ആകാശ് റാണ ജെംസ് കോളജിലെ ബിരുദ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

