Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാമോദീസ രേഖ, മാതാവിനെ...

മാമോദീസ രേഖ, മാതാവിനെ സെമിത്തേരിയിൽ അടക്കം ചെയ്തത്; രാജക്ക് പാരയായത് നിഷേധിക്കാനാവാത്ത തെളിവുകൾ

text_fields
bookmark_border
മാമോദീസ രേഖ, മാതാവിനെ സെമിത്തേരിയിൽ അടക്കം ചെയ്തത്; രാജക്ക് പാരയായത് നിഷേധിക്കാനാവാത്ത തെളിവുകൾ
cancel

മൂന്നാർ: ദേവികുളത്ത് എ. രാജ എം.എൽ.എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുന്ന വിധിയിലേക്ക് നയിച്ചത് ഹരജിയോടൊപ്പം സമർപ്പിച്ച രേഖകൾ. നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകി പട്ടികജാതിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രാജ മത്സരിച്ച് ജയിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാറിന്‍റെ ഹരജി.

പട്ടികജാതി സംവരണ മണ്ഡലമാണ് തമിഴ് വംശജർ ഭൂരിപക്ഷമുള്ള ദേവികുളം. രാജ പട്ടികജാതിക്കാരനല്ലെന്നാണ് ഹരജിയിൽ പറഞ്ഞിരുന്നത്. ക്രിസ്ത്യൻ സി.എസ്.ഐ വിഭാഗക്കാരനാണ് രാജയെന്ന് തെളിയിക്കുന്ന രേഖകളും ഹരജിക്കൊപ്പം സമർപ്പിച്ചിരുന്നു. പട്ടികജാതി വിഭാഗമായ ഹിന്ദു പറയ എന്നാണ് രാജ പത്രികയിൽ രേഖപ്പെടുത്തിയത്. എന്നാൽ, ക്രിസ്ത്യൻ സി.എസ്.ഐ വിഭാഗക്കാരനാണെന്ന് തെളിയിക്കുന്ന രേഖകൾ കുമാർ ഹാജരാക്കി.

കെ.ഡി.എച്ച്.പി കുണ്ടള എസ്റ്റേറ്റ് ഈസ്റ്റ്‌ ഡിവിഷനിലാണ് രാജയുടെ ജനനം. അവിടത്തെ പള്ളിയിൽ രാജയെ മാമോദീസ മുക്കിയതിന്‍റെ പള്ളിരേഖകൾ, രാജയുടെ മാതാവിനെ ഈ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തതിന്‍റെ തെളിവുകൾ, ഇടവക ലിസ്റ്റിൽ രാജയുടെ മാതാപിതാക്കളുടെ പേരുകൾ, ക്രിസ്തീയ ആചാരപ്രകാരം നടത്തിയ രാജയുടെ വിവാഹത്തിന്‍റെ രേഖകളും ചിത്രങ്ങളും എന്നിവയും കുമാർ കോടതിയിൽ സമർപ്പിച്ചിരുന്നു. കോടതിയിൽ കേസ് വന്നതോടെ പള്ളി രജിസ്റ്ററിലെ വിവരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകളും ഹാജരാക്കി.

ദേവികുളത്ത് 2006 മുതൽ തുടർച്ചയായി മൂന്ന് തവണ എം.എൽ.എ ആയ എസ്. രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജയെ സി.പി.എം സ്ഥാനാർഥിയാക്കിയത്. 7848 വോട്ടിനാണ് കുമാറിനെ തോൽപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായില്ലെന്നും സീറ്റ് നൽകാത്തതിന്‍റെ പേരിൽ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും രാജേന്ദ്രനെതിരെ സി.പി.എമ്മിനുള്ളിൽ ആരോപണം ഉയർന്നിരുന്നു. തുടർന്ന്, മുതിർന്ന നേതാവ് എം.എം. മണി പല വേദികളിലും രാജേന്ദ്രനെ കടുത്ത ഭാഷയിൽ വിമർശിച്ചു. അന്വേഷണ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട രാജേന്ദ്രൻ ഇപ്പോഴും പാർട്ടിക്ക് പുറത്താണ്. കോടതിവിധി ജില്ലയിലെ പാർട്ടിയിൽ ചലനങ്ങളുണ്ടാക്കുമോ എന്നാണ് നേതൃത്വം ഉറ്റുനോക്കുന്നത്.

പള്ളി രേഖകളിൽ കൃത്രിമം കാട്ടിയെന്ന് ഹൈകോടതി

കൊച്ചി: ദേവികുളം നിയോജക മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എ. രാജ ക്രിസ്‌ത്യാനിയാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാനും കേസിനെ സ്വാധീനിക്കാനും സി.എസ്.ഐ പള്ളി രജിസ്റ്ററുകളിൽ വ്യാപക തിരുത്തൽ വരുത്തിയെന്ന് ഹൈകോടതി.

രാജ ക്രിസ്‌ത്യാനിയാണെന്ന എതിർസ്ഥാനാർഥി ഡി. കുമാറിന്‍റെ ആരോപണം പരിശോധിക്കാൻ ഇടുക്കി കുണ്ടള സി.എസ്.ഐ പള്ളിയിലെ ഫാമിലി രജിസ്റ്റർ, ശവസംസ്കാര രജിസ്റ്റർ തുടങ്ങിയ രേഖകൾ ഹാജരാക്കിയിരുന്നു. ഇതിൽ മാതാപിതാക്കളായ ആന്റണി, എസ്തർ എന്നിവരുടെ പേരുകൾ ചില അക്ഷരങ്ങൾ തിരുത്തി അൻപുമണി, എൽസി എന്നിങ്ങനെയാക്കിയത് കോടതി കണ്ടെത്തി.

മുത്തച്ഛൻ ലക്ഷ്മണന്‍റെ പേര് ആർ.എൽ. രമണൻ എന്നും മുത്തശ്ശി പുഷ്പയുടേത് പുഷ്പമണിയെന്നും തിരുത്തി. കോടതിയിൽ ഹാജരാക്കിയത് രാജയുടെ ഫാമിലി രജിസ്റ്ററല്ലെന്നു വരുത്താൻ കൃത്രിമം കാട്ടിയതാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സി.എസ്.ഐ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ രാജയെ സഹായിക്കുന്ന തിരുത്തലുകൾ വരുത്തിയതിന് പിന്നിലാരാണെന്ന് ഈ തെളിവുകൾ വിളിച്ചു പറയുന്നതായി കോടതി വ്യക്തമാക്കി. പിതാവിന്റെ പേര് ആന്റണിയെന്നാണെന്നും മാതാവിന്‍റെ പേര് എസ്തർ എന്നല്ല ഈശ്വരിയെന്നാണെന്നും രാജ പറയുന്നു. കുട്ടികളില്ലാതിരിക്കെ പള്ളിയിൽ പോയി പ്രാർഥന നടത്തി ഉണ്ടായ മകനെന്ന നിലയിലാണ് ആന്‍റണി എന്ന പേരിട്ടതെന്നും വിശദീകരിക്കുന്നു.

നിലവിളക്ക് കൊളുത്തിയും താലികെട്ടിയും ഹിന്ദു മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന് രാജ അവകാശപ്പെടുന്നുണ്ടെങ്കിലും തെളിവില്ല. എന്നാൽ, ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങാണ് നടന്നതെന്ന് ഫോട്ടോകൾ വ്യക്തമാക്കുന്നുണ്ട്. വിവാഹസമയത്ത് ബൈബിൾ വായിച്ചോയെന്നും താലിമാല ആരാണ് എടുത്തുനൽകിയതെന്നും പൂജാരി ഉണ്ടായിരുന്നോയെന്നുമുള്ള ചോദ്യത്തിന് ഓർമയില്ലെന്നാണ് രാജയുടെ മറുപടി. വിവാഹസമയത്ത് രാജ ഓവർകോട്ടും ഭാര്യ ക്രിസ്ത്യൻ വിവാഹ രീതിയിലുള്ള വസ്ത്രവുമാണ് ധരിച്ചിരുന്നത്.

അമ്മ നെറ്റിയിൽ കുരിശുവരച്ചോയെന്ന ചോദ്യത്തിന് നെറ്റിയിൽ തൊട്ട് അനുഗ്രഹിച്ചെന്നായിരുന്നു മറുപടി. അവ്യക്തമായ മൊഴികൾ നൽകി വിവാഹ ചടങ്ങ് സംബന്ധിച്ച യാഥാർഥ്യം മറയ്ക്കാൻ വ്യക്തമായ ശ്രമം നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്

തിരുവനന്തപുരം: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പട്ടികജാതിക്കാരനല്ലാത്ത ഒരാളെ കള്ളസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിപ്പിച്ച് വഞ്ചന കാട്ടിയ സി.പി.എം കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളോട് മാപ്പുപറയണം. ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടികളും എടുക്കണം. ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ യു.ഡി.എഫ് വന്‍വിജയം നേടും- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈകോടതി വിധി ജനാധിപത്യ വിജയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. ജനാധിപത്യത്തെ സി.പി.എം എങ്ങനെയെല്ലാം അട്ടിമറിക്കുന്നുവെന്നതിന് തെളിവാണ് ഇത്. മത്സരിക്കാനും രേഖകളില്‍ കൃത്രിമം കാട്ടാനും എ. രാജക്ക് എല്ലാ സഹായവും നല്‍കിയ സി.പി.എം മാപ്പുപറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devikulamA rajaCPM
News Summary - Undeniable evidence against A raja devikulam MLA
Next Story