തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടുകിട്ടുന്ന കാര്യത്തിൽ അനിശ്ചിതത്വം. എറണാകുളം -കാസർകോട്, കൊച്ചുവേളി-മുരുക്കുമ്പുഴ ഭാഗത്തടക്കം 185 ഹെക്ടർ റെയിൽവേ ഭൂമിയാണ് പ്രതീക്ഷ. പാരിസ്ഥിതികാഘാത പഠന റിപ്പോർട്ടിന്റെ 22ാം പേജിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
എറണാകുളം-കാസർകോട് ഭാഗത്തെ റെയിൽവേ വികസന പ്രവർത്തനങ്ങൾ നിർത്തിവെച്ചാലേ സിൽവർ ലൈനിനായി ഭൂമി വിട്ടുകിട്ടൂ. എന്നാൽ, ഇതുസംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് ''നിലവിൽ കാസർകോടിനും എറണാകുളത്തിനുമിടയിലെ ഭാവി വികസന പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതു സംബന്ധിച്ച ഒരു പ്രപ്പോസലും റെയിൽവേയുടെ പരിഗണനയിലില്ലെ''ന്നാണ് മറുപടി. 185 ഹെക്ടർ കൈമാറാൻ തീരുമാനമെടുത്തത് സംബന്ധിച്ച ഉത്തരവിന്റെയോ തീരുമാനത്തിന്റെയോ പകർപ്പാവശ്യപ്പെട്ടുള്ള മറ്റൊരു ചോദ്യത്തിന് ''അർധ അതിവേഗ പാതക്കുള്ള ഡി.പി.ആറിന് അനുമതി നൽകുന്നത് സംബന്ധിച്ച ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന'' കൃത്യതയില്ലാത്ത മറുപടിയും ദക്ഷിണ റെയിൽവേ നൽകുന്നു.
2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന റെയിൽവേ ഭൂമിയും ചേർത്ത് 3125 കോടിയാണ് കേന്ദ്ര വിഹിതമായി കെ-റെയിൽ പ്രതീക്ഷിക്കുന്നത്. അതേസമയം, പദ്ധതി സംബന്ധിച്ച് നിതി ആയോഗ് മുന്നോട്ടുവെച്ച നിരീക്ഷണങ്ങൾ കേന്ദ്രത്തിന്റെ വിമുഖത വ്യക്തമാക്കുന്നതാണ്. ''സ്റ്റാൻഡേഡ് ഗേജെന്ന നിലയിൽ സിൽവർ ലൈൻ ഒറ്റപ്പെട്ട പാതയായതിനാൽ ഇന്ത്യൻ റെയിൽവേയിൽനിന്ന് കാര്യമായ മുതൽമുടക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കിൽ അതു പദ്ധതിയുടെ മൊത്തം നിർവഹണത്തെ ബാധിക്കും'' (പേജ് നമ്പർ- 11).
''സിൽവർ ലൈൻ രാജ്യത്തെ മറ്റ് റെയിൽവേ ലൈനുകളുമായി ബന്ധമില്ലാത്ത പദ്ധതിയായതിനാൽ ഇന്ത്യൻ റെയിൽവേക്ക് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതില്ല. അതിനാൽ നഷ്ടമുണ്ടായാൽ ഓഹരി ഉടമസ്ഥതയുടെ പേരിൽ അതിൽ ഒരുഭാഗം വഹിക്കാൻ ഇന്ത്യൻ റെയിൽവേക്ക് ബാധ്യതയില്ല-" (പേജ് നമ്പർ-14) എന്നും നിരീക്ഷണങ്ങളിലുണ്ട്. ഷൊർണൂരിൽനിന്ന് എറണാകുളം വരെയുള്ള റെയിൽപാത മൂന്നുവരിയാക്കാൻ റെയിൽവേ 1500 കോടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നേരത്തേ നിയമസഭയിൽ അറിയിച്ചിരുന്നു.