അനധികൃത മെമ്മറി കാർഡ് പരിശോധന: ശാസ്ത്രീയ അന്വേഷണമാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി നിലപാട് തേടി
text_fieldsകൊച്ചി: തനിക്കെതിരായ അതിക്രമ ചിത്രങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണമാവശ്യപ്പെട്ട് ഇരയായ നടി നൽകിയ ഹരജിയിൽ ഹൈകോടതി നടൻ ദിലീപടക്കമുള്ളവരുടെ നിലപാട് തേടി.
മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കം കാര്യങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യമുന്നയിക്കുന്ന ഹരജിയാണ് ജസ്റ്റിസ് കെ. ബാബു പരിഗണിച്ചത്. ഹരജി ജൂലൈ ഏഴിന് പരിഗണിക്കാനായി മാറ്റി. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വരെയുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചതെന്ന് ഹരജിയിൽ പറയുന്നു.
കാർഡിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം ഏറെ വലുതായിരിക്കുമെന്ന് ഹരജിക്കാരിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് അഗർവാൾ വാദിച്ചു. അനധികൃതമായാണ് മെമ്മറി കാർഡ് പരിശോധന നടന്നത്. തുടർന്ന് നിലപാട് അറിയിക്കാൻ കേസിലെ എട്ടാംപ്രതിയായ ദിലീപിന്റെ അഭിഭാഷകൻ സമയം തേടി.
നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെ തുടർന്ന് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിരുന്നു. ഇതേ തുടർന്നാണ് 2021 ജൂലൈ 19ന് മെമ്മറി കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചതെന്ന് ഹരജിക്കാരി വാദിച്ചു.
പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ കമ്പ്യൂട്ടറിലിട്ട് പരിശോധിക്കുന്നതിനുപകരം മെമ്മറി കാർഡ് ഫോണിലിട്ട് പരിശോധിച്ചതിൽ സംശയമുണ്ട്. പൾസർ സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. മെമ്മറി കാർഡ് മൊബൈലിൽ ഇടുമ്പോൾ കോപ്പിചെയ്യാൻ എളുപ്പമാണെന്നും വാദിച്ചു.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതാണ്. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബർ 13നും രാത്രിയിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്.
ഈ സാഹചര്യം ചൂണ്ടിക്കാട്ടി ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയെ പ്രോസിക്യൂഷൻ എതിർത്തില്ല. കേസിന്റെ വിചാരണ അവസാനഘട്ടത്തിലാണെന്നും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

