ശബരിമല കേന്ദ്രീകരിച്ച് പണപ്പിരിവ്; അവതാരങ്ങൾ ഏറെ
text_fieldsശബരിമല
പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയുടെ മാതൃകയിൽ ശബരിമലയുടെ അംഗീകൃത സ്പോൺസറെന്ന പേരിൽ പണപ്പിരിവ് നടത്തുന്ന അവതാരങ്ങൾ ഏറെ. ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ശബരിമല കോഓഡിനേറ്ററെന്ന വ്യാജേന അനധികൃതമായി സ്പോണ്‍സര്‍ഷിപ് എന്ന പേരിലാണ് ചിലര്‍ പണപ്പിരിവ് നടത്തിയിരുന്നത്. പരാതി ലഭിച്ചതോടെ ഇത് വിലക്കി 2025 ജൂലൈയിൽ ദേവസ്വം ബോർഡ് ഉത്തരവും ഇറക്കി.
ഇത്തരത്തില്‍ ഒരുവ്യക്തിയെയും ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടില്ല. അവര്‍ നടത്തുന്ന പണപ്പിരിവ് അനധികൃതമാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. തുടർന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ജി.എസ്. അരുണിനെ ശബരിമല സ്പോണ്‍സര്‍ഷിപ് കോഓഡിനേറ്ററായും നിയമിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പി. വിജയകുമാറാണ് അസി. സ്പോണ്‍സര്‍ഷിപ് കോഓഡിനേറ്റർ. അനധികൃത പണപ്പിരിവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, ശബരിമലയിൽ വിഗ്രഹം നിർമാണമെന്ന പേരിൽ നടത്തിയ പണപ്പിരിവ് കോടതി തടഞ്ഞിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കേരള സർക്കാറിന്റെയും അനുമതിയോടെയാണ് പ്രവർത്തനമെന്ന് കാണിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇവർ നോട്ടീസും വിതരണം ചെയ്തിരുന്നു. ഇതിനെതിരെ ശബരിമല സ്പെഷൽ കമീഷണർ കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.
തുലാമാസ പൂജകൾക്ക് വെള്ളിയാഴ്ച നട തുറക്കും
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകീട്ട് നാലിന് തുറക്കും. മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. ശനിയാഴ്ച രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും തുലാമാസം ഒന്നിന് രാവിലെ സന്നിധാനത്ത് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

