തെരുവുനായ് ശല്യംമൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ; എന്തെങ്കിലും അടിയന്തരമായി ചെയ്തേ പറ്റൂ -ഹൈകോടതി
text_fieldsകൊച്ചി: തെരുവുനായ് ശല്യംമൂലം പുറത്തിറങ്ങി നടക്കാനാകാത്ത അവസ്ഥയാണെന്ന് ഹൈകോടതി. പൊതുജനം നായ് ഭീതിയിലാണ്. കുട്ടികൾക്കടക്കം കടിയേൽക്കുന്ന സംഭവങ്ങൾ ദിനേന ഉണ്ടാകുന്നു. ഇനിയെങ്കിലും എന്തെങ്കിലും അടിയന്തരമായി ചെയ്തേ പറ്റൂ.
അല്ലാത്തപക്ഷം കോടതി ഇടപെടലുണ്ടാകുമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. നായ് കടിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് നൽകിയ ഹരജികളിലാണ് കോടതി നിർദേശം.
രോഗബാധയുള്ള നായ്ക്കളുടെ ദയാവധത്തിന് തീരുമാനിച്ച കാര്യം സർക്കാർ കോടതിയെ അറിയിച്ചു. 2023ലെ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ചട്ടപ്രകാരം ഇതിനു നടപടി ആരംഭിക്കും. എ.ബി.സി ചട്ടപ്രകാരം മേൽനോട്ട സമിതിക്ക് സർക്കാർ രൂപംനൽകിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു.
ഇതിൽ വിശദീകരണം നൽകാൻ നിർദേശിച്ച കോടതി, ഹരജികൾ തിങ്കളാഴ്ച ഉച്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. നഷ്ടപരിഹാരം സംബന്ധിച്ച 9000 അപേക്ഷ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രവർത്തനം തുടരാൻ നിർദേശം നൽകണമെന്ന ഹരജിയിലും ഇതോടൊപ്പം വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

