ഹർത്താൽ സന്ദേശം നൽകിയവരെ കണ്ടെത്താൻ വാട്സ്ആപ് അഡ്മിൻമാരെ ചോദ്യം ചെയ്യുന്നു
text_fieldsതിരുവനന്തപുരം: സാമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിെൻറ മറവിൽ നടന്ന അക്രമസംഭവങ്ങളുടെ വസ്തുത നേരിട്ടറിയാൻ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ മേധാവി കേരളത്തിലെത്തി. ഗവർണർ, സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരുമായി ഇൻറലിജൻസ് ബ്യൂറോ മേധാവി രാജീവ് ജെയ്ന് ചർച്ച നടത്തി. ഹർത്താലിന് ആഹ്വാനം ചെയ്തവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. അതിനായി ഹർത്താൽ പോസ്റ്റുകളിട്ട ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ് അഡ്മിൻമാരുടെ മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെ നടപടികളും ആരംഭിച്ചു. പല ഗ്രൂപ്പുകളുടെയും അഡ്മിൻമാരോട് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രത്തിന് കൈമാറുന്നതിൽ സംസ്ഥാനത്തിെൻറ ഭാഗത്തുനിന്ന് വീഴ്ച സംഭവിക്കുന്നതായി കേന്ദ്ര ഇൻറലിജന്സ് ബ്യൂറോ മേധാവി സംസ്ഥാന പൊലീസ് ഉന്നതരെ അറിയിച്ചതായാണ് വിവരം. ഹർത്താലിനിടെയുണ്ടായ അതിക്രമങ്ങൾക്കുപിന്നിൽ അന്തർദേശീയ തീവ്രവാദബന്ധമുണ്ടെന്ന സംശയവും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കുണ്ട്. ഇൗ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇൻറലിജൻസ് മേധാവി നേരിെട്ടത്തി സ്ഥിതിഗതികൾ വിലയിരുത്തിയതെന്നതും ശ്രദ്ധേയമാണ്.
ഹർത്താലിെൻറ മറവിലെ ആക്രമണത്തിനു പിന്നിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമുണ്ടായതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് തയാറാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസിയായ എൻ.െഎ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന ഘടകവും രംഗത്തെത്തിയിരുന്നു. ബുധനാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ രാജീവ് ജെയ്ൻ ഡി.ജി.പിക്ക് പുറമെ സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുമായും കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്തു. രാജ്ഭവനിൽ ഗവർണർ പി. സദാശിവവുമായി ഇൻറലിജൻസ് മേധാവി കൂടിക്കാഴ്ച നടത്തി.
ഇന്നലെ തലസ്ഥാനത്ത് ചേർന്ന പൊലീസ് ഉന്നതതലയോഗവും ഇൗ സംഭവങ്ങളെ ഗൗരവമായി കാണണമെന്ന വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത പ്രധാനികളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഹൈടെക് സെൽ നടത്തുന്ന അന്വേഷണത്തിൽ ഇത് സംബന്ധിച്ച പോസ്റ്റുകൾ ഷെയർ ചെയ്െതന്ന നിലയിൽ പത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
