തൂഫാന് മുക്കിയ പത്തേമാരിക്കനവുകള്
text_fields1967 മാർച്ച് ആറ്. പൊന്നാനിക്കാരൻ ഇ.കെ. ഇമ്പിച്ചിബാവ ഇ.എം.എസിെൻറ രണ്ടാം മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായി ചുമതലയേൽക്കുകയാണ് അന്ന്. അന്നാട്ടുകാരായ കുറെ പേർ സത്യപ്രതിജ്ഞ കാണാൻ തലസ്ഥാനത്തേക്ക് പോയിട്ടുണ്ട്. നാടൊന്നാകെ ആഹ്ലാദത്തിലാണ്. അവരുടെ ആഹ്ലാദപ്പുലരിക്കുമേൽ മറ്റൊരു ദുരന്തമഴ തിമിർത്ത് പെയ്യുകയായിരുന്നു പിന്നെ. ബോംബെയിലേക്ക് ചരക്കുമായി പോയ രണ്ട് പത്തേമാരികൾ കടൽക്ഷോഭത്തിൽ തകർന്നിരിക്കുന്നു. അതിലുണ്ടായിരുന്ന പൊന്നാനി അഴീക്കൽ സ്വദേശികളായ 25 പേരെ കാണാതായിരിക്കുന്നു...

ഫെബ്രുവരി ആദ്യവാരമാണ് കോഴിേക്കാട്ടുനിന്ന് ബോംബെ തുറമുഖം ലക്ഷ്യമാക്കി, കല്ലായിയിൽനിന്നുള്ള മരംകയറ്റിയ ഒമ്പത് പത്തേമാരികൾ പുറപ്പെട്ടത്. ഉൾക്കടലിൽ എത്തി അധികംവൈകാതെ കടലിെൻറ മട്ടുമാറി. കടലിൽ കനത്ത കാറ്റും കോളും. നട്ടുച്ചനേരത്തും ആകാശം കറുത്തിരുണ്ടു. ഇടിയും മഴയും ഇരുളും പേടി വിതച്ചു. കാതടപ്പിക്കുന്ന ശബ്ദത്തിൽ തിരമാലകൾ അടിച്ചുവീശി. കാറ്റിെൻറ ഉൗക്കിലും തിരമാലയുടെ ഉയർച്ചയിലും പത്തേമാരികൾ ആടിയുലഞ്ഞു. ഒരേസമയം ഉൾവലിയുകയും പൊടുന്നനെ ഉയർന്ന് പൊങ്ങുകയും ചെയ്തു കടൽ. പടിഞ്ഞാറുനിന്ന് വീശിയടിച്ച കാറ്റ് പത്തേമാരികളെ കുടഞ്ഞുകൊണ്ടിരുന്നു. സ്രാങ്കുമാരും ഖലാസിമാരും എന്ത് ചെയ്യണമെന്നറിയാതെ മുഖത്തോട് മുഖം നോക്കി. തൊണ്ടപൊട്ടുമാറുച്ചത്തിൽ പടച്ചതമ്പുരാനെ അവർ വിളിച്ചുകൊണ്ടിരുന്നു. മരണം മുന്നിൽ കണ്ട പലരും കലിമ ചൊല്ലാൻ തുടങ്ങി (മരണം പ്രതീക്ഷിക്കുേമ്പാൾ ചൊല്ലുന്ന വാചകം).

അവരുടെ കണ്ണെത്തിയ അകെലയെവിടെയോ മറ്റു പത്തേമാരികൾ തകർന്നടിഞ്ഞ് കടലിലേക്ക് മുങ്ങിത്താഴ്ന്നു. എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ബാക്കിയുള്ളവരുടെ മനസ്സിലപ്പോൾ. ജീവനേക്കാൾ വലിയ നഷ്ടമൊന്നുമിെല്ലന്ന തിരിച്ചറിവിൽ അവർ ചരക്കുകൾ ഒന്നൊന്നായി കടലിലേക്കെറിഞ്ഞു. ഭക്ഷണവും കുടിവെള്ളവുമില്ലാതെ പലനാൾ നടുക്കടലിൽ അലഞ്ഞു. ഒടുവിൽ, 40 ദിവസത്തോളം നീണ്ട യാത്രക്കുശേഷം ഒമ്പതിൽ ഏഴ് പത്തേമാരികൾ ബോംബെ തീരമണഞ്ഞു. ബാക്കിയുള്ള രണ്ട് പത്തേമാരികൾ ഇന്നുവരും നാളെ വരുമെന്ന് കരുതി, രക്ഷപ്പെട്ടവർ ഒരുപാട് നാൾ ആ തുറമുഖത്ത് തന്നെ കാത്തിരുന്നു. അവ രണ്ടും പക്ഷേ, അരനൂറ്റാണ്ട് പിന്നിട്ടിട്ടും തീരമണഞ്ഞിട്ടില്ല. ഗുജറാത്തുകാരൻ രാംദാസ് സേഠിെൻറ ‘വിജയമാല’യും പൊന്നാനിക്കാരൻ അബ്ദുല്ലയുടെ ‘ദുല്ദുല്’ പത്തേമാരിയും. ഇതിലെ സ്രാങ്കുമാരായ അത്തമാനകത്ത് ഖാദര്കുട്ടി, കുഞ്ഞിമുഹമ്മദ് എന്നിവരുൾപ്പെടെ 25 തൊഴിലാളികളാണ് അന്ന് അപ്രത്യക്ഷരായത്. അബ്ബാസ്, കാസിം, ഹംസ, കുഞ്ഞീൻകാക്ക, തറിയിക്കാനകത്ത് കുഞ്ഞിമുഹമ്മദ്, ആലിയാമാകാനകത്ത് ഹുസൈൻ, മുഹമ്മദ് കുട്ടി... അങ്ങനെ കുറെ പേർ. കാറ്റിലും കോളിലും പെട്ട ആ രണ്ട് പത്തേമാരികളും കടലിൽ മുങ്ങിയോ? തൊഴിലാളികൾ എല്ലാവരും മുങ്ങിമരിച്ചോ? അതോ ദിശ തെറ്റി മറ്റേതെങ്കിലും നാട്ടിൽ എത്തിയോ? അവരിൽ ഒരാളെങ്കിലും ജീവനോടെ കരക്കണഞ്ഞോ? ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? ആർക്കുമറിയില്ല. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇൗ ചോദ്യങ്ങൾക്കൊന്നും ഉത്തരവുമില്ല.
ദാനം കിട്ടിയ ജീവിതം
പൊന്നാനി നഗരം കവലയിൽ സിദ്ദീഖും സ്രാങ്ക് ഖാദറും കാത്തിരിപ്പുണ്ടായിരുന്നു. അന്ന് പുറപ്പെട്ട ഒമ്പത് പത്തേമാരികളിൽ ഇരുവരുമുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഇന്നും ജീവിച്ചിരിപ്പുള്ളത് മൂന്നുപേർ മാത്രമാണ്. ബഹറുന്നജാത്ത് എന്ന പത്തേമാരിയിൽ സ്രാങ്ക് ആയിരുന്നു ഖാദർ. 56ാം നമ്പർ പത്തേമാരിയിൽ ഖലാസിയായി സിദ്ദീഖും. ജീവിതത്തിനും മരണത്തിനും ഇടയിൽ ഇരുവരും നടുക്കടലിൽ, ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞത് 20 ദിവസത്തിലധികമാണ്.
‘‘കല്ലായി മരമില്ലിൽനിന്ന് സൈസ് ആക്കിയ ടിംബറായിരുന്നു ആ ഒമ്പത് പത്തേമാരികളിലും. പുലർച്ചെ മൂന്നുമണിക്കാണ് കോഴിക്കോട്ടുനിന്ന് ഞങ്ങൾ പുറപ്പെടുന്നത്. ‘ദുൽദുൽ’ ഒരുദിവസം മുമ്പ് പുറപ്പെട്ടിരുന്നു. മാഹി ഭാഗത്ത് എത്തിയപ്പോഴാണ് കടലിൽ തൂഫാൻ (കൊടുങ്കാറ്റ് രൂപപ്പെടുന്നത്). ഞങ്ങൾ അപ്പോൾ തന്നെ നടുക്കടലിൽ നങ്കൂരമിട്ടു. അപകടം മുന്നിൽ കണ്ടപ്പോഴേ ചരക്കുകൾ ഞങ്ങൾ കടലിലേക്ക് ഉന്തിയിട്ടു. കാറ്റിന് നേരിയ ശമനമായപ്പോൾ രണ്ടും കൽപിച്ച് യാത്ര തുടർന്നു. കാർവാറിലെത്തിയപ്പോൾ പത്തേമാരികളുടെ അവശിഷ്ടങ്ങൾ കണ്ടു. അവിടവിടെ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതും കണ്ടു. 26 ദിവസത്തിനുശേഷം ബോംബെയിെലത്തിയപ്പോഴാണ് ഞങ്ങളകപ്പെട്ട ദുരന്തത്തിെൻറ വലുപ്പം മനസ്സിലാകുന്നത്. ഞങ്ങളുടെ കൂടെ പുറപ്പെട്ടവ മാത്രമല്ല, തൂത്തുക്കുടിയിൽനിന്നും കച്ചിൽനിന്നും ബോംബെയിൽനിന്നുമൊക്കെ യാത്ര തുടങ്ങിയ നിരവധി പത്തേമാരികൾ അന്ന് കാണാതായിരുന്നു. കാണാതായത് നൂറിലധികം ആളുകൾ. പല പത്തേമാരികളും മുങ്ങുന്നത് ദൂരെനിന്ന് കണ്ടിരുന്നെങ്കിലും സ്വന്തം ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടയിൽ അതിെൻറ ഭീകരത മനസ്സിലെത്തിയിരുന്നില്ല. വടകരക്ക് പത്ത് മാറ് അകലെ, വെള്ളിയാങ്കല്ല് ഭാഗത്തുവെച്ചാണ് ‘വിജയമാല’ അപകടത്തിൽപെടുന്നത്. മംഗലാപുരം കഴിഞ്ഞ് കുണ്ടാപുറത്തിന് വടക്കുഭാഗത്ത് വെച്ചാണ് ‘ദുൽദുൽ’ തൂഫാനിൽപെട്ടത്. വിജയമാലയിൽ 13ഉം ദുൽദുലിൽ 12ഉം പേരുണ്ടായിരുന്നു. സ്രാങ്ക് ഖാദർ 50 വർഷം പിന്നിലേക്ക് മനസ്സ് പായിച്ചു.
‘‘11ാം വയസ്സിലാണ് ആദ്യം പത്തേമാരിയിൽ ജോലിക്ക് കയറുന്നത്. നാലാം ക്ലാസ് വരെ സ്കൂളിൽ പോയി. പത്തേമാരികൾ അന്ന് ബോംബെ വഞ്ചികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ബോംബെയിലേക്കാകും അധികവും ചരക്കുമായുള്ള യാത്ര. ജീവൻ പണയംവെച്ചുള്ള ജോലിയാണത്. കടൽക്ഷോഭമുള്ള കാലത്താണ് ഏറെ പേടി. പലപ്പോഴും മരണം കൺമുന്നിൽ വന്നിട്ടുണ്ട്. ഇക്കാലങ്ങളിൽ തിരിച്ചുവരില്ല എന്നുറപ്പിച്ചാകും പത്തേമാരിയിലേക്ക് കാലെടുത്തുവെക്കുക. വഞ്ചികളുടെ മേധാവിയാണ് സ്രാങ്ക്. ജോലിക്കാരെ ഖലാസികൾ എന്നും വിളിക്കും. ഒരു വഞ്ചിയിൽ പത്ത് മുതൽ 12 പേരുണ്ടാകും. ’’ 30 വർഷം സ്രാങ്കായി ജോലി ചെയ്ത ഖദർ, പത്തേമാരിക്കാലം അവസാനിക്കുംവരെ കടലിൽ പോയിരുന്നു.
‘‘കടലിൽനിന്ന് കുമിളകൾ പൊങ്ങിയാലോ ചന്ദ്രനുചുറ്റും നേർത്ത ചുറ്റല് കണ്ടാലോ ഉറപ്പിക്കാം. കാറ്റും കോളും വരുന്നുണ്ടെന്ന്. കാറ്റിെൻറ ദിശക്കനുസരിച്ചാകും പത്തേമാരിയുടെ യാത്ര. ‘തൂഫാൻ’ വന്നാൽ ഈ ദിശയൊക്കെ തെറ്റും. അപകടം മണത്താൽ തൊട്ടടുത്ത തീരത്തേക്ക് പത്തേമാരിയടുപ്പിക്കും. ചിലപ്പോൾ ചരക്ക് മുഴുവനും കടലിൽ ഒഴുക്കും. ദീർഘനാളത്തെ യാത്രക്കിടയിൽ കൂടെയുള്ളവർ മരിച്ചിട്ടുമുണ്ട്. അവരുടെ മയ്യിത്ത് കല്ലുകെട്ടി വെള്ളത്തിലിടും. അന്ത്യകർമങ്ങൾ കപ്പലിൽനിന്ന് ഞങ്ങൾ ചെയ്യും.’’ സിദ്ദീഖ് പറയുന്നു. മാനത്തെ നക്ഷത്രങ്ങളെ നോക്കി ദിക്കറിയാനും കാലാവസ്ഥ പ്രവചിക്കാനും കഴിവുള്ളയാളാണ് സിദ്ദീഖ്. സൂനാമി വരുന്നത് സിദ്ദീഖ് പ്രവചിച്ചിരുന്നതായി പൊന്നാനിക്കാർ പറയുന്നു.
പെരുമയുടെ പത്തേമാരിക്കാലം
സാമൂതിരിയും പോർചുഗീസുകാരും തമ്മിലുള്ള നിരന്തര പോരാട്ടം നടന്ന കാലത്ത്, സാമൂതിരിയുടെ പ്രധാന ശക്തി കുഞ്ഞാലി മരക്കാർമാരുടെ നാവികസേന ആയിരുന്നു. പൊന്നാനി അഴീക്കൽ പ്രദേശത്താണ് അന്ന് മരക്കാർമാർ തമ്പടിച്ചിരുന്നത്. പിന്നീടവർ പൊന്നാനിയിൽനിന്ന് പലായനം ചെയ്തു. എന്നാൽ, അവരിലെ പലരും ഇവിടെത്തന്നെ തുടർന്നു. കടൽ വഴിയുള്ള ചരക്ക് കൈമാറ്റമാണ് അവർ തൊഴിലാക്കിയത്. സമീപ പ്രദേശങ്ങളിലേക്കും തീരങ്ങളിലേക്കും ചരക്കുനീക്കം വ്യാപിച്ചതോടെ മലബാറിലെ പ്രധാന വ്യാപാരകേന്ദ്രമായി പൊന്നാനി മാറി. അരി, പഞ്ചസാര, ഉപ്പ്, സുഗന്ധ വ്യഞ്ജനങ്ങൾ, മത്സ്യം, മരത്തടികൾ, കയർ, കൊപ്ര, ഓട്, മരച്ചീനി എന്നിവയായിരുന്നു പ്രധാനമായും കൈമാറിയിരുന്നത്.
‘‘100 മുതൽ 200 ടൺ ഭാരമുള്ള പത്തേമാരികൾ ഇവിടെയുണ്ടായിരുന്നു. എം.സി മുതലാളിയുടെ സുബൈർ എന്ന പത്തേമാരി ആണ് പൊന്നാനി തുറമുഖത്തുണ്ടായിരുന്ന ഏറ്റവുംവലിയ പത്തേമാരി. 80 ടൺ ഭാരമുള്ള ‘നമ്പർ 19’ പത്തേമാരിയാണ് ചെറുത്. കുഞ്ഞമ്പാവയുടെതായിരുന്നു അത്. 300 മുതൽ 500 ടൺ വരെ ചരക്കുകൾ കയറ്റാവുന്ന തരത്തിലാണ് പത്തേമാരികൾ നിർമിച്ചിരുന്നത്. നൂറിലേറെ പത്തേമാരികൾ പൊന്നാനി തുറമുഖത്തുണ്ടായിരുന്നു. മലപ്പുറം ജില്ലയുടെ ഇതര തീരപ്രദേശങ്ങളിലെല്ലാം മത്സ്യബന്ധനമാണ് മുഖ്യതൊഴിൽ. എന്നാൽ, അഴീക്കൽ ഗ്രാമത്തിലെ എല്ലാ ആണുങ്ങളും പത്തേമാരി പണിക്കാരായിരുന്നു. ഭാഷ, വസ്ത്രധാരണം, സംസ്കാരം, ആചാരങ്ങൾ എന്നിവയിലെല്ലാം ഇൗ പ്രദേശത്തുകാർ വേറിട്ട് നിന്നിരുന്നു. 1970കളുടെ അവസാനംവരെ കാറ്റിനെ മാത്രം ആശ്രയിച്ചാണ് പത്തേമാരികൾ സഞ്ചരിച്ചിരുന്നത്. പിന്നീട് യന്ത്രം കടന്നുവന്നു. കാറ്റ് അനുകൂലമാണെങ്കില് രണ്ടുമുതൽ അഞ്ചുദിവസം കൊണ്ട് വരെ ബോംബെയിൽ എത്തിയ അനുഭവമുണ്ട്. കാലാവസ്ഥ എതിരായാൽ ചിലപ്പോൾ ഒരുമാസമെടുക്കും. 15 ദിവസത്തിനുള്ള ഭക്ഷണവുമായാണ് പത്തേമാരി യാത്ര. കണക്ക് പിഴച്ചാൽ, വഴിയിൽ കാണുന്ന മറ്റ് പത്തേമാരികളിൽനിന്ന് വാങ്ങും. ചില പത്തേമാരികള് കൊടുങ്കാറ്റില് പാറിപ്പോയതായി വരെ കേട്ടിട്ടുണ്ട്. ഏത് യാത്രയിലും ഒരാളെങ്കിലും മരണത്തിന് കീഴടങ്ങും. അങ്ങനെ എത്രയോ പേർ. തിരിച്ചുവരുമെന്ന് ഒരുറപ്പുമില്ലാതെയാണ് ഒാരോ യാത്രയും. നൂറ്റാണ്ടുകളുടെ വ്യാപാര പാരമ്പര്യമുള്ള പൊന്നാനി തുറമുഖത്ത് വൻതോതിലുള്ള കയറ്റിറക്കുമതി നടന്നിരുന്നു. 1970കളുടെ പകുതിവരെ പത്തേമാരികൾ വന്നടുക്കുകയും ചരക്കുകളുടെ കയറ്റിറക്ക് നടക്കുകയും ചെയ്തിരുന്നു. പിന്നീട്, റോഡ്, റെയിൽ, വ്യോമ ഗതാഗതം ശക്തിപ്പെട്ടതോടെ പത്തേമാരികൾ തുറമുഖത്ത് പണിയില്ലാതെ കിടന്നു. പതിയെ പലതും അപ്രത്യക്ഷമായി. അതിനെ ആശ്രയിച്ച് കഴിഞ്ഞവർ മറ്റു തൊഴിലുകൾ അന്വേഷിച്ചുപോയി. പത്തേമാരിക്കാലത്തിനൊപ്പം ഒരു സംസ്കാരവും അതോടെ അസ്തമിച്ചു.
ഇവിടെനിന്ന് ബോംബെക്ക് ചരക്ക് കയറ്റി പോയി തിരിച്ചുവരുന്നതിനെയാണ് ഒരു ‘വലി’ എന്ന് പറയുക. ഒരു പത്തേമാരി വർഷത്തിൽ ശരാശരി ആറ് വലികൾ നടത്തും. ഇതിനിടയിൽ അടുത്ത പ്രദേശങ്ങളിലേക്കുള്ള ചരക്കുനീക്കത്തെ ഇടവലി എന്നും പറയും. ഒരു വലിക്ക് കിട്ടുന്ന വരുമാനത്തിലെ പകുതിയും ഉടമക്ക് ആണ്. ബാക്കി 50 ശതമാനത്തിൽ രണ്ട് ഒാഹരി സ്രാങ്കിനാണ്. ബാക്കിയുള്ളത് തൊഴിലാളികൾക്ക് വീതിച്ചുനൽകും. പത്തേമാരി തൊഴിലാളികൾ തന്നെയാണ് ചരക്കു കയറ്റുന്നതും ഇറക്കുന്നതും. 35 മീറ്റർ ഉയരമുള്ള പരിമാനും 25 മീറ്റർ നീളമുള്ള കൊമ്പും കെട്ടുന്നത് ഇവരാണ്. കൊടിമരത്തിൽ സ്ഥാപിച്ചകൂറ്റൻ പായ കാറ്റിനനുസരിച്ച് തിരിച്ചും മറിച്ചും കെട്ടൽ ശ്രമകരമായ ജോലിയായിരുന്നു. കാറ്റിെൻറ ശക്തിയെ മുറിച്ചുമാറ്റിയാണ് പായ എതിർദിശയിലേക്ക് മാറ്റിക്കെട്ടേണ്ടിയിരുന്നത്. ഈ സമയത്ത് അപകടം പതിവായിരുന്നു. പരിമാെൻറ മുകളിൽനിന്ന് വീണോ, കാറ്റിൽ തകർന്നിേട്ടാ മറ്റോ കൊല്ലംതോറും അഞ്ചോ ആറോ ആളുകൾ മരണപ്പെടും. 1930കളിലും ’40കളിലും പല പത്തേമാരികളും കടലിൽ തകർന്നിട്ടുണ്ട്. കടലിൽ മാസങ്ങളോളം ഉപ്പുവെള്ളം മാത്രം കുടിച്ച് ജീവിച്ചവരുണ്ട്. വിദൂര നാടുകളിലേക്ക് ദിശ തെറ്റിയെത്തി വർഷങ്ങൾക്കുശേഷം തിരിച്ചുവന്നവരുമുണ്ട്. ദുൽദുലിലും വിജയമാലയിലും അപ്രത്യക്ഷരായവരുടെ മക്കൾ മുത്തശ്ശിമാരായിട്ടുണ്ട് ഇന്ന്. പലരും മരിച്ചു. കാണാതായവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം അനുവദിച്ചിരുന്നു അക്കാലത്ത്. 2000 രൂപ അനുവദിച്ചെങ്കിലും 1700 രൂപ മാത്രമാണ് കിട്ടിയത്. ബാക്കി 300 എവിടെപ്പോയി എന്നത് അന്ന് വലിയ വിവാദവും ചർച്ചയും ഒക്കെ ആയിരുന്നു. ’’ ഉമ്മർകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
