പ്രത്യാശയുടെ കുടക്കീഴിൽ അവർ സ്വപ്നങ്ങൾ നിവർത്തുന്നു; ‘ബെയ്‌ലി’യിൽ ജീവിതപാലം കടക്കാൻ ഒരുപറ്റം വനിതകള്‍
text_fieldsചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ അതിജീവിച്ചവർക്കായി ജില്ലാ ഭരണകൂടം ഒരുക്കിയ അതിജീവന മാർഗ്ഗമായ ബെയ്‌ലി കുട, ബാഗ് നിർമ്മാണ യൂണിറ്റിൽ നിർമ്മിച്ച ബാഗുകളും കുടകളും കളക്ട്രേറ്റിൽ വിൽപനയ്ക്ക് വെച്ചപ്പോൾ കുട്ടികൾക്കുള്ള കുടകൾ വാങ്ങുന്ന ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ
കൽപറ്റ: 2024 ജൂലൈ 30ന് ഉണ്ടായ ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞത് ഒരു പ്രദേശത്ത് അധിവസിക്കുന്ന മുഴവൻ ജനങ്ങളുടെയും സ്വപ്‌നങ്ങളാണ്. നാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച മുണ്ടക്കൈയിലെ ഒരുപറ്റം വനിതകള്‍ പ്രത്യാശയുടെ കുട വിരിയിക്കുകയാണ് ബെയ്‌ലി ചെറുകിട സംരംഭത്തിലൂടെ. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെടുകയും പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തിടത്ത് നിന്നാണ് ഈ ഉയർത്തെഴുന്നേൽപിന്റെ വിജയഗാഥ രചിക്കുന്നത്.
എല്ലാം നഷ്ടമായി നിസ്സഹായരായി നിന്നവര്‍ ബെയ്‌ലി സംരംഭത്തിലൂടെ അതിജീവനപാതയിലാണ്. മഴക്കുടകളും ബാഗുകളും നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് ഒരു കൂട്ടം വനിതകൾ. ദുരന്ത സമയത്ത് മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളെ ബന്ധിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന്റെ പേര് തന്നെ അവർ സംരംഭത്തിനായി കടമെടുത്തു.
ചൂരല്‍മലയിലെ വനിതകള്‍ക്ക് മുമ്പില്‍ കുട നിര്‍മാണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് കുടുംബശ്രീ ജില്ല മിഷനാണ്. ആശയത്തിന് താത്പര്യം പ്രകടിപ്പിച്ചവര്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം കുടനിർമാണത്തില്‍ പരിശീലനം നല്‍കി. പരിശീലന ക്ലാസുകളിലൂടെ ലഭിച്ച അറിവും ചോരാത്ത ആത്മധൈര്യവും സംരംഭമെന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ഇവര്‍ക്ക് സഹായമായി. ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, കുടുംബശ്രീ ജില്ല മിഷന്‍, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത ഇടപെടലുകളാലാണ് യൂനിറ്റുകളിലേക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിയത്.
കൽപറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ബെയ്‌ലി ബാഗ് യൂനിറ്റിന് ആദ്യമായി വിപണന സാധ്യത തുറന്നത്. കുട നിർമിക്കാന്‍ ആവശ്യമായ 390 ഓളം അസംസ്‌കൃത വസ്തുക്കള്‍ നല്‍കിയതും ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലാണെന്ന് സംരംഭക റംലത്ത് വ്യക്തമാക്കി.
നിലവില്‍ റിപ്പണ്‍, മേപ്പാടി കേന്ദ്രീകരിച്ച് കുടനിര്‍മാണവും ബാഗ് നിര്‍മാണവും വ്യത്യസ്ത യൂനിറ്റുകളായി നടക്കുന്നുണ്ട്. കുട നിര്‍മാണ യൂനിറ്റില്‍ നിലവില്‍ എട്ടുപേരും ബാഗ് നിര്‍മാണ യൂനിറ്റില്‍ 26 പേരുമാണുള്ളത്. സഹായങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും പലപ്പോഴും കെട്ടിട വാടക, മറ്റ് ആവശ്യങ്ങള്‍ക്കായി പണം തികയാതെ വരുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് പണം കണ്ടെത്തേണ്ട അവസ്ഥയും ഇവര്‍ നേരിടുന്നുണ്ട്.
കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും അനുവദിച്ച വായ്പ ആശ്വാസമാണ്. മികച്ച രീതിയില്‍ കച്ചവടം നടന്നാല്‍ മാത്രമേ ഇവരുടെ മുന്നോട്ടുള്ള അതിജീവനത്തിന് കരുത്താവുകയുള്ളു. ഇതുവരെയുള്ള കച്ചവടത്തില്‍ നിന്നും വിറ്റുവരവ് ഇനത്തില്‍ കൂലിയായി എടുക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്ത് ഉയര്‍ന്നു വരാന്‍ സാധിക്കുമെന്ന് ഇവർ പ്രതീക്ഷയുണ്ട്. കലക്ടറേറ്റിൽ അന്വേഷണ കൗണ്ടറിന് സമീപം ബെയ്‍ലി ബാഗുകളും കുടകളും കുറഞ്ഞ വിലയിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

